തിരുവനന്തപുരം: സീനിയർ വിദ്യാർത്ഥികൾക്കുള്ള യാത്രയയപ്പ് പരിപാടിക്കായി പണം പിരിക്കുന്നതിനിടെ പിരിവ് നൽകാത്ത സഹപാഠിയായ പെൺകുട്ടിയെ എഞ്ചിനീയറിങ്ങ് വിദ്യാർത്ഥിനി മർദ്ദിച്ചത് മുൻവൈരാഗ്യം കാരണം. തലസ്ഥാനത്തെ പ്രമുഖ സ്വകാര്യ എഞ്ചിനീയറിങ്ങ് കോളേജായ മരിയൻ എഞ്ചിനീയറിങ്ങ് കോളേജിലാണ് സംഭവം. ഇലക്ട്രോണിക്കൽ ആൻഡ് ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങ് വിഭാഗം വിദ്യാർത്ഥിയായ തിരുവനന്തപുരം മണ്ണന്തല സ്വദേശി നിഥിൻ എന്ന വിദ്യാർത്ഥിയാണ് സഹപാഠികൂടിയായ ലക്ഷമി നായർ എന്ന പെൺകുട്ടിയെ മർദ്ദിച്ചും നിലത്തിട്ട് ചവിട്ടിയും പരിക്കേൽപ്പിച്ചത്.

സഹപാഠിയുടെ മർദ്ദനത്തെതുടർന്ന് ലക്ഷമിയുടെ മൂക്കിൽ നിന്നും ചെവിയിൽ നിന്നും രക്തം വന്നത് കണ്ട് സഹപാഠികളും പരിഭ്രാന്തരായി. ഉടൻ തന്നെ അദ്ധ്യാപകരും മറ്റ് വിദ്യാർത്ഥികളും ചേർന്ന് പെൺകുട്ടിയെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ട് പോയി. പിന്നീട് അവിടെ നിന്നും നഗരത്തിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.ഇന്നലെ രാവിലെ 10.30നായിരുന്നു സംഭവം.ഫൈനൽ ഇയർ വിദ്യാർത്ഥികൾക്കു യാത്രയയപ്പു നൽകാനായി മൂന്നാം വർഷ വിദ്യാർത്ഥികൾ തയ്യാറെടുക്കുമ്പോൾ പണപ്പിരിവുമായി ബന്ധപ്പെട്ടു നിഥിനും ലക്ഷ്മി എസ്.നായരുമായി വാക്കുതർക്കുമുണ്ടായി.

സുഹൃത്തുക്കളുമായി ലക്ഷമി സംസാരിച്ചിരിക്കുമ്പോഴാണ് നിഥിൻ ലക്ഷിയുടെ അടുതെത്തി ആദ്യം വാക്കേറ്റമുണ്ടായത്. വാക്കേറ്റത്തെ തുടർന്ന് പ്രകോപിതനായ നിഥിൻ മറ്റ് സഹപാധികൾക്ക് മുന്നിൽ വെച്ച് ലക്ഷമിയെ അസഭ്യം പറയുകയും തെറി വിളിക്കുകയുമായിരുന്നു. വിദ്യാർത്ഥികൾ നോക്കിനിൽക്കെ നിഥിൻ ലക്ഷ്മിയെ ചെകിട്ടത്ത് അടിക്കുകയും തുടർന്നു മുടിയിൽ ചുറ്റിപ്പിടിച്ചു തറയിലിട്ടു ചവിട്ടുകയുമായിരുന്നു. അപ്രതീക്ഷിതമായിട്ടായിരുന്നു നിഥിൻ ലക്ഷമിയെ അക്രമിച്ചത്.

സഹപാഠികളാണെങ്കിലും ലക്ഷമിയും നിഥിനും തമ്മിൽ മുൻപും അത്ര നല്ല സൗഹൃദത്തിലായിരുന്നില്ലെന്നും ഇരുവരും തമ്മിൽ മുൻപും വഴക്കുണ്ടായതായാണ് വിദ്യാർത്ഥികളിൽ ചിലർ പറയുന്നതെന്നും കഴക്കൂട്ടം പൊലീസ് മറുനാടൻ മലയാളിയോട് പറഞ്ഞു. മുൻപ് മരിയൻ കോളേജിന്റെ കോളേജ് ഡേ വാർഷികാഘോഷങ്ങൾ നടന്ന സമയത്തും നിഥിനും ലക്ഷമിയും തമ്മിൽ വാക്ക് തർക്കമുണ്ടായതായും പൊലീസ് പറയുന്നു. ലക്ഷമിയെ മർദ്ദിച്ച നിഥിനിനെ ചില വിദ്യാർത്ഥികൾ ചേർന്ന് പിടിച്ച് മാറ്റുകയായിരുന്നു.

സുഹൃത്തുക്കൾ പിടിച്ച് മാറ്റിയതിന് ശേഷവും കോളേജിൽ തുടർന്ന നിഥിനിനെ പിന്നീട് അദ്ധ്യാപകർ പ്രിൻസിപ്പാളിന്റെ റൂമിലേക്ക് മാറ്റുകയും ചെയ്തു. ഉടൻ തന്നെ കോളേജ് അധികൃതർ വിവരമറിയച്ചിനെതുടർന്ന് കഴക്കൂട്ടം സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം കോളേജിലെത്തി നിഥിനിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾക്കെതിരെ ഐപിസി 294 ബി, 323,325,354 എന്നീ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. നിഥിനിനെ ഇപ്പോൾ ആറ്റിങ്ങൽ സബ് ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്.