തൃശ്ശൂർ: കോടികൾ കമ്മീഷനടിക്കാൻ വേണ്ടിയാണ് പിണറായി സർക്കാർ കെ റെയിൽ പദ്ധതിക്കായി വാശി പിടിക്കുന്നത് എന്ന ആക്ഷേപമാണ് കേരളത്തിലെ പ്രതിപക്ഷ പാർട്ടികൾ ഉന്നയിക്കുന്നത്. ലക്ഷം കോടി ചിലവുള്ള ഈ പദ്ധതിയിൽ കടിച്ചുതൂങ്ങണോ എന്ന സംശയം ഉയർത്തിയിട്ടും അതൊന്നും വകവെക്കാതെയാണ് പിണറായി വിജയന്റെ മുന്നോട്ടു പോക്ക്. എന്നാൽ, വന്ദേഭാരത് അടക്കമുള്ള ട്രെയിനുകൾ കേരളത്തിൽ ഓടിക്കാൻ റെയിൽവെ തയ്യാറെടുക്കുമ്പോൾ ഈ അതിവേഗ പാത എന്തിനാണെന്ന ചോദ്യവും ഉയരുന്നുണ്ട്.

ഇതിനിടെ ഇപ്പോൾ തന്നെ കടത്തിൽ മുങ്ങി നിൽക്കുന്ന കേരളത്തിന് കെ റെയിൽ താങ്ങില്ലെന്ന നിഗമനത്തിലാണ് കേന്ദ്ര സർക്കാർ. ഈ സാഹചര്യത്തിൽ കെ റെയിലിനേക്കാൾ വേഗത്തിൽ കേരളത്തിൽ തീവണ്ടി ഓടിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടു പോകുകയാണ് ഇന്ത്യൻ റെയിൽവേ. കേരളവും സഹകരിച്ചാൽ മലയാളികൾക്ക് 160 കിലോമീറ്റർ വേഗതയിൽ തീവണ്ടിയിൽ കേരളത്തിൽ യാത്രചെയ്യാം.

കേരളത്തിൽ ആദ്യമായി 160 കിലോമീറ്റർ വേഗത്തിൽ തീവണ്ടിയോടിക്കാനുള്ള തീരുമാനവുമായാണ് റെയിൽവേ രംഗത്തുവന്നത്. ഇതിനായി പാതകൾ സജ്ജമാക്കാനുള്ള നടപടികൾക്ക് പച്ചക്കൊടിയായിട്ടുണ്ട്. എറണാകുളം-ഷൊർണൂർ പാതയിലെ നിർദിഷ്ട മൂന്നാംപാത 160 കിലോമീറ്ററിൽ വണ്ടിയോടിക്കാനുള്ള തരത്തിലാണ് നിലവിൽവരിക.

പാതയുടെ സർവേതുടങ്ങിയ ശേഷമാണ് 160 കിലോമീറ്റർ വേഗസാധ്യതയുള്ള പാതയ്ക്കുള്ള നിർദ്ദേശം വന്നത്. 130 കിലോമീറ്ററിൽ വണ്ടികളോടിക്കാനുള്ള പാതയാണ് സർവേയുടെ തുടക്കത്തിൽ നിർദ്ദേശിച്ചിരുന്നത്. പണിതുടങ്ങാനിരിക്കുന്ന അമ്പലപ്പുഴ-എറണാകുളം 82 കിലോമീറ്റർ രണ്ടാംപാതയും 160 കിലോമീറ്റർ വേഗസാധ്യതയുള്ള രീതിയിൽ പണിയാനാണ് തീരുമാനം. രണ്ടുപദ്ധതികളും പൂർത്തിയാകുമ്പോൾ കേരളത്തിൽ 189 കിലോമീറ്റർ ദൂരം 160 കിലോമീറ്റർവരെ വേഗത്തിലുള്ള വണ്ടികളോടിക്കാൻ കഴിയും.

നിലവിൽ കേരളത്തിലെ പാളങ്ങളിലെ ശരാശരി വേഗം 85-90 കിലോമീറ്ററാണ്. പരമാവധി 100 കിലോമീറ്ററിൽ കൂടുതൽ വേഗത്തിൽ ഓടിക്കാൻ ഇപ്പോൾ കഴിയുന്നില്ല. അടുത്തിടെ ചെന്നൈയിൽ നടന്ന യോഗത്തിലും കേരളത്തിലെ പരമാവധി വേഗം 130-ലേക്ക് എത്തിക്കാനുള്ള തീരുമാനമെടുത്തിരുന്നു.

എന്നാൽ, രാജ്യവ്യാപകമായി തിരക്കേറിയ പാതകൾ 160 കിലോമീറ്ററിലേക്ക് എന്ന റെയിൽവേനയത്തിലേക്ക് മാറുന്നതിന്റെ ആദ്യചുവടായിട്ടാണ് മാറ്റം. മുംബൈ-ഡൽഹി, ഡൽഹി-ഹൗറ റൂട്ടുകളിൽ 160 കിലോമീറ്റർ വേഗത്തിലുള്ള വണ്ടികളോടിക്കാവുന്നതരത്തിൽ പാതകൾ ക്രമീകരിക്കുന്ന ജോലികൾ നടന്നുവരികയാണ്. അതേസമയം 130 കിലോമീറ്റർ വേഗം സാധ്യമായ മൂന്നാംപാതയ്ക്കുള്ള ചെലവ് 4000 കോടിയാണ് നിശ്ചയിച്ചിരുന്നത്. 160 കിലോമീറ്ററിലേക്കുയർത്തുമ്പോൾ ചെലവുകൂടും. എത്രയാവുമെന്ന് സർവേക്കുശേഷമേ അറിയാനാവൂ. കൂടുതൽ സ്ഥലമേറ്റെടുക്കേണ്ടിവരും. നേർരേഖയിലുള്ള പാതയാണ് പണിയുക.

നിലവിലെ ഇരട്ടപ്പാതയ്ക്ക് സമാന്തരമായിട്ടായിരിക്കും മൂന്നാംപാത എന്നാണ് പറഞ്ഞിരുന്നെങ്കിലും വളവുകൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി ചില സ്റ്റേഷനുകൾ ഒഴിവാക്കും. എറണാകുളം ജങ്ഷൻ, എറണാകുളം നോർത്ത്, ആലുവ, അങ്കമാലി, തൃശ്ശൂർ, ഷൊർണൂർ സ്റ്റേഷനുകളായിരിക്കും മൂന്നാംപാതയിൽ വരിക. ആകെ ദൂരം 107 കിലോമീറ്റർ ദൂരമാണ് മൂന്നാം പാതയ്ക്ക് വേണ്ടി വരിക. 250 ഹെക്ടർ സ്ഥലം ഏറ്റെടുക്കേണ്ടി വന്നേക്കാമെന്നാണ് കണക്കു കൂട്ടൽ. ഇരുവശത്തേക്കും വണ്ടികളോടിക്കുാനാണ് പദ്ധതി. അന്തിമ സർവേ നാലുമാസത്തിനകം തീർക്കാനാണ് റെയിൽവേയുടെ പ്ലാൻ.

ഈ പദ്ധതിയുമായി മുന്നോട്ടു പോകാനാണ് റെയിൽവേയുടെ പദ്ധതിയെങ്കിൽ സംസ്ഥാന സർക്കാറിന്റെ കെ റെയിൽ തൽക്കാലം കട്ടപ്പുറത്തു തന്നെയാകാനാണ് സാധ്യത. നേരത്തെ 130 കിലോമീറ്റർ വേഗം സാധ്യമാകുന്ന തരത്തിൽ പുതിയ പാതകൾ നിർമ്മിക്കണമെന്ന റെയിൽവേ ബോർഡ് നിർദ്ദേശത്തെ തുടർന്നു പാതയുടെ അലൈന്മെന്റ് പുതുക്കിയപ്പോൾ അധിക സാമ്പത്തികബാധ്യത വരുമെന്നു കണ്ടെത്തിയിരുന്നു.

അന്തിമ ലൊക്കേഷൻ സർവേ തുടരുന്നുണ്ടെങ്കിലും ചെലവ് ഇരട്ടിയാകുമെന്നതിനാൽ മൂന്നാം പാത പദ്ധതി തൽക്കാലം മാറ്റി വെക്കുയാണ് ഉണ്ടായത്. എന്നാൽ പിന്നീട് എറണാകുളം - ഷൊർണൂർ പാതയിൽ ഓട്ടമാറ്റിക് സിഗ്നലിങ് സംവിധാനം ഏർപ്പെടുത്താനാണു മുൻഗണനിലേക്കും റെയിൽ അധികൃതകർ കടന്നിരുന്നു. എറണാകുളം - ഷൊർണൂർ മൂന്നാം പാതയ്ക്കു 2018ലാണു റെയിൽവേ അനുമതി നൽകിയത്. കഴിഞ്ഞ 3 ബജറ്റുകളിലും നാമമാത്രമായ തുകയാണു പദ്ധതിക്കു വകയിരുത്തിയത്. എറണാകുളം ഷൊർണൂർ റൂട്ടിൽ ആദ്യം നിലവിലുള്ള പാതയ്ക്കരികിൽ 80 കിലോമീറ്റർ വേഗത്തിൽ തന്നെ ട്രെയിനോടിക്കാനായിരുന്നു പദ്ധതി. വേഗം കൂട്ടാൻ അലൈന്മെന്റ് പുതുക്കിയപ്പോൾ തൃശൂർ, ചാലക്കുടി സ്റ്റേഷനുകൾ മാത്രമാണു പുതിയ പാതയിൽ ബന്ധിപ്പിക്കാൻ കഴിയുന്നത്.

ഗുഡ്‌സ് ട്രെയിനുകൾ എത്തേണ്ട സ്റ്റേഷനുകൾ ബന്ധിപ്പിക്കാതെ പാത നിർമ്മിക്കുന്നതിനോടു റെയിൽവേ ഉദ്യോഗസ്ഥർക്കിടയിൽ യോജിപ്പില്ല. പുതിയ പാത നിർമ്മിക്കുന്നതിന്റെ മൂന്നിലൊന്നു ചെലവിൽ ഓട്ടമാറ്റിക് സിഗ്നലിങ് സംവിധാനം ഏർപ്പെടുത്താൻ കഴിയുമെന്നതാണു നേട്ടം.