തിരുവനന്തപുരം: എരുമേലി വിമാനത്താവള പദ്ധതിക്ക് പുതി ജീവനൻ നൽകുകയാണ് ഹാരിസൺ എസ്റ്റേറ്റുകൾ ഏറ്റെടുത്ത നടപടി റദ്ദാക്കിയ ഹൈക്കോടതി വിധി. നിർദിഷ്ട ശബരിമല വിമാനത്താവളത്തിനു ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ഇനി വേഗത്തിലാകും. ഹൈക്കോടതി വിധിയോടെ രാജമാണിക്യം റിപ്പോർട്ടും അതിന്മേലുള്ള ഭൂമി ഏറ്റെടുക്കലും അസാധുവായി. ഇതോടെ എരുമേലിയിലെ ചെറുവള്ളി എസ്‌റ്റേറ്റിൽ ബിലീവേഴ്‌സ് ചർച്ചിന് അവകാശവും വന്നു. ഈ സാഹചര്യത്തിൽ ചെറുവള്ളി എസ്‌റ്റേറ്റ് പണം കൊടുത്ത് സർക്കാരിന് വാങ്ങാം. അതിലൂടെ വിമാനത്താവളം പണിയുകയും ചെയ്യാം.

ചെറുവള്ളി ഭൂമി ഹാരിസണിൽ നിന്ന് ബിലീവേഴ്‌സ് ചർച്ച് വാങ്ങിയതാണ്. ഈ വസ്തുവിൽ സർക്കാർ അവകാശ തർക്കമുണ്ട്. അതുകൊണ്ട് തന്നെ ഭൂമി വിലകൊടുത്ത് വാങ്ങുന്നതിനെതിരെ പ്രതിഷേധം ശക്തമായി. ഇതോടെ സ്ഥലം വിട്ടുനൽകില്ലെന്ന് ബിലീവേഴ്‌സ് ചർച്ചും നിലപാട് എടുത്തു. ഹൈക്കോടതി ഉത്തരവോടെ ഈ പ്രശ്‌നമാണ് തീരുന്നത്. വിമാനത്താവളം നിർമ്മിക്കാൻ അനുയോജ്യമെന്നു കണ്ടെത്തിയ സ്ഥലം കോട്ടയം-പത്തനംതിട്ട അതിർത്തിയിലുള്ള ചെറുവള്ളി എസ്റ്റേറ്റാണ്. ഇതു സംബന്ധിച്ച സാധ്യതാപഠനം നടത്തിയെങ്കിലും ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കം ഹൈക്കോടതിയിലായതോടെ എല്ലാം സാവധാനത്തിലായി. പണം കൊടുക്കാൻ കഴിയില്ലെന്ന് വന്നതാണ് ഇതിന് കാരണം.

കോടതി വിധി വരുന്നതിനു മുൻപുതന്നെ സ്ഥലത്തിന്റെ വില നിശ്ചയിച്ച് ആ തുക ഹൈക്കോടതിയിൽ കെട്ടിവച്ച് വിമാനത്താവളത്തിനു സ്ഥലം ഏറ്റെടുക്കാൻ സർക്കാർ ആദ്യം ആലോചിച്ചെങ്കിലും അതു സംബന്ധിച്ച നടപടി മുന്നോട്ടുപോയില്ല. ചെറുവള്ളി എസ്റ്റേറ്റ് 2263 ഏക്കറാണ്. ഇതിൽ 800 ഏക്കർ മാത്രമാണ് വിമാനത്താവളത്തിനായി പരിഗണിച്ചത്. ഹൈക്കോടതി വിധി അനുകൂലമായതോടെ ഉടമസ്ഥരായ ബിലിവേഴ്‌സ് ചർച്ചിന് ബാക്കി സ്ഥലം സ്വതന്ത്രമായി ഉപയോഗിക്കാനുമാകും. വിമാനത്താവളത്തിനു സ്ഥലം വിട്ടുകൊടുക്കാൻ തയാറാണെന്ന് ബിലിവേഴ്‌സ് ചർച്ച് അധികൃതർ നേരത്തേ തന്നെ സർക്കാരിനെ അറിയിച്ചിട്ടുണ്ട്. വിമാനത്താവളം എല്ലാവരുടെയും ആവശ്യമാണെന്ന നിലയ്ക്ക് സഭ പിന്തുണയ്ക്കുമെന്നും അതിനായി സ്ഥലം സർക്കാരിന് നൽകുമെന്ന മുൻനിലപാടിൽ മാറ്റമില്ലെന്നും ബിലിവേഴ്‌സ് ചർച്ച് പിആർഒ ഫാ. സിജോ പന്തപ്പള്ളിയിൽ അറിയിച്ചു.

ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കംമൂലം കഴിഞ്ഞ 10 വർഷമായി ചെറുവള്ളി എസ്റ്റേറ്റിന്റെ ഭൂനികുതിയും തോട്ടം നികുതിയും റവന്യു വകുപ്പ് സ്വീകരിക്കുന്നില്ല. ഹാരിസൺസ് കമ്പനി എസ്റ്റേറ്റ് ബിലിവേഴ്‌സ് ചർച്ചിനു കൈമാറിയ സമയത്തു നടത്തിയ പോക്കുവരവും അധികൃതർ റദ്ദാക്കിയിരുന്നു. ഇതിനെല്ലാം പരിഹാരമുണ്ടാവുകയാണ്.

ചെങ്ങറയിലും അനിശ്ചിതത്വം

ഹാരിസൺ ഭൂമി ഏറ്റെടുക്കൽ റദ്ദാക്കിയ ഹൈക്കോടതിവിധി ചെങ്ങറയുടെ ഭാവിയിലും നിർണായകമാകും. 10 വർഷമായി ഇവിടെ ഭൂരഹിതരായ ആളുകൾ താമസിച്ചു സമരംചെയ്യുകയാണ്. ഭൂമി സർക്കാരിനു സ്വന്തമായിരുെന്നങ്കിൽ താമസക്കാർക്ക് അവിടം പതിച്ചുകിട്ടുന്നതിന് എളുപ്പമാകുമായിരുന്നു. ഇനി അത് നടക്കില്ല. 620 കുടുംബങ്ങൾ അടിസ്ഥാനപൗരരേഖകൾ ഒന്നുമില്ലാതെ കഴിയുന്നു. 10 വർഷത്തിനിടെ 40-ലധികം ചർച്ചകൾ നടത്തിയിട്ടും രണ്ടു പാക്കേജ് വന്നിട്ടും ഭൂമിയില്ലാത്തവർ ഇപ്പോഴും അലയുന്നു. 2007 ഓഗസ്റ്റിൽ തുടങ്ങിയ സമരത്തിൽ പങ്കെടുത്തവരിൽ 78 പേർക്കുമാത്രമാണ് വാസയോഗ്യമായ ഭൂമി കിട്ടിയത്.

2009-ൽ ഉണ്ടാക്കിയ പാക്കേജനുസരിച്ച് 1495 പേർക്ക് ഭൂമി നൽകാനാണ് തീരുമാനിച്ചത്. ജില്ലാ കളക്ടർമാർ വിവിധ ജില്ലകളിൽ കണ്ടുപിടിച്ച ഭൂമിക്ക് ചെങ്ങറ രജിസ്റ്റർപ്രകാരം പട്ടയം നൽകി. ഭൂരിഭാഗംപേർക്കും കിട്ടിയത് പാറയും മലയിടുക്കുമാണ്. വീടുപോയിട്ട്, കാൽ നാട്ടാൻപോലും പറ്റാതെ മിക്കവരും മടങ്ങി. ചിലർ ചെങ്ങറയിലെത്തി. മറ്റുള്ളവർ സ്ഥിരം താമസസ്ഥലം ഇല്ലാതെ അലയുന്നു. പുതിയ വിധിയോടെ ചെങ്ങറയിൽ കഴിയുന്നവർക്ക് സ്ഥലം ഒഴിയേണ്ടി വരും.

ചെങ്ങറയിൽ കഴിഞ്ഞിരുന്നവർ മാതൃകാ അംേബദ്കർ ഗ്രാമം സൃഷ്ടിച്ചിരുന്നു. ളാഹ ഗോപാലനായിരുന്നു നേതാവ്. സ്വന്തമായി കൃഷിചെയ്തു. സ്വാശ്രയഗ്രാമം എന്ന സങ്കല്പം കൊണ്ടുവന്നു. പാറയിളക്കി ചുറ്റും മതിൽ കെട്ടി. വന്യജീവികളുടെ ആക്രമണം തടയാനാണ് ഇതു ചെയ്തത്. പിന്നീട് ആഭ്യന്തരതർക്കങ്ങൾകാരണം ളാഹ ഗോപാലൻ സമരഭൂമി വിട്ടു. ടി.ആർ.ശശിയാണ് ഇപ്പോൾ നേതൃത്വം. ഗോത്രവർഗ കമ്മിഷൻ ചെയർമാൻ പി.എൻ.വിജയകുമാർ സന്ദർശിച്ചു നൽകിയ ശുപാർശകൾ ഒന്നുപോലും നടപ്പായില്ല. റേഷൻകാർഡ്, വീട്ടുനമ്പർ, അങ്കണവാടി, കൃഷിസഹായം എന്നിവ ഇല്ലാതെയാണ് ഇവർ കഴിയുന്നത്.