ഞ്ച് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽനിന്നുള്ള പൗരന്മാർക്ക് വിസ ഏർപ്പെടുത്തിയ അമേരിക്കൻ നടപടിക്കെതിരെ, അമേരിക്കക്കാർക്കെല്ലാം യൂറോപ്യൻ രാജ്യങ്ങളിൽ വിസ നിർബന്ധമാക്കി യൂറോപ്യൻ യൂണിയന്റെ തിരിച്ചടി. ഡൊണാൾഡ് ട്രംപിന്റെ അമേരിക്കയും യൂറോപ്യൻ യൂണിയനും തമ്മിൽ അകലുകയാണെന്ന സൂന ശക്തമാക്കുന്നതാണ് ഏറ്റവുമൊടുവിലത്തെ വിസ വിവാദം.

പോളണ്ട്, ക്രൊയേഷ്യ, ബൾഗേറിയ, റുമാനിയ, സൈപ്രസ് എന്നീ രാജ്യങ്ങളിൽനിന്നുള്ളവർക്ക് വിസയില്ലാതെ അമേരിക്ക സന്ദർശിക്കാനുള്ള അനുവാദം റദ്ദാക്കിയതോടെയാണ് യൂറോപ്യൻ യൂണിയൻ അതേ നാണയത്തിൽ തിരിച്ചടി നൽകിയത്. മറ്റു യൂറോപ്യൻ രാജ്യങ്ങളിൽനിന്നുള്ളവർക്ക് അമേരിക്കയിലെത്താൻ മുൻകൂട്ടി വിസ നേടേണ്ടതില്ല.

യൂറോപ്യൻ യൂണിയനിലെ മറ്റ് 23 രാജ്യങ്ങൾക്കും വിസയില്ലാതെ അമേരിക്കയിലെത്താമെങ്കിലും ഈ അഞ്ച് രാജ്യങ്ങളിൽനിന്നുള്ളവർക്ക് അത് അനുവദിക്കാനാവില്ലെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ ബ്യൂറോ ഓഫ് കോൺസുലാർ അഫയേഴ്‌സ് വ്യക്തമാക്കി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതുകൊണ്ടാണ് അഞ്ചുരാജ്യങ്ങളെ വിസ ആവശ്യമുള്ളവരുടെ പട്ടികയിൽ പെടുത്തിയിരിക്കുന്നത്.

ഇതേച്ചൊല്ലി യൂറോപ്യൻ യൂണിയനും അമേരിക്കയും തമ്മിൽ തർക്കം തുടങ്ങിയിട്ട് കുറേക്കാലമായി. എല്ലാ അംഗരാജ്യങ്ങളിലെയും പൗരന്മാരെ തുല്യരായി കാണണമെന്നതാണ് യൂറോപ്യൻ യൂണിയൻ ആവശ്യപ്പെടുന്നത്. 2014 മുതൽക്ക് ഈ അഞ്ചുരാജ്യങ്ങളി പൗരന്മാർക്കും വിസയില്ലാതെ അമേരിക്കയിലെത്താൻ അനുമതി നൽകണമെന്ന് യൂറോപ്യൻ യൂണിയൻ ആവശ്യപ്പെടുന്നു. എന്നാൽ, അതിന് അമേരിക്ക വഴങ്ങാതെ വന്നതോടെയാണ് കടുത്ത തീരുമാനത്തിലേക്ക് യൂറോപ്പ് നീങ്ങിയത്.

യൂറോപ്പിലെ ഏതുരാജ്യത്ത് കടക്കണമെങ്കിലും അമേരിക്കൻ പൗരന്മാർക്ക് വിസ വേണമെന്ന് യൂറോപ്യൻ യൂണിയൻ പാർലമെന്റ് നിശ്ചയിച്ചു. വിസ നിയന്ത്രമങ്ങളില്ലാതെ ലക്ഷക്കണക്കിന് അമേരിക്കൻ സന്ദർശകരാണ് ഓരോവർഷവും യൂറോപ്പിലെത്തുന്നത്. മെയ് മാസത്തിനുള്ളിൽ അമേരിക്കൻ പൗരന്മാർക്ക് വിസ ഏർപ്പെടുത്താനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ അംഗരാജ്യങ്ങൾക്ക് യൂറോപ്യൻ യൂണിയൻ കർശന നിർദ്ദേശം നൽകി.

ഈ തർക്കത്തിന് നയതന്ത്ര തലത്തിൽ പരിഹാരം കാണാൻ ഇപ്പോഴും ശ്രമിക്കുന്നുണ്ടെന്ന് യൂറോപ്യൻ കമ്മീഷൻ വ്യക്തമാക്കി. ജൂൺ 15-ന് നടക്കുന്ന യൂറോപ്പ്-യു.എസ്. മന്ത്രിതല ചർച്ചയിൽ ഇക്കാര്യം പരിഹരിക്കപ്പെടാനുള്ള സാധ്യതയും അവർ മുന്നോട്ടുവച്ചു. മുഴുവൻ അംഗരാജ്യങ്ങളിലെയും പൗരന്മാർക്ക് വിസയില്ലാതെ അമേരിക്കയിലെത്താൻ അനുമതി നൽകണമെന്ന് ചർച്ചയിൽ ആവശ്യപ്പെടുമെന്ന് കമ്മീഷൻ വക്താവ് പറഞ്ഞു.