- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരാഗ് അഗർവാൾ ട്വിറ്റർ സിഇഒ സ്ഥാനത്ത് നിന്ന് തെറിച്ചേക്കും; ഇന്ത്യൻ വംശജയായ ട്വിറ്റർ നിയമകാര്യ മേധാവി വിജയ ഗഡെയെയും ഒഴിവാക്കാൻ മസ്ക്കിന്റെ ആലോചന; എലോൺ മസ്ക്ക് ഏറ്റെടുത്തതിന് പിന്നാലെ ജോലി പോകുമെന്ന ആശങ്കയിൽ ട്വിറ്റർ ജീവനക്കാർ
ന്യൂയോർക്ക്: ട്വിറ്റർ സിഇഒ സ്ഥാനത്ത് നിന്ന് ഇന്ത്യക്കാരനായ പരാഗ് അഗ്രവാളിനെ ടെസ്ല സിഇഒ ഇലോൺ മസ്‌ക് മാറ്റിയേക്കുമെന്ന് റിപ്പോർട്ട്. പുതിയ സിഇഒയെ ഇതിനോടകം തന്നെ തീരുമാനിച്ചതായാണ് പുറത്തുവരുന്ന വിവരം. ട്വിറ്റർ ഏറ്റെടുക്കൽ പൂർത്തിയാവുന്ന മുറയ്ക്ക് പുതിയ സിഇഒ ചുമതല ഏറ്റെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. 4400 കോടി ഡോളറിനാണ് മസ്‌ക് ട്വിറ്റർ വാങ്ങിയത്. ഇതിന് പിന്നാലെ പരാഗ് അഗ്രവാളിനെ മാറ്റുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ഈ വർഷം അവസാനത്തോടെ ട്വിറ്റർ ഏറ്റെടുക്കൽ പൂർത്തിയാവും. അതുവരെ സിഇഒയായി തുടരാൻ പരാഗ് അഗ്രവാളിനെ അനുവദിക്കുമെന്നാണ് റിപ്പോർട്ടുകൾ. നിലവിലെ മാനേജ്മെന്റിൽ സംതൃപ്തിയില്ലെന്ന് മസ്‌ക് ട്വിറ്റർ ചെയർമാൻ ബ്രെറ്റ് ടെയ്ലറോട് പറഞ്ഞതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. മാനേജ്മെന്റ് തലത്തിൽ മസ്‌ക് പുനഃസംഘടന ആഗ്രഹിക്കുന്നതായി സൂചനയും നൽകി.
നവംബറിലാണ് ജാക്ക് ഡോർസിയുടെ ഒഴിവിൽ പരാഗ് അഗ്രവാൾ സിഇഒ സ്ഥാനം ഏറ്റെടുത്തത്. പരാഗ് അഗ്രവാളിനെ മാറ്റുമ്പോൾ പാക്കേജായി 4.3 കോടി ഡോളർ മസ്‌ക് നൽകുമെന്നാണ് റിപ്പോർട്ടുകൾ. ട്വിറ്റർ നിയമകാര്യ മേധാവി വിജയ ഗഡെയെയും ഒഴിവാക്കാൻ മസ്‌ക് ആലോചിക്കുന്നുണ്ട്. 1.2 കോടി ഡോളർ പാക്കേജ് നൽകി വിജയ ഗഡെയെ ഒഴിവാക്കാനാണ് പദ്ധതി. ഏറ്റവുമധികം ശമ്പളം വാങ്ങുന്നവരിൽ ഒരാളാണ് വിജയ് ഗഡെ.
37-ാം വയസ്സിലാണ് ട്വിറ്റർ എന്ന ആഗോള കമ്പനിയുടെ തലപ്പത്ത് പരാഗ് അഗർവാൾ എത്തിയത്. പരാഗിന്റെ വളർച്ചയുടെ പിന്നിൽ കഠിനാധ്വാനത്തിന്റെ കല്ലും മുള്ളും നിറഞ്ഞ ഒട്ടേറെ വഴികളുണ്ട്. ഉറച്ച നിശ്്ചയദാർഢ്യമാണ് പരാഗിനെ ട്വിറ്റർ സിഇഒയുടെ കസേരയിൽ എത്തിച്ചത്. 2001-ൽ തുർക്കിയിൽ നടന്ന ഇന്റർനാഷണൽ ഫിസിക്‌സ് ഒളിമ്പ്യാഡിൽ സ്വർണമെഡൽ നേടി. 2005-ൽ മുംബൈയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിലും എഞ്ചിനീയറിങ്ങിലും ബിരുദം. പിന്നീട് അമേരിക്കയിലേക്ക് പോയ പരാഗ് സ്റ്റാംഫോർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ഡോക്ടറേറ്റ് നേടി. യാഹൂവിൽ ഗവേഷകനായി പ്രവർത്തിച്ചു.
2011ലാണ് പരാഗ് ട്വിറ്ററിലെത്തുന്നത്. വെറുമൊരു എഞ്ചിനീയറായിട്ടായിരുന്നു തുടക്കം. ആറു വർഷത്തിന് ശേഷം ചീഫ് ടെക്‌നോളജി ഓഫീസറായി സ്ഥാനക്കയറ്റം ലഭിച്ചത് അദ്ദേഹത്തിന്റെ കഴിവിലുള്ള കമ്പനിയുടെ വിശ്വാസത്തിലായിരുന്നു. ശേഷം മെഷീൻ ലേണിങ്ങിലെ പുരോഗതിയുടെ മേൽനോട്ടം ഉൾപ്പെടെ കമ്പനിയുടെ സാങ്കേതിക തന്ത്രങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി.
7.5 കോടി രൂപയാണ് ട്വിറ്റർ വാർഷിക ശമ്പളമായി പരാഗിന് ഓഫർ. ബോണസ് കൂടി കൂട്ടിച്ചേർക്കുമ്പോൾ ശമ്പളം ഇനിയും ഉയരും. ഡോക്ടറും സ്റ്റാൻഫോർഡ് മെഡിസിനിൽ ക്ലിനിക്കൽ പ്രൊഫസറുമായ വിനീത അഗർവാളയാണ് ഭാര്യ. അൻഷ് എന്നു പേരുള്ള ഒരു മകനുണ്ട്. ഇന്ത്യൻ ഡിപാർട്‌മെന്റ് ഓഫ് അറ്റോമിക് എനർജിയിലെ ഉയർന്ന ഉദ്യോഗസ്ഥാനയ അച്ഛനും സ്‌കൂൾ അദ്ധ്യാപികയായ അമ്മയുമായിരുന്നു പരാഗിന്റെ വഴികാട്ടികൾ. അച്ഛനെപ്പോലെ പ്രൊഫഷണൽ ജീവിതത്തിൽ ഉന്നതിയിലെത്തണമെന്ന് കുട്ടിക്കാലം മുതലേ മനസ്സിലുണ്ടായിരുന്നു. മുംബൈയിൽ ജനിച്ച പരാഗ് അറ്റോമിക് എനർജി സെൻട്രൽ സ്‌കൂളിലാണ് വിദ്യാഭ്യാസം ആരംഭിച്ചത്. അന്ന് ഗായിക ശ്രേയ ഘോഷൽ സഹപാഠിയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ