മാലെ: മാലിദ്വീപിൽ അടിയന്തിരാവസ്ഥ. സുപ്രീം കോടതി ചീഫ് ജസ്റ്റിനെ അറസ്റ്റ് ചെയ്തു. ഇദ്ദേഹം ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. 

രാഷ്ട്രീയത്തടവുകാരെ വിട്ടയക്കാനുള്ള സുപ്രീംകോടതി ഉത്തരവിനെത്തുടർന്ന് സർക്കാരും കോടതിയും തമ്മിൽ തർക്കം രൂക്ഷമായതോടെയണ് പ്രസിഡന്റ് അബ്ദുള്ള യാമീൻ മാലിദ്വീപിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്.

15 ദിവസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച യാമിൻ ഇന്ന് രാവിലെ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഇന്ന് രാവിലെ അറസ്റ്റ് ചെയ്യുകയായിരുന്നു. അദ്ദേഹം ഇപ്പോൾ പൊലീസ് കസ്റ്രഡിയിലാണ്. അടിയന്തരാവസ്ഥയേർപ്പെടുത്തുന്ന വിവരം നിയമവകുപ്പുമന്ത്രി അസിമാ ഷുക്കൂറാണ് ഔദ്യോഗിക ടെലിവിഷനിലൂടെ അറിയിച്ചത്.

മുൻ പ്രസിഡന്റ് മുഹമ്മദ് നഷീദ് ഉൾപ്പെടെയുള്ള രാഷ്ട്രീയത്തടവുകാരെ വിട്ടയക്കണമെന്ന സുപ്രീംകോടതി വിധിയെത്തുടർന്നാണ് മാലദ്വീപിൽ പ്രതിസന്ധി ഉടലെടുത്തത്. വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് യാമീൻ സുപ്രീംകോടതി ജഡ്ജിമാർക്ക് മൂന്നുകത്തുകൾ അയച്ചതിന് തൊട്ടുപിന്നാലെയാണ് അടിയന്തരാവസ്ഥാ പ്രഖ്യാപനമെത്തുന്നത്.

അടിയന്തരാവസ്ഥ നിലവിൽവരുന്നതോടെ സംശയംതോന്നുന്ന ആരെയും അറസ്റ്റുചെയ്യാനും തടവിൽവയ്ക്കാനുമുള്ള പൂർണ അധികാരം പൊലീസിനും സൈന്യത്തിനും ലഭിക്കും. ഈ പഴുതുപയോഗിച്ചാണ് അദ്ദേഹം സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെ അറസ്റ്റ് ചെയ്തത്.

ഇത് രണ്ടാംതവണയാണ് പ്രസിഡന്റ് അബ്ദുള്ള യാമീൻ മാലദ്വീപിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. ഇതിനുമുൻപ് 2015-ൽ യാമീനുനേരേ വധശ്രമമുണ്ടായപ്പോഴും യാമീൻ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

അടിയന്തിരാവസ്ഥ നിലവിൽ വന്നാൽ അക്കാര്യം രണ്ട് ദിവസത്തിനകം പ്രസിഡന്റ് പാർലമെന്റിനെ അറിയിക്കണം. എന്നാൽ, പ്രസിഡന്റിനെതിരായ ഇംപീച്ച്മെന്റ് നീക്കം തടയാൻ പാർലമെന്റ് അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്.

ഫെബ്രുവരി ഒന്നിനാണ് മുഹമ്മദ് നഷീദിനെയും ഒമ്പത് പ്രതിപക്ഷനേതാക്കളെയും ഉടനടി വിട്ടയക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടത്.

അതേസമയം, കോടതിയുത്തരവ് നടപ്പാക്കില്ലെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ് സർക്കാർ. ഭീകരവാദം, അഴിമതി, രാജ്യദ്രോഹം എന്നീ കുറ്റങ്ങളിൽ ശിക്ഷിക്കപ്പെട്ടവരെ മോചിപ്പിക്കുന്നതിൽ ആശങ്കയുള്ളതിനാലാണ് ഉത്തരവ് നടപ്പാക്കാത്തതെന്ന് നിയമവകുപ്പുമന്ത്രി അസിമാ ഷാക്കൂർ പറഞ്ഞു.

മാലദ്വീപിലേക്ക് പോകരുതെന്ന് ഇന്ത്യക്കാർക്ക് വിദേശമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

ന്യൂഡൽഹി: മാലദ്വീപിൽ നിലവിലെ അനിശ്ചിത സാഹചര്യം കണക്കിലെടുത്ത് അവിടേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യക്കാർക്ക് വിദേശമന്ത്രാലയം മുന്നറിയിപ്പ് നൽകി.

മാലദ്വീപിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ചൈനയും തങ്ങളുടെ പൗരന്മാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വസന്തകാല ഉത്സവത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ ചൈനീസ് വിദേശസഞ്ചാരികൾ ഈസമയം മാലദ്വീപിനെ വിനോദസഞ്ചാരത്തിനായി തിരഞ്ഞെടുക്കാറുണ്ട്.

എന്നാൽ, അവിടെ രാഷ്ട്രീയപ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ വിനോദസഞ്ചാരികൾ ജാഗ്രതപുലർത്തണമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ജെങ് ഷുവാങ് പറഞ്ഞു.