യൂറോപ്യൻ യൂണിയന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ രംഗങ്ങൾ നാശത്തിന്റെ വക്കിലെത്തി നിൽക്കുന്നുവെന്നും അതിനാൽ യൂണിയൻ ഏറെ വൈകാതെ ശിഥിലമാകുമെന്നതിൽ യാതൊരു സംശയവും വേണ്ടെന്നുമാണ് മുതിർന്ന സാമ്പത്തിക ശാസ്ത്രജ്ഞനായ റോഗർ ബൂട്ടിൽ മുന്നറിയിപ്പേകുന്നത്. ഇറ്റലിയിലെയും ഫ്രാൻസിലെയും തെരഞ്ഞെടുപ്പ് യൂറോപ്യൻ യൂണിയന്റെ ഭാവി നിർണയിക്കുന്നതിൽ അതി നിർണായകമാണെന്നും അതിനാൽ ഇപ്പോൾ തന്നെ കരുതൽ എടുത്താൽ നന്നായിരിക്കുമന്നെും റോഗർ നിർദേശിക്കുന്നു. ഫ്രാൻസിലെ ആസന്നമായ തെരഞ്ഞെടുപ്പിൽ മരിനെ ലെ പെൻ അടുത്ത പ്രസിഡന്റാകുമെന്നാണ് പ്രവചനം. ഇതോടെ യൂറോപ്യൻ യൂണിയൻ നിലനിൽക്കാൻ കടുത്ത വെല്ലുവിളികളെ നേരിടേണ്ടി വരുമെന്ന ആശങ്കയും ശക്തമാണ്. ലെ പെൻ കടുത്ത യൂണിയൻ വിരുദ്ധനാണെന്നതാണ് ഇതിന് കാരണം. ഇതിന് പുറമെ ഇറ്റലിയിൽ യൂണിയൻ വിരുദ്ധ കക്ഷികൾക്കുണ്ടാകുന്ന മുന്നേറ്റവും യൂണിയന്റെ നിലനിൽപ്പിനെ അപകടത്തിലാക്കുമെന്നാണ് റോഗർ പ്രവചിക്കുന്നത്.

ബ്രെക്‌സിറ്റിന് അനുകൂലമായി യുകെയിലെ ജനത വോട്ട് ചെയ്തത് മുതൽ യൂറോസോൺ കനത്ത പ്രതിസന്ധിയിലേക്ക് നീങ്ങിത്തുടങ്ങിയിരുന്നുവെന്നും ഇപ്പോൾ ഫ്രാൻസ്, ഇറ്റലി പോലുള്ള മറ്റ് യൂണിയൻ രാജ്യങ്ങളിലുണ്ടായിക്കൊണ്ടിരിക്കുന്ന അഭ്യന്തര പ്രശ്‌നങ്ങൾ ബ്രസൽസ് ബ്ലോക്കിനെ തകർക്കാനുള്ള എല്ലാ വിധ സാധ്യതകളും ഉയർത്തുന്നുണ്ടെന്നും കാപിറ്റൽ എക്കണോമിക്‌സിന്റെ ഡയറക്ടറും കൂടിയായ റോഗർ ഉയർത്തിക്കാട്ടുന്നു. നിലവിൽ എല്ലാവരും കടുത്ത രീതിയിലുള്ള ബ്രെക്‌സിറ്റിനെ പറ്റിയും മൃദുവായ ബ്രെക്‌സിറ്റിനെ പറ്റിയും ചർച്ച ചെയ്യുന്ന തിരക്കിലാണെന്നും എന്നാൽ യൂണിയന്റെ ഭാവി അനിശ്ചിതത്വത്തിലായ കാര്യം മിക്കവർക്കും അറിയില്ലെന്നും അദ്ദേഹം പറയുന്നു. യഥാർത്ഥത്തിൽ അടുത്ത ഏതാനും വർഷങ്ങൾ കൂടി മാത്രമേ യൂറോപ്യൻ യൂണിയൻ നിലനിൽക്കാൻ പോകുന്നുള്ളുവെന്നാണ് റോഗർ മുന്നറിയിപ്പേകുന്നത്.

ഇറ്റലിയിൽ കഴിഞ്ഞ ആഴ്ച ഭരണഘടനാ പരിഷ്‌കാരം മുൻനിർത്തി നടത്തിയ റഫറണ്ടത്തിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഇവിടുത്തെ യൂണിയൻ അനുകൂല പ്രധാനമന്ത്രി മറ്റിയോ റെൻസി രാജി വച്ചിരുന്നു. ഇതിനെ തുടർന്ന് ഇറ്റലി യൂറോ വിട്ട് പോകുന്നതിനുള്ള സാധ്യത വർധിച്ചിരിക്കുകയാണ്. ഫ്രാൻകോയിസ് ഫില്ലനെ തെരഞ്ഞെടുക്കണമോ അതല്ല തീവ്രവലതുപക്ഷ പാർട്ടി സ്ഥാനാർത്തിയായ ലെ പെന്നിനെ അധികാരത്തിലേറ്റണമോ എന്ന കാര്യത്തിൽ ഫ്രാൻസ് എടുക്കുന്ന തീരുമാനം യൂണിയന്റെ നിലനിൽപ്പിനെ കൂടി ബാധിക്കുമെന്നാണ് റോഗർ മുന്നറിയിപ്പേകുന്നത്. ലെ പെൻ വിജയിച്ചാൽ ഫ്രാൻസ് ബ്രിട്ടനെ പിന്തുടർന്ന് യൂണിയനും തുടർന്ന് യൂറോസോണും വിടുമെന്നാണ് ആശങ്കയുണർന്നിരിക്കുന്നത്.

നിലവിലെ ഫ്രാൻസ് പ്രസിഡന്റായ ഫ്രാൻകോയിസ് ഹോളണ്ടാണ് യൂണിയന്റെ പ്രധാനപ്പെട്ട നേതാക്കളിലൊരാൾ. യൂണിയൻ നിലനിർത്താൻ വേണ്ടി അദ്ദേഹം അങ്ങേയറ്റം പരിശ്രമിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ അഭാവവും തീവ്ര വലതുപക്ഷവാദികളുടെ കൈയിൽ ഫ്രാൻസിന്റെ അധികാരമെത്തുകയും ചെയ്താൽ യൂണിയന്റെ തകർച്ചക്ക് ആക്കം കൂടുന്നതാണ്. അനിവാര്യമായ യൂണിയൻ തകർച്ചയെ നേരിടാൻ ബ്രിട്ടൻ ഒരുങ്ങിത്തുടങ്ങിയിട്ടുണ്ടെന്നും യൂണിയൻ തകർന്നാലും യുകെയിൽ ഇത് വലിയ പ്രത്യാഘാതമുണ്ടാക്കാത്ത രീതിയിൽ ബ്രെക്‌സിറ്റ് ഡീലുകൾ തയ്യാറാക്കേണ്ടിയിരിക്കുന്നുവെന്നും റോഗർ പറയുന്നു. ജൂൺ 23ന് നടന്ന യൂറോപ്യൻ യൂണിയൻ റഫറണ്ടത്തിൽ ബ്രെക്‌സിറ്റിന് ബ്രിട്ടനിലെ ഭൂരിപക്ഷവും വോട്ട് ചെയ്തതിലൂടെ രാജ്യം യൂറോസോണിൽ നിന്നും ഷെൻഗൻ ബ്ലോക്കിൽ നിന്നും വിട്ട് പോകുന്നതിന് തങ്ങൾ ഉയർന്ന മുൻഗണനയാണ് നൽകിയിരിക്കുന്നതെന്നും റോഗർ ചൂണ്ടിക്കാട്ടുന്നു.