തിരുവനന്തപുരം: കണിയാപുരം പള്ളിനടയിൽ എൻജിനീയറിങ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ കുത്തിപ്പരിക്കേൽപ്പിച്ചത് മോഷണശ്രമത്തിനിടയിലെന്ന് പൊലീസ്. കേസുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതി അസർ (19) കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു.ആക്രമണത്തിൽ പരിക്കേറ്റ എൻജിനീയറിങ് വിദ്യാർത്ഥിനി തൻസി അപകടനില തരണം ചെയ്തതായും കഠിനംകുളം പൊലീസ് അറിയിച്ചു. തിരുവനന്തപുരം പെരുമാതുറയ്ക്ക് സമീപം പൊഴി സ്വദേശിയായ ഇയാളെ റിമാന്റ് ചെയ്തിരിക്കുകയാണ്.

വെള്ളിയാഴ്‌ച്ച വൈകീട്ടായിരുന്നു സംഭവം. സംഭവ സമയത്ത് പെൺകുട്ടിയും സഹോദരിയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. മതിൽ ചാടി വീടിനുള്ളിലേക്ക് കടക്കുകയായിരുന്നു. പരിചയമില്ലാത്ത ഒരാളെ വീടിനുള്ളിൽ കണ്ടതിനെ തുടർന്ന് തൻസി ബഹളം വയ്ക്കുകയായിരുന്നു. ശബ്ദമുണ്ടാക്കിയാൽ കൊന്നുകളയും എന്നു പറഞ്ഞ പ്രതി പെൺകുട്ടി ബഹളം നിർത്താത്തതിനെ തുടർന്ന് അരയിൽ സൂക്ഷിച്ചിരുന്ന കത്തി എടുത്ത് അക്രമിക്കുകയായിരുന്ന. തുടർന്ന് ഒച്ച കേട്ട് ഓടിയെത്തിയ നാട്ടുകാർ പ്രതിയെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

അസർ, ജഹാസ് എന്ന ചാർലി, പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരെയാണ് പൊലീസ് ആദ്യം കസ്റ്റഡിയിലെടുത്തത്. നേരത്തെ ആക്രമണശേഷം രക്ഷപ്പട്ടെ പ്രതികളെ നാട്ടുകാരുടെ സഹായത്തോടെയാണ് പൊലീസ് പിടികൂടിയത്. എന്നാൽ അസർ മാത്രമാണ് പ്രതിയെന്നും മറ്റു രണ്ട് പേർക്കും സംഭവുമായി ബന്ധമില്ലെന്നും പൊലീസ് പറഞ്ഞു. ഇവർക്ക് മറ്റു ചില കേസുകളുമായി ബന്ധമുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് ഈ ദിശയിലും അന്വേഷണം പുരോഗമിക്കുന്നതായും പൊലീസ് പറഞ്ഞു.

പെരുമാതുറയിൽ ചില മൊബൈൽ ഷോപ്പുകളിൽ നിന്നും മോഷണം നടത്തിയതുമായി ബന്ധപ്പെട്ട് ഒരു കേസ് നിലവിലുണ്ടെന്നും പൊലീസ് പറയുന്നു. പിടിയിലായ പ്രതി അസറിന്റെ അമ്മ ചെറിയ ജോലികൾ ചെയ്ത് നേടുന്ന തുച്ഛമായ വരുമാനത്തിലാണ് കുടുംബം ജീവിച്ചു വരുന്നത്. എന്നാൽ ആഡംബര ജീവിതത്തിനായി പണം സമാഹരിക്കുന്നതിനാകാം പ്രതി മോഷണശ്രമം നടത്തിയതെന്നാണ് പൊലീസ് ഭാഷ്യം.

നാട്ടുകാർ പിടികൂടി ഏൽപിച്ചയാൾ പ്രായപൂർത്തിയാകാത്തയാളാണെന്നും ഇയാളെ നാട്ടുകാർ മർദിച്ചവശനാക്കിയെന്നും ഒരുവിഭാഗം ആദ്യം ആരോപിച്ചിരുന്നു. ജുവനൈൽ കോടതിയിൽ ഹാജരാക്കാതെ ഇയാളെ പൊലീസ് അകാരണമായി കസ്റ്റഡിയിൽ വച്ച് മർദിക്കുന്നതായും ഭക്ഷണം നൽകുന്നില്ലെന്നും ആരോപിച്ച് ഇയാളുടെ ബന്ധുക്കളിൽ ചിലരും രംഗത്തു വന്നിരുന്നു്. ബന്ധുക്കൾ തിങ്കളാഴ്ച ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകുമെന്നും സൂചനയുണ്ട്. എന്നാൽ, കസ്റ്റഡി മർദനമടക്കമുള്ളവ നിഷേധിച്ച പൊലീസ് ഇയാളെ ഞായറാഴ്ച കോടതിയിൽ ഹാജാക്കിയിരുന്നു. തിരക്കേറിയ സ്ഥലത്ത് നടന്ന ആക്രമണം പ്രദേശത്ത് ഭീതിവിതച്ചിരിക്കുകയാണ്.