കൊച്ചി : ഐഎസ്ആർഒ ചാരക്കേസിലെ 12 ാം പ്രതിയായ മുൻ ഐബി ഉദ്യോഗസ്ഥനെ യാത്രാ വിലക്കിനെ തുടർന്ന് കൊച്ചി വിമാനത്താവളത്തിൽ തടഞ്ഞുവെച്ചു. മുൻ ഐബി അസിസ്റ്റന്റ് ഡയറക്ടർ കെ.വി. തോമസിനെയാണ് തടഞ്ഞത്. തോമസിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് ഉണ്ടായിരുന്നു.

വിമാനത്താവളത്തിൽ എമിഗ്രേഷൻ കൗണ്ടറിലെ ഉദ്യോഗസ്ഥർ കെ.വി. തോമസിനെ തിരിച്ചറിഞ്ഞ് തടഞ്ഞുവെയ്ക്കുകയും പിന്നീട് വീട്ടിലേക്ക് തിരിച്ചയയ്ക്കുകയുമായിരുന്നു. വിമാനത്താവളത്തിലെത്തി മറ്റുനടപടികൾ പൂർത്തിയാക്കി എമിഗ്രേഷൻ കൗണ്ടറിൽ എത്തിയപ്പോഴാണ് തടഞ്ഞുവച്ചതെന്ന് അദ്ദേഹം പറഞ്ഞു. ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച വിവരം അറിയിക്കാതിരുന്നത് ഗുരുതരമായ തെറ്റാണെന്ന് അദ്ദേഹം ആരോപിച്ചു. ലണ്ടനിലുള്ള മകളെ കാണാൻ പോകാനായി മൂന്ന് ലക്ഷം രൂപ മുടക്കിയാണ് തനിക്കും ഭാര്യക്കും ടിക്കറ്റെടുത്തത്. മാനസികമായി പീഡനം അനുഭവിക്കേണ്ടിവന്ന അവസ്ഥയാണ്. ചാരക്കേസിന്റെ പേരിൽ തന്നെ 1994 മുതൽ വേട്ടയാടുകയാണ്.

കേസിൽ തനിക്ക് ഒരു പങ്കുമില്ലെന്ന് സിബിഐ തന്നെ മുൻപ് പറഞ്ഞിട്ടുണ്ട്. സിബിഐ ചാർജ് ഷീറ്റ് നൽകാതെ തന്നെ ഉപദ്രവിക്കുകയാണെന്നും രാജ്യസ്‌നേഹിയായ തനിക്ക് സ്വാതന്ത്ര്യദിനത്തിൽ സിബിഐ നൽകിയ സമ്മാനമാണിതെന്നും അദ്ദേഹം വിമർശനമുന്നയിച്ചു. മാസങ്ങൾക്ക് മുൻപേ തയ്യാറെടുപ്പ് നടത്തിയതാണ് യാത്രയ്ക്ക് വേണ്ടിയെന്നും അദ്ദേഹം പറഞ്ഞു.

കേസിലെ അന്വേഷണ പുരോഗതി അറിയിക്കുകയോ അതേക്കുറിച്ച് യാതൊരു വിവരവും നൽകിയിട്ടില്ല.. ഇക്കാര്യങ്ങളെല്ലാം സൂചിപ്പിച്ച് ഹൈക്കോടതിയെ സമീപിക്കുമെന്നും കെ വി തോമസ് അറിയിച്ചു.