- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രി ഇരുന്നത് പുറത്തേക്കുള്ള വാതിലിന് അടുത്തുള്ള പിൻനിരയിലെ സീറ്റിൽ; പ്രതിഷേധക്കാർ ഇരുന്നത് മുൻനിരയിലും; ആകാശ പ്രതിഷേധത്തിൽ സത്യം അറിയാൻ വിമാനജീവനക്കാരുടെ മൊഴി നിർണ്ണായകമാകും; ഇപി ജയരാജനും യാത്രാ വിലക്കിന് സാധ്യത ഏറെ; ആ വിമാനത്തിൽ ഇന്നലെ സംഭവിച്ചത് എന്ത്?
തിരുവനന്തപുരം: വിമാനത്തിൽ നടന്നത് മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള വധശ്രമമോ? വിമാനത്തിൽ സിസിടിവിയുണ്ടെങ്കിൽ അത് കേസിൽ നിർണ്ണായകമാകും. വിമാന ജീവനക്കാരുടെ മൊഴിയും കേസിൽ തീരുമാനങ്ങളെടുക്കും. വിമാന കമ്പനിയും വിമാനത്താവള അധികാരികളും എടുക്കുന്ന നിലപാടും നിർണ്ണായകമാണ്. മുഖ്യമന്ത്രിയുടെ ഗൺമാന്റെ മൊഴിയാണ് ഇതിനെല്ലാം കാരണം. തങ്ങളെ പ്രതിഷേധക്കാർ ആക്രമിച്ചുവെന്നാണ് അവരുടെ മൊഴി. അതുകൊണ്ടാണ് വധശ്രമത്തിന് കേസ് വരുന്നത്. എന്നാൽ സംഭവിച്ചത് ഇവർ പറയുന്നതാണോ എന്ന സംശയവും സജീവം.
വിമാനത്തിൽ സിസിടിവിയുണ്ടെങ്കിൽ എല്ലാം വ്യക്തമാകും. ഏത് സാഹചര്യത്തിലാണ് പ്രതിഷേധമുണ്ടായതെന്നും ആ സമയം മുഖ്യമന്ത്രിയും ഗൺമാന്മാരും എവിടെയാണെന്നതും സിസിടിവിയിൽ തെളിയും. ഇതിനൊപ്പം വിമാന ജീവനക്കാർക്കും യാത്രക്കാർക്കും ഇക്കാര്യത്തിൽ സത്യം പറയാനാകും. ഇതെല്ലാം മൊഴിയായി പൊലീസ് രേഖപ്പെടുത്തുമോ എന്നതാണ് നിർണ്ണായകം. ഏതായാലും അതിനുള്ള ശ്രമമൊന്നും പൊലീസ് നടത്തുന്നില്ല. ഗൺമാന്റെ മൊഴിയിൽ കേസെടുത്ത പൊലീസ് പ്രതികളെ റിമാൻഡ് ചെയ്ത് ദീർഘകാലം ജയിലിൽ അടയ്ക്കാനുള്ള തീരുമാനത്തിലാണ്. വീഡിയോ റിക്കോർഡ് ചെയ്ത യാത്രക്കാരനെതിരേയും വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.
എന്നാൽ മുഖ്യമന്ത്രിയുടെ ഗൺമാൻ നൽകിയ മൊഴി സംശയത്തിലാണ്. മുഖ്യമന്ത്രിക്ക് പുറത്തേക്ക് പോയ ശേഷമാണ് അക്രമം എന്ന് ഇപി ജയരാജൻ ആദ്യം പ്രതികരിച്ചിരുന്നു. പിന്നീട് ഇത് മാറ്റി പറഞ്ഞു. രണ്ടാമത് ഗൺമാന്മാരുടെ മൊഴിയുടെ രീതിയിലേക്ക് ഇപിയുടെ നിലപാട് മാറ്റി. മുഖ്യമന്ത്രി ഉൾപ്പെടെ 36 യാത്രക്കാരുമായി വൈകിട്ട് 3.50നാണു വിമാനം കണ്ണൂരിൽ നിന്നു പുറപ്പെട്ടത്. ചെറിയ വിമാനമായതിനാൽ യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്ന പ്രധാന വാതിൽ പിൻഭാഗത്താണ്. അതിനാൽ മുഖ്യമന്ത്രി ഉൾപ്പെടെ വിഐപികൾക്കും സുരക്ഷാ ജീവനക്കാർക്കും പിൻനിരയിലായിരുന്നു സീറ്റ്.
18 നിര സീറ്റുള്ള വിമാനത്തിലെ എട്ടാം നിരയിലാണ് നവീൻ കുമാറും ഫർസീൻ മജീദും ഇരുന്നത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരെന്ന നിലയിൽ അറിയപ്പെടുന്ന ഇരുവരെയും കണ്ണൂർ മുതൽ മുഖ്യമന്ത്രിയുടെ സുരക്ഷാസംഘം നിരീക്ഷിക്കുന്നുണ്ടായിരുന്നു. അവർ പ്രതിഷേധിക്കാനുള്ള സാധ്യതയും ഏറെയാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിരുന്നു. എന്നിട്ടും അത് തടയാൻ പൊലീസിന് കഴിഞ്ഞില്ല. പുറത്തു വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുക മാത്രമാണ് യൂത്ത് കോൺഗ്രസുകാർ പറഞ്ഞത്.
വിമാനം 5.02 ന് തിരുവനന്തപുരത്ത് ലാൻഡ് ചെയ്തു. ആദ്യം മുഖ്യമന്ത്രി പുറത്തേക്കിറങ്ങുന്നതിനു പിന്നാലെയാണ് 'പ്രതിഷേധം... പ്രതിഷേധം... മുഖ്യമന്ത്രി രാജിവയ്ക്കുക' എന്നു മുദ്രാവാക്യം മുഴക്കി നവീൻ കുമാറും ഫർസീനും പിന്നിലേക്കു നടന്നു നീങ്ങിയത്. ഇതോടെ, മുഖ്യമന്ത്രിക്ക് സമീപം ഇരുന്നിരുന്ന ഇ.പി.ജയരാജൻ എണീറ്റ് ഇവർക്കരികിലേക്കു വന്ന്, ഇരുവരെയും തടഞ്ഞു നിർത്തി. വീണ്ടും മുദ്രാവാക്യമുയർത്തിയതോടെയാണ് ജയരാജൻ ക്ഷുഭിതനായി ഇരുവരെയും ഒന്നിച്ചു പിടിച്ചു തള്ളിയത്.
വീഴുന്നതിനിടയിൽ, 'പ്രതിഷേധിക്കാൻ അവകാശമില്ലേ?' എന്ന് ഇരുവരും ചോദിക്കുന്നുണ്ടായിരുന്നു. മുദ്രാവാക്യം മാത്രമുയർത്തി പ്രതിഷേധിച്ചവരെ കായികമായി ആക്രമിച്ചു ഗുരുതരമായി പരുക്കേൽപിച്ച ഇ.പി.ജയരാജനെതിരെ ഡിജിപിക്കും സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറലിനും പരാതി നൽകുമെന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്.ശബരീനാഥൻ പറഞ്ഞു. ഈ പരാതിയെ ഗൗരവത്തോടെ കണ്ടാൽ ഇപി ജയരാജന് വിമാനയാത്രാ വിലക്കുണ്ടാകാൻ സാധ്യത ഏറെയാണ്.
മറുനാടന് മലയാളി ബ്യൂറോ