തിരുവനന്തപുരം: പൊതുമരാമത്ത് ജോലികൾക്കായി എൻജിനീയർമാരെ നിയമിക്കുന്നത് കരാർ വ്യവസ്ഥയിലാണെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. തദ്ദേശ സ്ഥാപനങ്ങളിലെ മരാമത്ത് പ്രവൃത്തികളുടെ ഗുണമേന്മ ഉറപ്പാക്കാനുള്ള മേൽനോട്ടം ഉറപ്പു വരുത്താൻ വേണ്ടിയാണ് ഈ നീക്കമെന്നാണ് സർക്കാർ പറുയുന്നത്. അതേസമയം പിണറായി സർക്കാറിന്റെ ഈ നീക്കത്തിൽ കടുത്ത എതിർപ്പും ഉയരുന്നുണ്ട്. പി.എസ്.സി റാങ്ക് ലിസ്റ്റ് അടക്കം നിലനിൽക്കവേ ഉദ്യോഗാർഥികളുടെ വഴിയടക്കുന്ന വിധത്തിൽ പിൻവാതിൽ നിയമന നീക്കമാണ് സർക്കാർ നടത്തുന്നതെന്നാണ് ഉയരുന്ന പ്രധാന ആരോപണം.

25000 യുവ എൻജിനീയർമാരെ നിയമിക്കുമെന്നാണ് പൊതുമരാമത്ത് വകുപ്പു അവകാശപ്പെടുന്നത്. എന്നാൽ, സിപിഎമ്മിന്റെ രാഷ്ട്രീയ ബന്ധുക്കൾക്കും സഹചാരികൾക്കുമാകും ഈ തസ്തികയിൽ ജോലി ലഭിക്കുക എന്ന വിമർശനമാണ് ഉയരുന്നത്. സ്ഥിരംതൊഴിൽദാതാവ് എന്ന നിലയിൽ നിന്നുള്ള പിന്മാറ്റത്തിന്റെ സൂചന നൽകി കൊണ്ടാണ് തദ്ദേശ സ്ഥാപനങ്ങളിലെ പൊതുമരാമത്ത് ജോലികൾക്കായി ഇടതു സർക്കാർ എൻജിനീയർമാരെ കരാർ വ്യവസ്ഥയിൽ നിയമിക്കുന്നത്.

സിവിൽ എൻജിനീയറിങ് ബിരുദം, ഡിപ്ലോമ, ഐ.ടി.ഐ യോഗ്യതയുള്ള സർട്ടിഫൈഡ് എൻജിനീയർമാരെ നിയമിക്കാനാണ് പദ്ധതി. തദ്ദേശ സ്ഥാപനങ്ങളിലെ മരാമത്ത് പ്രവൃത്തികളുടെ ഗുണമേന്മ ഉറപ്പാക്കാനുള്ള മേൽനോട്ടം ഇവർക്കായിരിക്കും. മൂന്നു വർഷമാണ് രജിസ്‌ട്രേഷൻ കാലാവധി. മികവ് കണക്കിലെടുത്താവും രജിസ്‌ട്രേഷൻ പുതുക്കി നൽകുക. പദ്ധതിയിലൂടെ 25,000 യുവ എൻജിനീയർമാർക്ക് തൊഴിൽ ലഭിക്കുമെന്ന് സർക്കാർ വാദിക്കുന്നുവെങ്കിലും സ്ഥിരംതൊഴിൽ എന്ന സ്വപ്നവും പി.എസ്.സി നിയമനവും അട്ടിമറിക്കുന്നതാണ് പുതിയ തീരുമാനം.

ഓരോ നിർമ്മാണ പ്രവൃത്തിയുടെയും ടെൻഡറിൽ നിയമന വ്യവസ്ഥകൾ കൂടി ഉൾപ്പെടുത്തും. മരാമത്ത് കരാറുകാരാണ് എൻജിനീയർമാരുടെ രജിസ്റ്റർ പാനലിൽനിന്ന് നിയമനം നടത്തേണ്ടത്. ഓരോ വർഷവും പ്രവർത്തനം തദ്ദേശ വകുപ്പ് വിലയിരുത്തുന്നതിന്റെ അടിസ്ഥാനത്തിലാവും തുടർനിയമന സാധ്യത. വീഴ്ച വരുത്തിയവരുടെ രജിസ്‌ട്രേഷൻ റദ്ദാക്കാനുള്ള വ്യവസ്ഥയും ഉൾപ്പെടുത്തി സർക്കാർ ഉത്തരവ് വരുംദിവസം പുറത്തിറങ്ങും.

ഫലത്തിൽ കരാറുകാരുടെയും തദ്ദേശ വകുപ്പിലെ രാഷ്ട്രീയ- ഉദ്യോഗസ്ഥ ലോബിയുടെയും കാരുണ്യത്തിൽ ജോലി ലഭിക്കുന്ന ഉദ്യോഗാർഥികൾക്ക് സമ്മർദങ്ങൾക്ക് അടിപ്പെടാതിരിക്കുകയാവും വെല്ലുവിളി. പഠനത്തിനു ശേഷം തൊഴിൽ ലഭിക്കാത്തവർക്കായിരിക്കും മുൻഗണനയെന്ന് തദ്ദേശ വകുപ്പ് വ്യക്തമാക്കുന്നു. വിവിധ സർക്കാർ വകുപ്പുകളിലെ സമാന തസ്തികകളിൽ ലഭ്യമാക്കുന്ന വേതനമാവും നൽകുക.

നിയമന മാനദണ്ഡം ഇങ്ങനെ

20 കോടിക്ക് മുകളിലുള്ള പ്രവൃത്തിക്ക് അഞ്ചുവർഷം പ്രവൃത്തി പരിചയമുള്ള ഒരു എ ഗ്രേഡ് എൻജിനീയർ. മൂന്നു വർഷം പരിചയമുള്ള മൂന്ന് ബി ഗ്രേഡ് സൈറ്റ് എൻജിനീയർമാർ. രണ്ടു വർഷം പരിചയമുള്ള നാല് സി ഗ്രേഡ് സൂപ്പർവൈസർമാർ എന്നിവരെ ചുമതലപ്പെടുത്തും. 5 - 20 കോടി വരെയുള്ള പ്രവൃത്തികൾക്ക് മൂന്നു വർഷം പരിചയമുള്ള വർക്ക് മാനേജർ, ഒരു വർഷം പരിചയമുള്ള രണ്ട് സൈറ്റ് എൻജിനീയർ, ഒരു വർഷം പരിചയമുള്ള രണ്ട് സൂപ്പർവൈസർമാർ എന്നിവരെ നിയോഗിക്കും.

രണ്ടര കോടി മുതൽ അഞ്ചു കോടി വരെയുള്ള പ്രവൃത്തിക്ക് അഞ്ചു വർഷം പരിചയമുള്ളവർക്ക് മാനേജറെയും രണ്ടു വർഷം പരിചയമുള്ള മൂന്ന് ബി ഗ്രേഡ് സൈറ്റ് എൻജിനീയർമാരെയും നിയോഗിക്കും. ഒന്നര കോടി മുതൽ രണ്ടര കോടി വരെയുള്ള പ്രവൃത്തികൾക്ക് മൂന്നു വർഷം പരിചയമുള്ള എ ഗ്രേഡ് എൻജിനീയർ, വർക്ക് മാനേജർമാരായി ഒരു വർഷം പ്രവൃത്തിപരിചയമുള്ള എ ഗ്രേഡ് എൻജിനീയർ, ഒരു ബി ഗ്രേഡ് സൈറ്റ് എൻജിനീയർ എന്നിവരെ ചുമതലപ്പെടുത്തും. 75 ലക്ഷം - 1.5 കോടി വരെയുള്ള പ്രവൃത്തികൾക്ക് ഓരോ ബി ഗ്രേഡ് എൻജിനീയർമാരെയും അഞ്ചു ലക്ഷം - 75 ലക്ഷം വരെയുള്ള പ്രവൃത്തികൾക്ക് ബി ഗ്രേഡ് എൻജിനീയർമാരെയും അഞ്ചു ലക്ഷം രൂപവരെയുള്ള പ്രവൃത്തികൾക്ക് സി ഗ്രേഡ് എൻജിനീയർമാരെയും ചുമതലപ്പെടുത്തും.

പിൻവാതിൽ നിയമനങ്ങളുടെ തുടർച്ചയോ?

ഒന്നാം പിണറായി സർക്കാറിനെതിരെ പ്രധാനമായും ഉയർന്ന ആരോപണം പിൻവാതിൽ നിയമനങ്ങളായിരുന്നു. ഇപ്പോൾ 25000 യുവ എൻജിനീയർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുമ്പോൾ നിയമനം നടത്തുക ഏതുവിധേനയാകും എന്ന ചോദ്യം ഉയരുന്നുണ്ട്. പി.എസ്.സിയിൽ രജിസ്റ്റർ ചെയ്ത് സർക്കാർ ജോലി സ്വപ്‌നം കണ്ട് അനേകായിരങ്ങൾ പുറത്തു കാത്തു നിൽപ്പുണ്ട്. ഇതിനിടെയാണ് സർ്ക്കാർ കൂടുതൽ കരാർ നിയമനങ്ങളിലേക്ക് കടക്കുന്നതും. കെഎസ്ആർടിസിയിൽ അടക്കം സ്ഥിരം നിയമനങ്ങൾ ഒഴിവാക്കി കാരാർ നിയമന മാർഗ്ഗത്തിലേക്ക് സർക്കാർ ചുവടുമാറിയിട്ടുണ്ട്.

ഇപ്പോൾ പിഎസ് സി ലിസ്റ്റ് നിലനിൽക്കുമ്പോൾ തന്നെ കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രൊജക്ടിൽ കരാർ നിയമനങ്ങൾക്ക് വേണ്ടി പരസ്യം അടുത്തിടെ നൽകിയിരുന്നു. ജില്ലാ തലത്തിൽ വേസ്റ്റ് മാനേജ്‌മെന്റ് എൻജിനീയർമാരെ നിയമിക്കുന്നത് കരാർ അടിസ്ഥാനത്തിലാണ്. ഈ ജോലികളിൽ പി.എസ്.സി ലിസ്റ്റ് നിലനിൽക്കേയാണ് കരാർ അടിസ്ഥാനത്തിലെ നിയമന നീക്കവും. ഇത് ഉദ്യോഗാർഥികളുടെ ഭാവി തന്നെ അവതാളത്തിലാക്കുന്നതാണെന്നാണ് വിമർശനം. അഗ്നിപഥ് റിക്രൂട്ട്‌മെന്റിനെതിരെ രംഗത്തെത്തിയ രാഷ്ട്രീയ പാർട്ടികളുടെ കൂട്ടത്തിലായിരുന്നു സിപിഎമ്മും. എന്നാ്ൽ, അതേ സിപിഎമ്മാണ് ഇപ്പോൾ പൊതുമേഖലയിലെ കരാർ നിയമനങ്ങളെയും പ്രോത്സാഹിപ്പിക്കുന്നത്.