- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടയിലേക്ക് വരുന്നവരെ ഭീഷണിപ്പെടുത്തും; ചരക്കിറക്കാൻ ശ്രമിച്ചാൽ ജീവനക്കാർക്ക് അസഭ്യവർഷം; തൊഴിൽ തർക്കത്തിന്റെ പേരിൽ അതിക്രമം; സംഘടന നേതാക്കളുടെ പിടിവാശിക്ക് മുന്നിൽ പിടിച്ചു നിൽക്കാനാവാതെ വ്യാപാര - വ്യവസായ സ്ഥാപനങ്ങൾ സ്തംഭിക്കുന്നു
കോഴിക്കോട്: തൊഴിൽ തർക്കങ്ങളുടെ പേരിൽ തൊഴിലാളി സംഘടനകൾ ഉയർത്തുന്ന ഭീഷണിക്കു മുന്നിൽ പിടിച്ചു നിൽക്കാനാവാതെ സംസ്ഥാനത്തെ വിവിധയിടങ്ങളിൽ വ്യാപാര - വ്യവസായ സ്ഥാപനങ്ങൾ പലതും സ്തംഭിക്കുന്നു.
സിഐടിയു സമരത്തെ തുടർന്നു കണ്ണൂർ പഴയങ്ങാടി മാടായി പോർക്കലി സ്റ്റീൽസ് അടച്ച് മൂന്ന് ദിവസം പിന്നിടുമ്പോഴും കൊടിനാട്ടി സിഐടിയു സമരം തുടരുകയാണ്. കോടതിയെ സമീപിച്ചിട്ടുണ്ടെന്നും മറ്റു വഴികളില്ലെങ്കിൽ കട പൂർണമായി അടയ്ക്കുമെന്നും ഉടമ ടി.വി.മോഹൻലാൽ പറഞ്ഞു.
കോഴിക്കോട് പാലാഴിയിലും മാതമംഗലം മോഡൽ സമരം അരങ്ങേറി. കെട്ടിട നിർമ്മാണ സാധനങ്ങൾ വിൽക്കുന്ന വീനസ് എന്റർപ്രൈസിൽ തൊഴിലാളി സംഘടനകൾ രണ്ട് മാസമായി സമരത്തിലാണ്. സ്വന്തം തൊഴിലാളികളെ ഉപയോഗിച്ച് കയറ്റിറക്ക് നടത്തുന്നതിനെതിരെയാണു സമരം. ഉടമ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടർന്നു കടയ്ക്കു പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു.
മലപ്പുറം സ്വദേശി കോടികൾ മുടക്കി തുടങ്ങിയ മൊത്തകച്ചവട സ്ഥാപനത്തിന് മുന്നിൽ രണ്ട് മാസമായി ചുമട്ട് തൊഴിലാളികൾ കുടിൽകെട്ടി സമരം തുടരുകയാണ്. പൊലീസ് സുരക്ഷയിലാണ് സ്ഥാപനം ഇപ്പോൾ പ്രവർത്തിക്കുന്നത്. സാധനങ്ങൾ വാങ്ങാനെത്തുന്നവരെ സമരക്കാർ ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയാണെന്നും കടയുടമ പരാതിപ്പെടുന്നു.
കാലിക്കറ്റ് സർവകലാശാലയിലെ ഉദ്യോഗസ്ഥനായിരുന്ന മലപ്പുറം സ്വദേശി രമേശൻ മൂന്ന് വർഷം മുൻപാണ് ജോലി രാജി വച്ച് പാലാഴിയിൽ കെട്ടിട നിർമ്മാണ സാധനങ്ങൾ മൊത്തമായി വിൽക്കുന്ന വീനസ് എന്റർപ്രൈസ് തുടങ്ങിയത്. 2018 ൽ ചുമട്ടുതൊഴിലാളികളും കടയുടമയും തമ്മിലുണ്ടാക്കിയ കരാർ പ്രകാരം രണ്ടുവർഷം ഒരു ലോഡിന് അയ്യായിരം രൂപയോളം കൂലി നൽകിയാണ് സാധനങ്ങളിറക്കിയതെന്ന് കടയുടമ പറയുന്നു.
എന്നാൽ അമിത കൂലിയും ചുമട്ട് തൊഴിലാളികളുടെ നിസ്സഹകരണവും കാരണം കരാർ പുതുക്കിയില്ല. കഴിഞ്ഞ ജനുവരിയിൽ ജില്ലാ ലേബർ ഓഫീസർ സ്ഥാപനത്തിലെ ആറ് ജീവനക്കാർക്ക് തൊഴിൽ കാർഡ് അനുവദിച്ചു. ഈ തൊഴിലാളികളെ ഉപയോഗിച്ച് സാധനങ്ങൾ ഇറക്കാൻ തുടങ്ങിയപ്പോൾ ചുമട്ട് തൊഴിലാളികൾ എതിർപ്പുമായെത്തി.
കടയിലേക്ക് വരുന്നവരെ സമരക്കാർ ഭീഷണിപ്പെടുത്തുകയാണെന്നും , ചരക്കിറക്കാൻ ശ്രമിച്ച ജീവനക്കാരെ അസഭ്യം പറഞ്ഞെന്നും ഭീഷണിപ്പെടുത്തിയെന്നും കടയുടമ പറയുന്നു. തുടർന്ന് കടയ്ക്ക് പൊലീസ് സുരക്ഷയ്ക്കായി ഹൈക്കോടതിയെ സമീപിച്ചു. രണ്ടാഴ്ച വീതം മൂന്ന് തവണ കോടതി ഇതുവരെ സുരക്ഷനൽകാൻ ഉത്തരവിട്ടു. കോടതി ഉത്തരവിന്റെ കാലാവധി കഴിഞ്ഞ ഇന്നലെയും ചമുട്ട് തൊഴിലാളികൾ കടയ്ക്ക് മുന്നിലെത്തി ഭീഷണി തുടർന്നു.
ഭീഷണി കാരണം ഉടമയായ രമേശൻ ഇപ്പോൾ കടയിലേക്ക് വരാറില്ല. ഹൈക്കോടതിയെ സമീപിച്ച് വീണ്ടും രണ്ടാഴ്ചത്തേക്ക് പൊലീസ് സുരക്ഷ ഉറപ്പാക്കിയാണ് ഇപ്പോൾ കച്ചവടം നടത്തുന്നത്.
കഴിഞ്ഞ രണ്ട് മാസമായി കടയ്ക്ക് മുന്നിൽ സംയുക്ത തൊഴിലാളി സമിതിയുടെ കുടിൽകെട്ടി സമരം തുടരുകയാണ്. സിഐടിയു ഐഎൻടിയു, എച്ച്എംഎസ് തുടങ്ങി തൊഴിലാളി സംഘടനകൾ സംയുക്തമായാണ് സമരമിരിക്കുന്നത്. ഇരുവിഭാഗങ്ങളുമായി ജില്ലാ ലേബർ ഓഫീസർ മാർച്ച് 31ന് ചർച്ചയും നടത്തുന്നുണ്ട്.
കോഴിക്കോട് പേരാമ്പ്രയിൽ സമരത്തെത്തുടർന്ന് മാർച്ച് ഒന്നിന് പൂട്ടിയ സി.കെ.മെറ്റീരിയൽസ് ഒഴാഴ്ചയ്ക്കു ശേഷം ഏതാനും തൊഴിലാളികളുടെ നേതൃത്വത്തിൽ തുറന്നെങ്കിലും സംയുക്ത തൊഴിലാളി സംഘടനകൾ വീണ്ടും സമരം ആരംഭിച്ചിട്ടുണ്ട്. പ്രശ്‌നം അവസാനിക്കുന്നതു വരെ കടയിലെ കാര്യങ്ങൾ തൊഴിലാളികൾ തന്നെ നോക്കി നടത്തുമെന്ന് ഉടമ സി.കെ.ബിജു പറയുന്നു.
കൊല്ലത്തു ചാത്തന്നൂരിൽ വൈദ്യുതി ഭവനു സമീപം കയറ്റിറക്കു തർക്കത്തിന്റെ പേരിൽ ഒന്നര വർഷം അടഞ്ഞു കിടന്ന സ്ഥാപനം തുറന്നെങ്കിലും വാഹനങ്ങൾ തടയുന്നതായി പരാതിയുണ്ട്. കമ്പിയും പൈപ്പും വിൽക്കുന്ന സ്ഥാപനം തർക്കം അവസാനിപ്പിച്ച് ഏതാനും മാസം മുൻപാണു വീണ്ടും തുറന്നത്. എന്നാൽ കഴിഞ്ഞ ദിവസം സാധനങ്ങൾ കയറ്റിയ വാഹനം കവാടത്തിനു പുറത്തു വച്ചു തൊഴിലാളികൾ തടയാൻ ശ്രമിച്ചു. കയറ്റിറക്കു തർക്കം കോടതിയിലാണെന്ന് കൊല്ലം ചാത്തന്നൂരിലെ പ്രവാസി വ്യവസായി പറയുന്നു.
പൂർണമായും യന്ത്രവൽക്കരിച്ച ഹാർഡ് വെയർ വിൽപന കേന്ദ്രത്തിലാണ് തൊഴിൽ നിഷേധമാരോപിച്ച് സിഐടിയുവും എഐടിയുസിയും പ്രശ്‌നങ്ങളുണ്ടാക്കുന്നത്. ഹൈക്കോടതി ഇടപെടലുണ്ടായിട്ടും മുഖ്യമന്ത്രിക്കും വ്യവസായ മന്ത്രിക്കും വരെ പരാതി നൽകിയിട്ടും പ്രശ്‌ന പരിഹാരത്തിന് ഉത്തരവാദപ്പെട്ടവരാരും ഇടപെടുന്നില്ലെന്ന് സംരംഭകനായ രാജേഷ് ബാബു പറയുന്നു.
ചാത്തന്നൂരിലെ ടെറയൽ മെറ്റൽസ്. പ്രവാസിയായ രാജേഷ് ബാബു തന്റെ സമ്പാദ്യവും പിന്നെ വായ്പയുമെടുത്ത് ഒന്നര കോടി രൂപ ചെലവിൽ തുടങ്ങിയ സ്റ്റീൽ ഹാർഡ് വെയർ ഷോപ്പ്.
കടയിൽ സിമന്റ് കയറ്റാനും ഇറക്കാനും മാത്രമാണ് ചുമട്ടുതൊഴിലാളികളെ ആവശ്യമുള്ളത്. യൂണിയൻകാർ ഇതിനും ഉയർന്ന പ്രതിഫലം ആവശ്യപ്പെട്ടതോടെ സ്വന്തം സ്ഥാപനത്തിലെ തൊഴിലാളികൾക്ക് തൊഴിൽ കാർഡ് ആവശ്യപ്പെട്ട് രാജേഷ് തൊഴിൽ വകുപ്പിനെ സമീപിച്ചു. അതും ഹൈക്കോടതി നിർദേശപ്രകാരം. എന്നാൽ രാഷ്ട്രീയ സ്വാധീനത്തിനു വഴങ്ങി ഉദ്യോഗസ്ഥർ അപേക്ഷ തള്ളിയതോടെ വിഷയം വീണ്ടും ഹൈക്കോടതിയിലാണ്. കോടതിയുടെ പരിഗണനയിലിരിക്കെയാണ് കഴിഞ്ഞ ദിവസം സ്ഥാപനത്തിലെത്തിയ സിഐടിയു എഐടിയുസി തൊഴിലാളികൾ ചരക്ക് നീക്കം തടഞ്ഞത്.
എന്നാൽ സ്ഥാപനത്തിനു മുന്നിൽ പ്രശ്‌നങ്ങൾ സൃഷ്ടിച്ചിട്ടില്ലെന്നാണ് സിഐടിയു നേതൃത്വത്തിന്റെ പ്രതികരണം. സ്ഥാപനത്തിലെ ജീവനക്കാർക്ക് തൊഴിൽ കാർഡ് ലഭിക്കും വരെ യൂണിയൻ അംഗങ്ങൾക്ക് തൊഴിൽ നൽകണമെന്ന ഹൈക്കോടതി നിർദ്ദേശം സ്ഥാപന ഉടമയാണ് അട്ടിമറിച്ചതെന്നും നേതാക്കൾ ന്യായീകരിക്കുന്നു.
ഇതേസമയം, സ്ഥാപനം ഏർപ്പെടുത്തുന്ന ജോലിക്കാർക്ക് ലേബർ കാർഡ് ലഭിക്കുന്നതു വരെ ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗമായവരെക്കൊണ്ടു ജോലിചെയ്യിക്കണമെന്നു കോടതി നിർദേശമുണ്ടെന്നു തൊഴിലാളി യൂണിയനുകൾ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ