കോതമംഗലം: ആരും തിരിഞ്ഞുനോക്കാത്ത ദുർബ്ബല ജനവിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് എത്തിക്കുന്നതിന് ലക്ഷ്യമിട്ട് വിപുലമായ കർമ്മപദ്ധതി പ്രഖ്യാപിച്ച്് എന്റെനാട് കൂട്ടായ്മ മുന്നോട്ട്. സാധാരണക്കാരുടെയും ദരിദ്രരുടെയും ഉന്നമനം ലക്ഷ്യമിട്ടുള്ള 12 ഇന കർമ്മപദ്ധതി ഈ വർഷം നടപ്പിലാക്കുമെന്ന് എന്റെനാട് കൂട്ടായ്മ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. കോതമംഗലത്തിന്റെ സമഗ്രപുരോഗതി ലക്ഷ്യമിട്ട് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർ ചേർന്ന് രണ്ട് വർഷം മുമ്പാണ് കൂട്ടായ്മ രൂപീകൃതമായത്.

കൂട്ടായ്മയായുടെ രണ്ടാം വർഷിക ആഘോഷപരിപാടികളെക്കുറിച്ച് വിശദീകരിക്കാൻ വിളിച്ചുചേർത്ത പത്രസമ്മേളനത്തിലാണ് താലൂക്കിലെ ജനങ്ങളുടൈ സമസ്തമേഖലയിലും പുരോഗതി ലക്ഷ്യം വച്ചുകൊണ്ടുള്ള പദ്ധികളെക്കുറിച്ച് ഭാരവാഹികൾ വിശദീകരിച്ചത്. കിഴക്കമ്പലത്തെ 20-20 കൂട്ടായ്മയുടെ മാതൃകയിലുള്ള പ്രവർത്തനങ്ങളാണ് എന്റെനാട് കൂട്ടായ്മയും ലക്ഷ്യമിടുന്നതെന്നാണ് ഭാരവാഹികളുടെ വിവരണത്തിൽ നിന്നും വ്യക്തമാവുന്നത്. ജനകീയ പങ്കാളിത്തത്തിന്റെ പുതിയ ചരിത്രം രചിച്ചാണ് കൂട്ടായ്മയുടെ മുന്നേറ്റമെന്നും ഇതിനകം സമൂഹത്തിലെ സാധാരണ ജനവിഭാഗങ്ങളുടെ ഉന്നമനത്തിന് ഉപകരിക്കുന്ന നിരവധി പദ്ധതികള്ൾ നടപ്പിലാക്കികഴിഞ്ഞെന്നും ഇവർ വ്യക്തമാക്കി.

സുരക്ഷിത ഭവനം പദ്ധതിയുടെ ഭാഗമായി എല്ലാവർക്കും വീട് എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പുമായി 25 വീടുകൾ നിർമ്മിച്ചു നൽകുയും 100 വീടുകളുടെ അറ്റകുറ്റപണികൾ നടത്തുകയും 100 വീടുകൾക്ക് ശുചിമുറികൾ പണിത് നൽകുകയും ചെയ്യുന്നതാണ് ഈ വർഷം നടപ്പിലാക്കാൻ ലക്ഷ്യമിട്ടുള്ള പ്രധാന പദ്ധതിയെന്ന് ഭാരവാഹികൾ അറിയിച്ചു. എന്റെ നാട് എന്റെ ഗ്രാമം എന്ന പദ്ധതി വഴി ഭൂരഹിതർക്ക് ഭൂമി നൽകുകയും വിലക്കയറ്റം നിയന്ത്രിക്കുവാനും ഗുണമേന്മയുള്ള നിത്യോപയോഗ സാധനങ്ങൾ ലഭ്യമാക്കുവാനും വേണ്ടി ഭക്ഷ്യ സുരക്ഷാ മാർക്കറ്റ് ആരംഭിക്കാനും ലക്ഷ്യമിട്ടിട്ടുണ്ട്.

കാർഷിക ഉല്പന്നങ്ങൾ വിറ്റഴിക്കാൻ കാർഷിക വിപണി ആരംഭിക്കുക എന്നതാണ് മറ്റൊരു പദ്ധതി.ഇതുമൂലം കർഷകരുടെ ഉല്പന്നങ്ങൾക്ക് ന്യായമായ വില ലഭിക്കുവാനും മധ്യവർത്തികളുടെ ചൂഷണത്തിൽ നിന്നും അവരെ രക്ഷിക്കുവാനും കഴിയുമെന്നാണ് കൂട്ടായ്മയുടെ കണക്കുകൂട്ടൽ. സ്ത്രീശാക്തീകരണം ലക്ഷ്യമാക്കി വാർഡ് തലത്തിൽ കൂട്ടായ്മയുടെ കീഴിൽവരുന്ന വനിതാമിത്രയുടെ നേതൃത്വത്തിൽ സംഘങ്ങൾ രൂപീകരിക്കുന്നതിനും കർമ്മപദ്ധതിിൽ വിഭാവനം ചെയ്യുന്നു.മൈക്രോഫിനാൻസ്, പലിശ രഹിത വായ്പ, സ്വയംതൊഴിൽ തുടങ്ങുന്നതിനുള്ള സഹായം, പെൻഷനുകൾ, കൃഷിക്കുള്ള സഹായം, എന്റെ നാട് എന്റെ കട സ്‌കീം, ഷീ ടാക്സി എന്നിവയെല്ലാം ഈ വനിതാസംഘങ്ങൾ മുഖേന നടപ്പിലാക്കുന്നതിനാണ് കൂട്ടായ്മയുടെ തീരുമാനം.

80% വിലക്കിഴിവിൽ മരുന്നുകൾ ലഭ്യമാക്കുന്ന മെഡിക്കൽ ഷോപ്പുകൾ തുടങ്ങുന്നതുൾപ്പെടെ ആരോഗ്യമേഖലയിൽ നിർണ്ണായ ഇടപെടലുകൾക്കും കൂട്ടായ്മ തയ്യാറെടുക്കുകയാണ്.ക്യാൻസർ രോഗികളെ സഹായിക്കുന്നതിനും മുൻകൂട്ടിയുള്ള രോഗനിർണ്ണയത്തിനും വേണ്ടി കാൻസേവ് കാൻസർ കെയർ പദ്ധതിയും നടിപ്പിലാക്കും.ഗ്രീൻ വിഷൻ പ്രൊജക്ടിന്റെ ഭാഗമായി എന്റെ നാട് എന്റെ മരം പ്രോഗ്രാമിലൂടെ 1,00,000 വൃക്ഷതൈകൾ നടുന്നതിനും കൂട്ടായ്മ ലക്ഷ്യമിടുന്നു.

പാവപ്പെട്ട ജനങ്ങൾക്ക് സൗജന്യമായി ഭക്ഷണം നല്കുന്നതിന് ലക്ഷ്യമിട്ടുള്ള വിശപ്പ് രഹിത കോതമംഗലം പദ്ധതിയും നടപ്പിലാക്കും. ഉന്നത വിദ്യാഭ്യാസത്തിന് വിദ്യാർത്ഥികളെ അർഹരാക്കുന്നതിന്റെ ഭാഗമായി സിവിൽ സർവ്വീസ്, എഞ്ചിനീയറിങ്, മെഡിസിൻ എന്നീ പ്രവേശനപരീക്ഷക്കുള്ള സൗജന്യ പരീശീലനപരിപാടി, എഡ്യൂകെയർ പ്രോഗ്രാമിന്റെ ഭാഗമായി നടപ്പിലാക്കും. പഠനത്തിൽ മികവു പുലർത്തുകയും സാമ്പത്തികമായി പിന്നോക്കം നിൽക്കുകയും ചെയ്യുന്ന വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പും ഏർപ്പെടുത്തിയിട്ടുണ്ട്.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് നൽകുകയും കലാകായിക മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്യും. 500 ലധികം പേർക്ക് നേരിട്ട് തൊഴിലവസരങ്ങൾ നൽകും. മെഗാ ജോബ് ഫെയറുകൾ സംഘടിപ്പിച്ച് തൊഴിൽരഹിതർക്ക് അവസരം ലഭ്യമാക്കുന്നതിനും ലക്ഷ്യമിട്ടിട്ടുണ്ട്. ഇറച്ചി, മുട്ട, പാൽ, പച്ചക്കറി, പഴവർഗ്ഗങ്ങൾ, മത്സ്യം എന്നിവയുടെ ഉല്പാദനത്തിൽ കോതമംഗലത്തെ സ്വയം പര്യാപ്തതയിൽ എത്തിക്കുക എന്ന ലക്ഷ്യത്തിലേയ്ക്കായി കൂട്ടായ്മ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുമൈന്നും ഭാരവാഹികൾ അറിയിച്ചു.

10000 കുടുമ്പങ്ങൾ അംഗളായിട്ടുള്ള കൂട്ടായ്മയുടെ രണ്ടാം വാർഷിക ആഘോഷങ്ങളോട് അനുബന്ധിച്ച് വിപുലമായ പരിപാടികളാണ് ആസൂത്രണം ചൈയ്തിട്ടുള്ളത്. ഈ മാസം 29 വൈകിട്ട് 5 മണിക്ക് കോതമംഗലം ബൈപാസ് റോഡിനു സമീപമുള്ള മൈതാനത്താണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളത്. പ്രശസ്ത സിനിമാതാരം ഫഹദ് ഫാസിൽ ഉദ്ഘാടനം നിർവ്വഹിക്കും. ചെയർമാൻ ഷിബു തെക്കുംപുറം അധ്യക്ഷത വഹിക്കും. തുടർന്ന് റിമി ടോമി അവതരിപ്പിക്കുന്ന മെഗാഷോ നടക്കും. പത്രസമ്മേളനത്തിൽ ചെയർമാൻ ഷിബുതെക്കുംപുറം, കേന്ദ്രകമ്മറ്റി അംഗങ്ങളായ ഡാമി പോൾ, കെ.പി.കുര്യാക്കോസ്, സി.കെ സത്യൻ, ജോർജ്ജ് കുര്യപ്പ്, സെക്രട്ടറി പി.പ്രകാശ് എന്നിവർങ്കെടുത്തു.