ന്ത്യയെ നാണം കെടുത്തുന്നതിനാണോ നയതന്ത്ര പ്രതിനിധികൾ ശ്രമിക്കേണ്ടത്? ഇന്ത്യയിൽനിന്നുള്ള ഡിപ്ലോമാറ്റുകൾ കോടിക്കണക്കിന് രൂപയുടെ ബില്ലടയ്ക്കാനുണ്ടെന്ന് ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ബോറിസ് ജോൺസൺ പാർലമെന്റിനെ അറിയിച്ചു. ഇ്‌കൊല്ലം ട്രാൻസ്‌പോർട്ട് ഫോർ ലണ്ടൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം 44 ലക്ഷം പൗണ്ടാണ് ഇന്ത്യൻ ഡിപ്ലോമാറ്റുകൾ 2003 മുതൽ കൊടുത്തുതീർക്കാനുള്ളത്.

ഇങ്ങനെ പണം കൊടുത്തുതീർക്കാനുള്ളതിൽ ഇന്ത്യ മാത്രമല്ല ഉള്ളതെന്ന് വേണമെങ്കിൽ ആശ്വസിക്കാം. അമേരിക്ക ഒരു കോടി പൗണ്ടാണ് ബ്രിട്ടന് നൽകാനുള്ളത്. പിന്നാലെ ജപ്പാനും നൈജീരിയയും റഷ്യയുമുണ്ട്. ഇത്തരത്തിൽ വിവിധ രാജ്യങ്ങളിൽനിന്നായി ബ്രിട്ടന് ലഭിക്കാനുള്ള ആകെ തുക 9.7 കോടി പൗണ്ടാണെന്നും ടിഎഫ്എല്ലിന്റെ കണക്കിൽ പറയുന്നു.

നയതന്ത്ര പരിരക്ഷയുള്ളതുകൊണ്ടുമാത്രം പല നയതന്ത്ര പ്രതിനിധികളും എംബസ്സി ഉദ്യോഗസ്ഥരും നിയമനടപടിയിൽനിന്ന് രക്ഷപ്പെടുകയാണെന്നും ബോറിസ് ജോൺസൺ പാർലമെന്റിൽ പറഞ്ഞു. വിവിധ രാജ്യങ്ങളിലെ നയതന്ത്ര ഓഫീസുകളിൽനിന്ന് ലഭിക്കാനുള്ള പണം എത്രയും വേഗം ഈടാക്കാൻ ശ്രമിക്കുമെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.

ലണ്ടനിൽ വാഹനമോടിക്കുന്നതിനും മറ്റുമായി നൽകേണ്ട തുകയാണ് ഇതിലേറെയും. എന്നാൽ, ഇത്തരത്തിലുള്ള ബില്ലുകളൊന്നും നൽകാനില്ലെന്നാണ് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ നിരന്തരം വ്യക്താമാക്കിയിരുന്നത്. തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ചവരെയുള്ള ദിവസങ്ങളിൽ സെൻട്രൽ ലണ്ടനിൽ വാഹമോടിക്കുന്നതിനാണ് പ്രത്യേക ചാർജ് നൽകേണ്ടിവരുന്നത്.

ലണ്ടനിലെ വാഹനത്തിരക്ക് നിയന്ത്രിക്കുന്നതിന് 2003-ലാണ് കൺജഷൻ ചാർജ് കൊണ്ടുവന്നത്. തിരക്കേറിയ സമയത്ത് കൺജഷൻ സോണിൽ വാഹനം പ്രവേശിക്കണമെങ്കിൽ പ്രതിദിനം 11.50 പൗണ്ടാണ് നൽകേണ്ടത്. ഈ തുക നൽകാതിരുന്നാൽ 130 പൗണ്ട് പിഴ വേറെയും അടയ്ക്കണം.

എന്നാൽ, എംബസ്സി വാഹനങ്ങൾക്ക് ഈ നിയന്ത്രണം ബാധകമല്ലെന്നാണ് ഇന്ത്യൻ ഹൈക്കമ്മീഷന്റെ നിലപാട്. വിയന്ന കൺവെൻഷന് എതിരാണ് ഇത്തരം ചാർജ് ഈടാക്കലുകളെന്നും ഹൈക്കമമീഷൻ വാദിക്കുന്നു. ബ്രിട്ടനിലുള്ള മറ്റ് എംബസ്സികളും ഇത്തരം കൺജഷൻ ചാർജുകൾ നൽകുന്നില്ലെന്ന് ഇന്ത്യ വാദിക്കുന്നു.