തിരുവനന്തപുരം: കാസർകോട് പെയ്തിറങ്ങിയ എൻഡോസൾഫാന്റെ വിഷമഴ ദുരിതം സമ്മാനിച്ചത് നിരവധി ജീവിതങ്ങൾക്കാണ്. ആ ദുരന്തത്തിന്റെ നേർചിത്രങ്ങൾ മാദ്ധ്യമങ്ങളിലൂടെ നാം കണ്ടതുമാണ്. ദുരിതം പേറി ജീവിക്കേണ്ടി വന്ന കുരുന്നുകളുടെ ചിത്രങ്ങളായിരുന്നു ഈ വിഷയത്തിന്റെ ഗൗരവം ലോകത്തെ അറിയിച്ചത്. ഇങ്ങനെ ഒരു ദുരന്തചിത്രമായിരുന്നു മൂന്നു വയസുകാരിയായ ശ്രുതിയുടേതും. എൻഡോൾഫാൻ വിഷമഴയിൽ വൈകല്യത്തോടെ പിറന്നുവീണ പെൺകുട്ടി. വലതുകാലും നടുവിൽ പിളർന്നുപോയ നാലുവിരൽ മാത്രമുള്ള വലതു കൈപ്പത്തിയുമുള്ള പെൺകുട്ടിയുടെ ചിത്രം മനസാക്ഷി അവശേഷിപ്പിക്കുന്ന ആരെയും നൊമ്പരപ്പെടുത്തുന്നതായിരുന്നു. ആ നൊമ്പപ്പെടുത്തുന്ന ചിത്രത്തിലെ കൊച്ചുകുട്ടി ഇന്ന് ഏറെ വളർന്നിരിക്കുന്നു. വിഷമഴയെ തോൽപ്പിച്ച് ജീവിതവിജയം നേടിയിരിക്കയാണ് എന്മകജെ ഗ്രാമത്തിലെ ശ്രുതി എന്ന യുവതി.

എൻഡോസൾഫാനെതിരെ പ്രചരിച്ച പോസ്റ്ററുകളിലെ ഈ കൊച്ചു പെൺകുട്ടി ഇന്ന് നാടിന്റെ അഭിമാനം ഉയർത്തി ഡോക്ടറാകാൻ ഒരുങ്ങുകയാണ്. കർണ്ണാടക സർക്കാറിന്റെ എൻട്രൻസ് പരീക്ഷയിൽ മികച്ച റാങ്കുനേടി ബംഗളൂരു ഗവൺമെന്റ് ഹോമിയോ മെഡിക്കൽ കോളേജിൽ ബിഎച്ച്എംഎസിന് പ്രവേശനം നേടിയിരിക്കയാണ് എൻഡോസൾഫാൻ പ്രയോഗത്തിന്റെ നൊമ്പരമായി മാറിയ പെൺകുട്ടി. ഒരു ഗ്രാമത്തിന്റെ മുഴുവൻ പ്രതീക്ഷയാണ് ഇന്നിവൾ. പ്രതിഷേധ പോസ്റ്ററിൽ ഇടംപിടിച്ച പെൺകുട്ടിയുടെ ഇന്നത്തെ പോരാട്ട വിജയത്തിന്റെ കഥ പ്രസിദ്ധീകരിച്ചത് 'വനിത' യാണ്.

ദുരിതക്കയം താണ്ടി ജീവിതം വിജയം നേടിയ ശ്രുതിയുടെ ജീവിതകഥ എല്ലാമുണ്ടായിട്ടു പരിശ്രമിക്കാൻ മടിയന്മാരായവർക്ക് പാഠമാകേണ്ടതാണ്. എൻഡോസൾഫാനെതിരായ പോരാട്ടത്തിന്റെ പ്രതീകമായ ചിത്രത്തിൽ താനുണ്ടായിരുന്നു എന്ന കാര്യം ചെറുപ്പകാലത്ത് ശ്രുതിക്ക് അറിവുണ്ടായിരുന്നില്ല. രണ്ടിലോ മൂന്നിലോ പഠിക്കുന്ന സമയത്ത് ഏതോ ഒരു അങ്കിൾ വന്ന് തന്റെ ഫോട്ടെയുടുത്തുകൊണ്ടു പോയത് അറിയാമെന്ന് ശ്രുതി വ്യക്തമാക്കുന്നു. പിന്നീടാണ് ഇതേക്കുറിച്ച് അറിഞ്ഞതെന്നും ശ്രുതി പറയുന്നു.

ബുദ്ധിമുട്ടുകൾ നിറഞ്ഞ ചെറുപ്പകാലത്താണ് ശ്രുതി മനസിൽ ഡോക്ടർ മോഹം ഉറപ്പിച്ചത്. വൈകല്യം സംഭവിച്ച ദേഹം നോക്കി അച്ഛൻ താരാനാഥറാവുവിനോടും അമ്മ മീനാക്ഷിയോടും ചോദിക്കുമായിരുന്നു താൻ എന്നെങ്കിലും ഡോക്ടറാകുമോ എന്ന്. നിശ്ചയദാർഢ്യത്തോടെ പൊരുതിയപ്പോൾ ഒടുവിൽ വിജയം ശ്രുതിയുടെ പക്ഷത്തായി. എൻഡോസൾഫാൻ വിഷമഴയിൽ പൂമ്പാറ്റകൾ പോലും അന്യമായ എന്മകജെ പഞ്ചായത്തിലെ വാണി നഗറിലാണ് ശ്രുതി ജനിച്ചത്. ജനിച്ചു വീണതാകട്ടെ കൈക്കും കാലിനും വൈകല്യങ്ങളോടെ.

അമ്മ ആദ്യം തന്നെ മരിച്ചു പിന്നീട് രണ്ടാനമ്മയായിരുന്നു ശ്രുതിക്ക് എല്ലാ സഹായങ്ങളുമായി ഒപ്പം നിന്നത്. ഏത് കഷ്ടപ്പാടിലും ഒരമ്മയെപ്പോലെ തന്നെ അവർ കൂടെയുണ്ടായിരുന്നു. എൻഡോസൾഫാനെതിരെയുള്ള പോസ്റ്ററുകളിലേക്ക് ആരുടേയും ശ്രദ്ധ പിടിച്ചുപറ്റുന്ന മുഖമായിരുന്നു ഒരിക്കൽ എനിക്ക്. അതിൻ തന്നോട് തന്നെ സങ്കടം തോന്നിയിട്ടുണ്ടെന്ന് ശ്രുതിപറയുന്നു. അറിയാനുള്ള പ്രായമായപ്പോൾ ആ ചിത്രം വല്ലാതെ വേദനിപ്പിച്ചു. ഞാനും എൻഡോസൾഫാൻ ദുരന്തത്തിന്റെ ബാക്കിപത്രമാണെന്ന് ഇടയ്ക്കിടെ അതെന്നെ ഓർമ്മിപ്പിച്ചുകൊണ്ടേയിരുന്നു.

വെപ്പുകാലിന്റെ ബലത്തിൽ കിലോമീറ്ററുകളോളം നടന്നായിരുന്നു ശ്രുതിയുടെ സ്‌കൂൾ ജീവിതം. പുസ്തകങ്ങളുടെ ഭാരം ചുമന്ന് സ്‌ക്കൂളിലെത്തുമ്പോഴേക്കും കാലാകെ നീറും. വൈകിട്ട് വീട്ടിലെത്തി കാലൊന്ന് ഊരിമാറ്റുമ്പോൾ വേദനയാൽ പുളയും. കൃത്രിമക്കാൽ ആദ്യം വളരെ ബുദ്ധിമുട്ടായിരുന്നു. ഫംഗസ് ബാധയാൽ നീറ്റൽ കൂടിയായപ്പോൾ പല ദിവസവും സ്‌ക്കൂളിൽ പോകാൻ കഴിഞ്ഞിരുന്നില്ല. പക്ഷേ, ആ വേദനയും എനിക്ക് സന്തോഷമായിരുന്നു. കാരണം എൻഡോസൾഫാൻ പൂർണ്ണമായും തകർത്തുകളഞ്ഞ ജീവിതങ്ങൾക്കിടയിൽ എന്റെ കാലിന്റെയും കൈയുടെയും വൈകല്യം ഒന്നുമല്ല.

പലയിടത്തുനിന്നായി നല്ല പ്രോത്സാഹനം കിട്ടിയപ്പോൾ ജീവിതത്തിൽ ഒരിക്കലും തോൽക്കരുതെന്ന തീരുമാനമെടുത്തുവെന്നും ശ്രുതി വ്യക്തമാക്കുന്നു. പഠിച്ചു ജോലി വാങ്ങണമെന്ന വാശി ഉണ്ടായത് അങ്ങനെയാണ്. ഇതിനിടെ ശ്രുതിയുടെ ജീവിതത്തിലേക്ക് ജഗദീഷ് എന്ന ചെറുപ്പക്കാരനും വന്നു. കാറഡുക്ക പഞ്ചായത്തിലെ ഒരു സാധാരണ കെട്ടിട നിർമ്മാണത്തൊഴിലാളിയായിരുന്നു ജഗദീഷ്. ജഗദീഷുമായുള്ള പ്രണയം ഒടുവിൽ വിവാഹത്തിലെത്തി.

നിശ്ചയദാർഢ്യവും ആത്മവിശ്വാസവും കൈമുതലാക്കി പഠിച്ചതുകൊണ്ടാവണം പത്താംക്ലാസ്സ് പരീക്ഷയിൽ നല്ല മാർക്കോടെ വിജയിച്ചു ശ്രുതി. അയൽവാസി ഡോക്ടർ വൈഎസ് മോഹൻകുമാറിന്റെ പ്രോത്സാഹനത്താൽ മുള്ളേരിയ ജിഎച്ച്എസ് സ്‌ക്കൂളിൽ +2വിന് സയൻസ് ഐശ്ചിക വിഷയമായി തിരഞ്ഞെടുത്തു. വീട്ടിൽ നിന്നും സ്‌ക്കൂളിലേക്ക് ഏറെ ദൂരമുണ്ടായതിനാൽ ഐത്തനടുക്കയിലെ ബന്ധുവീട്ടിൽ നിന്നാണ് പഠിച്ചത്. +2 കഴിഞ്ഞ് നിൽക്കുന്ന സമയത്തായിരുന്നു ജഗദീഷുമായുള്ള വിവാഹം. അന്യജാതിക്കാരനായതിനാൽ വീട്ടുകാർ വിവാഹത്തിന് പൂർണ്ണമായും എതിർത്തു.

+2 കഴിഞ്ഞ് പുത്തൂർ സെന്റ് ഫിനോമിന കോളേജിൽ ബിഎസ്‌സിക്ക് ചേർന്നെങ്കിലും കാലിലെ പഴുപ്പുകാരണം പഠനം പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. എല്ലാ സ്വപ്‌നങ്ങളും അവസാനിച്ചെന്ന് കരുതിയിടത്തുനിന്നാണ് ജഗദീഷ് കൈപിടിച്ചുയർത്തിയതെന്ന് ശ്രുതി ഓർക്കുന്നു. കഷ്ടപ്പാടിനിടയിലും കൂലിവേലയ്ക്ക് പോയി ജഗദീഷ് ശ്രുതിയെ എൻട്രൻസ് കോച്ചിങ്ങിന് പറഞ്ഞുവിട്ടു. എന്റെ സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കാൻ രാപ്പകൽ ഒപ്പം നിന്നു. ബിഎച്ച്എംഎസിന് മികച്ച വിജയം നേടുമെന്ന ആത്മവിശ്വാസത്തിലാണ് ശ്രുതി ഇപ്പോൾ. അതിനായി പ്രാർത്ഥനയോടെ ജഗദീഷും ഒപ്പമുണ്ട്.

ചിത്രങ്ങൾക്ക് കടപ്പാട്: വനിത