കൊല്ലം: വീടുകൾ തോറും കയറിയിറങ്ങി വീട്ടു സാധനങ്ങൾ വിറ്റുവന്നിരുന്ന പാവപ്പെട്ട പെൺകുട്ടിയെ ഓർക്കാപ്പുറത്തു യുവാക്കൾ കയറിപ്പിടിച്ചു. പിന്നോട്ടുവീണ പെൺകുട്ടിയുടെ വസ്ത്രങ്ങൾ പ്രതികൾ വലിച്ചുകീറി.

രക്ഷപ്പെട്ടോടിയ പെൺകുട്ടിയെ പിന്തുടർന്നുവന്ന് മോട്ടോർ ബൈക്ക് ഓടിച്ച് ഇടിച്ചുവീഴ്‌ത്തുകയും ശരീരത്തിലൂടെ ഓടിച്ചുകയറ്റാൻ ശ്രമിക്കുകയും ചെയ്തു. പ്രതികളായ പറയത്തുമുക്കു തൊടിയിൽവീട്ടിൽ നിസാർ(40), പറയത്തുമുക്ക് മംഗരത്തുവിള വീട്ടിൽ ബിനു(31)എന്നിവരെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു.

വീട്ടിലെ സാമ്പത്തിക പരാധീനതകൾ കാരണം ജോലിക്കിറങ്ങിയതായിരുന്നു പെൺകുട്ടി. വീടുകൾ തോറും കയറിയിറങ്ങി വീട്ടുസാധനങ്ങൾ വിൽക്കുന്ന ജോലിയാണ് പെൺകുട്ടിക്കു ലഭിച്ചത്. കമ്മീഷൻ വ്യവസ്ഥയിൽ ജോലിചെയ്തിരുന്ന പെൺകുട്ടി നേരംവൈകിയും ജോലിചെയ്തിരുന്നു.

പെൺകുട്ടി സാധനങ്ങൾ വിൽക്കുന്ന വഴിയിൽ മദ്യപിച്ചുകൊണ്ടിരുന്ന പ്രതികൾ പെൺകുട്ടിയോട് വിൽക്കുന്ന സാധനങ്ങൾ കാണിക്കാൻ ആവശ്യപ്പെടുകയും സാധനങ്ങൾ എടുത്തു കാണിച്ചകൊണ്ടിരുന്ന പെൺകുട്ടിയെ പ്രതികൾ പിറകിലൂടെ കയറിപ്പിടിക്കാൻ ശ്രമിക്കുകയും ചെയ്തു. പേടിച്ചു പിന്നോട്ടുവീണ പെൺകുട്ടിയുടെ വസ്ത്രങ്ങൾ പ്രതികൾ വലിച്ചു കീറി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

പ്രതികളെ തള്ളി മാറ്റി ഓടിയ പെൺകുട്ടിയെ പിന്തുടർന്ന പ്രതികൾ മോട്ടോർബൈക്കു കൊണ്ടിടിച്ചിടുകയും ശരീരത്തിലൂടെ ഓടിച്ചുകയറ്റുകയും ചെയ്തു. ബഹളം കേട്ടു വന്ന പ്രദേശവാസികളാണ് പെൺകുട്ടിയെ രക്ഷപെടുത്തി ഹോസ്പിറ്റലിൽ എത്തിച്ചത്.

ഇരവിപുരം സർക്കിൽ ഇൻസ്പെക്ടർ പങ്കജാക്ഷന്റെ നിർദേശപ്രകാരം ഇരവിപുരം സബ് ഇൻസ്പെക്ടർ ഗോപി, അഡീഷണൽ എസ്. ഐ മാരായ ഷിബിൻ, ജ്യോതിഷ്, എ. എസ്. ഐ മാരായ ജോയ് ആൽബർട്ട്, റോജി എന്നിവർ ചേർന്നാണ് പ്രതികളെ അറസ്‌റ് ചെയ്തത്.