കോഴിക്കോട്: മൂന്ന് മക്കളുമായി തൊട്ടടുത്ത മുറിയിൽ താമസിച്ചിരുന്ന വ്യക്തിക്കൊപ്പം ഒളിച്ചോടിയ ഇതര സംസ്്ഥാന തൊഴിലാളിയുടെ ഭാര്യയെയും കാമുകനെയും മക്കളെയും കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ നിന്നും കണ്ടെത്തി. ഇന്ന് രാവിലെ 11 മണിയോടെയാണ് കോഴിക്കോട് താമരശ്ശേരി ചുടലമുക്കിലെ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന മധ്യപ്രദേശിൽ നിന്നുള്ള തൊഴിലാളി റഹീമിന്റെ ഭാര്യ കാജൾ മൂന്ന് മക്കളുമായി തൊട്ടടുത്ത മുറയിൽ താമസിക്കുന്ന യുപി സ്വദേശി ഹസീമിനൊപ്പം ഒളിച്ചോടിയത്.

ഭാര്യയെയും മക്കളെയും കാണാനില്ലെന്ന് കാണിച്ച് റഹീം ഉടൻ തന്നെ പൊലീസിൽ പരാതി നൽകുകയും ചെയ്തു. അടുത്ത മുറിയിൽ താമസിച്ചിരുന്ന ഹസീമിനെയും കാണാനില്ലെന്ന വിവരം പൊലീസിൽ അറിയിച്ചിരുന്നു. തുടർന്ന് സമൂഹമാധ്യമങ്ങൾ വഴി ഇരുവരുടെയും ചിത്രങ്ങളും പ്രചരിച്ചു. ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും വിവരം കൈമാറുകയും റെയിൽവെ സ്റ്റേഷനുകളും ബസ്റ്റാന്റുകളും കേന്ദ്രീകരിച്ച് പരിശോധന നടത്തുകയും ചെയ്യുന്നതിനിടയിൽ ഇരുവരെയും മക്കൾക്കൊപ്പം കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ വെച്ച് കണ്ടെത്തുകയായിരുന്നു.

കാജളിനെയും മൂന്ന് മക്കളെയും കൊണ്ട് യുപിയിലേക്ക് പോകാനുള്ള ശ്രമത്തിനിടയിലാണ് റെയിൽവെ സ്റ്റേഷനിൽ നിന്നും അവരെ പൊലീസ് കണ്ടെത്തിയത്. റെയിൽവെ സ്റ്റേഷനിൽ നിന്നും ഹസീമിനെയും കാജളിനെയും താമരശ്ശേരി പൊലീസ് സ്റ്റേഷനിൽ എത്തിച്ചതിന് ശേഷം കാജളിനെയും മക്കളെയും കോഴിക്കോട് വെള്ളിമാട് കുന്നിലുള്ള സർക്കാർ സംരക്ഷണ കേന്ദ്രത്തിലേക്കും ഹസീമിനെ സഹോദരനൊപ്പവും പറഞ്ഞയച്ചു.

ഹസീമിനോട് നാളെ രാവിലെ പത്ത് മണിക്ക് വെള്ളിമാട് കുന്നിലുള്ള സർക്കാർ കേന്ദ്രത്തിൽ ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്. കാമുകനൊപ്പം പോകണമെന്നാണ് കാജൾ അറിയിച്ചിട്ടുള്ളത്. ഭാര്യയെ ഇനി തനിക്ക് വേണ്ടെന്നും മക്കളെ വിട്ടുനൽകണമെന്നും റഹീം വ്യക്തമാക്കിയിട്ടുണ്ട്.. നാളെ രാവിലെ പത്ത് മണിക്ക് എല്ലാവരോടും വെള്ളിമാട്കുന്നിലുള്ള കേന്ദ്രത്തിലെത്താൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.