- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിറന്ന് വീണ് അഞ്ച് മക്കളും ഭിന്നശേഷിക്കാർ; നാലുപേരേയും വിധി തട്ടിയെടുത്തപ്പോൾ അഞ്ചാമൻ വിനയൻ മാത്രം; ലീലാ അന്തർജനം വിട്ട് നൽകിയത് മൂന്നരകോടിയോളം വിലവരുന്ന വസ്തു; സേവാ ഭാരതി പടുതുയർത്തുന്നത് ഭിന്നശേഷിക്കാർക്കായുള്ള സുകർമ വികാസ് കേന്ദ്രവും
നെടുമ്പാശേരി: ലീലാ അന്തർജനത്തിന്റെ വിശാല മനസിൽ സേവാ ഭാരതി പടുതുയർത്തുന്നത് ഭിന്നശേഷിക്കാർക്കായുള്ള പടുകൂറ്റൻ കേന്ദ്രം. പാറക്കടവ് കുന്നപ്പിള്ളി മനയിൽ ലീല അന്തർജനത്തിന്റെ വിശാല മനസാണ് ഭിന്നശേഷിയുള്ള ഒരുപാട് പേരുടെ ജീവിതത്തിൽ നിലാവെളിച്ചമാകുന്നത്.
ലീല സംഭാവനയായി നൽകിയ സ്ഥലത്ത് സേവാഭാരതി നിർമ്മിക്കുന്ന സുകർമ വികാസ് കേന്ദ്രം നവംബറിൽ പ്രവർത്തനമാരംഭിക്കും. ജയന്തൻ നമ്പൂതിരിയുടെയും ലീല അന്തർജനത്തിന്റെയും 5 മക്കളും ഭിന്നശേഷികളുമായി പിറന്നവരായിരുന്നു. നാലു പേരെയും വിവിധ കാലഘട്ടങ്ങളിൽ വിധി തട്ടിയെടുത്തു. 3 വർഷം മുമ്പ് ഭർത്താവും മരിച്ചു. പിന്നീട് മകൻ വിനയനും ലീല അന്തർജനവും തനിച്ചായി. വിനയന് 33 വയസുണ്ടെങ്കിലും പരസഹായം എല്ലായ്‌പ്പോഴും വേണം.
തന്റെയും മകന്റെയും ഭാവി ജീവിതം സുരക്ഷിതമാക്കുന്നതിനൊപ്പം ചുറ്റുമുള്ളവരുടെ കണ്ണീരൊപ്പാൻ കൂടിയാണ് ലീല അന്തർജനം തയാറായത്. അങ്കമാലി സേവാഭാരതിക്ക് ദാനമായി നൽകിയ 71 സെന്റിലാണ് ഭിന്നശേഷിക്കാർക്കായുള്ള കേന്ദ്രം തയാറാകുന്നത്. ഒറ്റ നിബന്ധനയിലാണ് മൂന്നരക്കോടിയോളം രൂപ വില വരുന്ന സ്ഥലം വിട്ടുനൽകിയത്. വിനയനെപ്പോലുള്ള മറ്റുള്ളവർക്കും ആശ്രയമാകുന്ന ഒരു കേന്ദ്രം ഉയരണം. ആദ്യഘട്ടം നവംബറിൽ പൂർത്തിയാകും.
തുടക്കത്തിൽ 30 പേർക്കും രക്ഷിതാക്കൾക്കുമുള്ള സൗകര്യമുണ്ടാകും. 3 നിലകളിലായി നാലുകെട്ടു മാതൃകയിൽ നിർമ്മിക്കുന്ന കേന്ദ്രം 12,000 ചതുരശ്ര അടി വിസ്തീർണമുള്ളതാണ്. ലീല അന്തർജനത്തിന്റെ മാതൃക പിൻതുടർന്ന് മറ്റു ചിലരും സ്ഥലവും മറ്റും കേന്ദ്രത്തിനായി സംഭാവന ചെയ്യുന്നുണ്ട്. റിട്ട.ഹെഡ്‌മിസ്ട്രസ് വിലാസിനി 17.5 സെന്റ് നൽകി. കുറുമശേരി കണ്ടനാട്ട് സരോജിനിയമ്മ 24.5 സെന്റ് നൽകി. ഭിന്നശേഷിയുള്ള മുപ്പതോളം പേർ ഇതിനകം സുകർമയുടെ ഭാഗമാകാൻ പേര് രജിസ്റ്റർ ചെയ്തുകഴിഞ്ഞു.
മറുനാടന് ഡെസ്ക്