തിരുവനന്തപുരം: നഗരത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രിയായ കോസ്‌മോപൊളിറ്റനിലെ ഡോക്ടർമാർ ഒഴികെയുള്ള മുഴുവൻ ജീവനക്കാരും നാളെ മുതൽ പണിമുടക്ക് സമരത്തിലേക്ക്.സർക്കാർ പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ചു ഉള്ള ശമ്പള പരിഷ്‌കരണം മുൻകാലങ്ങളിൽ നിലനിന്നിരുന്ന അനുകൂല്യങ്ങളോടൊപ്പം നടപ്പാക്കത്തിൽ പ്രതിഷേധിച്ചു ആണ് കോസ്‌മോ ആശുപത്രിയിലെ നഴ്‌സുമാർ അടക്കമുള്ള മുഴുവൻ ജീവനക്കാരും സംയുക്ത സമരസമിതിയുടെ നേത്യതുവത്തിൽ നാളെ മുതൽ പണിമുടക്ക് ആരംഭിക്കുന്നത്.

ആശുപത്രി ജീവനക്കാർക്ക് നൽകാമെന്ന് ഉറപ്പ് നൽകി കരാറിലേർപ്പെട്ട ഒരു ആനുകല്യങ്ങളും നൽകാതെ വ്യവസ്ഥ തെറ്റിച്ചതിനെ തുടർന്നാണ് ജീവനക്കാർ സമരത്തിലേക്ക് പോകുന്നത്. തൊഴിലാളികളുടെ ആനുകൂല്യങ്ങൾ വെട്ടികുറക്കാൻ ഉള്ള മാനേജ്മന്റ് തീരുമാനം പിൻവലിക്കുന്നത് വരെയും സമരം തുടരാൻ ആണ് സംയുക്ത സമരസമിതിയുടെ തീരുമാനം. സർക്കാർ വിജ്ഞാപനമിറക്കിയിട്ടും അതിൽ പറയുന്ന വ്യവ,സ്ഥകൾ അംഗീകരിക്കാൻ മാനേജ്‌മെന്റ് തയ്യാറാകുന്നില്ലെന്നതാണ് ജീവനക്കാരെ ചൊടിപ്പിക്കുന്നത്.

2013ൽ സുപ്രീം കോടത് വിധിയിൽ നിഷ്‌കർഷിക്കുന്ന ശമ്പളം പോലും നഴ്‌സുമാർ ഉൾപ്പടെ ഒരു ജീവനക്കാർക്കും കോസ്‌മോപൊളിറ്റൻ മാനേജ്‌മെന്റ് പാലിക്കാറില്ല.ഈ സാഹചര്യത്തിലാണ് മുൻപ് ജീവനക്കാരും മാനേജ്‌മെന്റും തമ്മിൽ ചർച്ച നടത്തി ചില തീരുമാനങ്ങൾ കൈക്കൊണ്ടിരുന്നത്. ജീവനക്കാരുടെ പ്രമോഷനും, ഡ്യൂട്ടി ക്രമവും, ഇൻക്രിമെന്റും വർധിപ്പിക്കുന്നതിലും കൃത്യമായി വർഷാ വർഷം ശമ്പള വർധനവ് ഉൾപ്പടെ പരിശോധിക്കുന്നതിനുമാണ് കരാർ ഉണ്ടാക്കിയതെങ്കിലും അത് പാലിക്കാൻ മാനേജ്‌മെന്റ് തയ്യാറായിട്ടില്ല.

2013ൽ കോടതി വിധിച്ച ശമ്പളം പോലും എല്ലാ ജീവനക്കാർക്കും കൃത്യമായി ലഭിക്കാറില്ല.ഇപ്പോൾ സർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്ന ശമ്പളവും അതിന് പുറമെയുള്ള കിടക്കയുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ നൽകേണ്ട തുകയും ചേർത്താൽ ഒരു നഴ്‌സിന് 22500 രൂപ കൊടുക്കണമെന്നിരിക്കെ അത് നൽകാൻ മാനേജ്‌മെന്റ് തയ്യാറല്ല. ഇതിന് പുറമെയാണ് നേരത്തെ ജീവനക്കാരുമായി ഉണ്ടാക്കിയ കരാറിലെ വ്യവസ്ഥകളും മാനേജ്‌മെന്റ് കാറ്റിൽ പറത്തിയതോടെയാണ് സമരമല്ലാതെ മറ്റ് മാർഗമില്ലെന്ന അവസ്ഥയിൽ ജീവനക്കാർ എത്തിയിരിക്കുന്നത്.

ചികിത്സയ്‌ക്കെത്തുന്ന രോഗികളിൽ നിന്നും നഴ്‌സിങ് ഫീസ് ഇനത്തിൽ ദിവസേന വാങ്ങുന്നത് ആയിരകണക്കിന് രൂപയാണ്. ഈ ഇനത്തിൽ ഒരു രോഗിയിൽ നിന്നും വാങ്ങുന്ന പണം മാത്രം മതി ജീവനക്കാർക്ക് ശമ്പളം നൽകാൻ എന്നിരിക്കെയാണ് ആശുപത്രി അധികൃതർ ഇത്തരം നയം വെച്ച് പുലർത്തുന്നത്.അതേ സമയം കോസ്‌മോ പൊളിറ്റൻ മാനേജ്‌മെന്റുമായി സമരസമിതി പ്രതിനിധികൾ ചർച്ച നടത്തിയേക്കും എന്നാണ് സൂചന