പത്തനംതിട്ട: കെഎം മാണിക്ക് ബജറ്റ് അവതരിപ്പിക്കാൻ സഹായംചെയ്യുന്നതിനിടെ ജമീലാ പ്രകാശത്തിന്റെ കടി കൊണ്ടു. പൊതുവേദികളിൽ ഉമ്മൻ ചാണ്ടിക്ക് വേണ്ടി സോളാർ കേസ് ന്യായീകരണ തൊഴിലാളിയായി. പക്ഷേ, ആറന്മുളയിൽ വീണാ ജോർജിനോട് തോറ്റതോടെ കെ. ശിവദാസൻ നായർ കോൺഗ്രസിൽ നിന്ന് ഏതാണ്ട് ഔട്ടായ ലക്ഷണമാണ്. പാർട്ടിയിൽ പ്രത്യേകിച്ച് പദവികൾ ഒന്നും ഇല്ലാതെ അലയുന്നു. ശിവദാസൻ നായർ ഏതെങ്കിലും ഒരു പരിപാടിയിൽ പങ്കെടുത്താൽ എന്ത് പദവി കൊടുക്കണമെന്ന് അറിയാതെ അണികളും വലയുന്നു.

ചിലർ മുൻ എംഎൽഎ എന്ന പദവി ചാർത്തും. മറ്റു ചിലർ മുൻ ഡിസിസി പ്രസിഡന്റ് എന്നും സംസ്ഥാന കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് എന്നും ചേർക്കും. എന്തായാലും എ ഗ്രൂപ്പിലെ പുലിയായിരുന്ന ശിവദാസൻ നായർ ഇപ്പോൾ എലിയായി മാറി. ചെങ്ങന്നൂർ സീറ്റിന് വേണ്ടി നായർ കാർഡ് ഇറക്കി ശ്രമിച്ചു നോക്കിയെങ്കിലും മറ്റൊരു നായർ കൊണ്ടുപോയി. ഏക പ്രതീക്ഷ എഐസിസി പട്ടികയായിരുന്നു. അതും പോയി. അതേ സമയം മുഖ്യഎതിരാളി അടൂർ പ്രകാശും സ്വന്തം അയൽപക്കമായ മാലേത്ത് സരളാദേവിയും എഐസിസി പട്ടികയിൽ ഇടം പിടിച്ചു.

ഒതുക്കപ്പെട്ട ശിവദാസൻ നായർക്ക് വേണ്ടി ന്യായീകരണക്കാർ ഫേസ് ബുക്ക് പോസ്റ്റുമായി രംഗത്ത് വന്നു. അതിപ്പോൾ വെളുക്കാൻ തേച്ചത് പാണ്ടായ അവസ്ഥയിലാക്കി. 1996 ൽ ആറന്മുളയിൽ സിഎംപി നേതാവ് എംവി രാഘവനെ പാലം വലിച്ച കഥയാണ് ഫേസ് ബുക്ക് പോസ്റ്റിന്റെ കമന്റുകളിൽ നിറയുന്നത്. അന്ന് രാഘവനോടും യുഡിഎഫിനോടും കാട്ടിയ നെറികേടിന്റെ ഫലമാണ് ശിവദാസൻ നായർ ഇപ്പോൾ അനുഭവിക്കുന്നത് എന്നാണ് കമന്റുകളിൽ അധികവും. ഒരിക്കൽ ആറന്മുളയിൽ എംവിആർ ജയിച്ചാൽ പിന്നെ തങ്ങൾ ആ സീറ്റ് നോക്കുകയേ വേണ്ട എന്നറിയാവുന്ന ശിവദാസൻ നായരും പീലിപ്പോസ് തോമസും ചേർന്നാണ് പാലം വലി നടത്തിയത് എന്നാണ് ആരോപണം.

പക്ഷേ, 2001 ലെ തെരഞ്ഞെടുപ്പിൽ ശിവദാസൻ നായർക്ക് ആറന്മുള കിട്ടിയില്ല. പോസ്റ്റർ വരെ ഒട്ടിച്ച് പ്രചാരണം തുടങ്ങിയ ശേഷം മാലേത്ത് സരളാ ദേവിക്ക് വേണ്ടി മാറി കൊടുക്കേണ്ടി വന്നു. 2006 ൽ പത്തനംതിട്ട ശിവദാസൻ നായർക്ക് കിട്ടി ജയിച്ചു. അന്ന് മാലേത്ത് ആറന്മുളയിൽ തോറ്റു. 2011 ൽ മണ്ഡലം പുനഃസംഘടനയെ തുടർന്ന് പത്തനംതിട്ട ഇല്ലാതായി. ആറന്മുള അവശേഷിച്ചു. അവിടെ നിന്ന് ശിവദാസൻ നായർ ജയിച്ചു. മൂന്നാമൂഴത്തിന് ശ്രമിക്കുന്നതിനിടെ ഇക്കുറി വീണ തോൽപ്പിക്കുകയും ചെയ്തു.

തോറ്റതിന് പിന്നാലെ അടൂർ പ്രകാശ്, ഡിസിസി പ്രസിഡന്റ് പി മോഹൻരാജ്, വൈസ് പ്രസിഡന്റ് എ സുരേഷ്‌കുമാർ എന്നിവർ അടക്കമുള്ളവർക്കെതിരേ ശിവദാസൻ നായർ പരസ്യ ആരോപണവുമായി രംഗത്തു വന്നു. ഇതാണ് കഷ്ടകാലത്തിന്റെ തുടക്കം. പിന്നെ ഒരു പരിപാടിക്കും ആരും അടുപ്പിക്കാതായി. സ്വന്തം ഗ്രൂപ്പുകാർ സംഘടിപ്പിക്കുന്ന പരിപാടിയിലേക്ക് മാത്രമായി നായർക്ക് ഒതുങ്ങേണ്ടി വന്നു. പിന്നെ കെപിസിസിയിലും എഐസിസിയിലും സ്ഥാനമില്ലാതായി. മുൻ ഡിസിസി പ്രസിഡന്റ് എന്ന നിലയിൽ കെപിസിസിയിൽ ക്ഷണിതാവ് മാത്രമാണിപ്പോൾ നായർ.

എഐസിസി പട്ടിക വന്നപ്പോൾ പത്തനംതിട്ട ജില്ലയിൽ ഐ ഗ്രൂപ്പ് പ്രാമുഖ്യം നേടുകയും ചെയ്തു. ജില്ലാ രൂപീകരണ കാലം മുതൽ എ വിഭാഗം കൈയടക്കി വച്ചിരുന്ന സ്ഥാനങ്ങൾ നിലനിർത്താൻ കഴിയാതെ വന്നപ്പോൾ ഐ വിഭാഗത്തിന്റെ അംഗസംഖ്യ ശൂന്യതയിൽ നിന്ന് രണ്ടിലേക്ക് ഉയരുകയും ചെയ്തു. എ വിഭാഗത്തിൽ ഏറെ കാലമായി നിലനിൽക്കുന്ന പടലപ്പിണക്കമാണ് നേതാക്കൾ പട്ടികയ്ക്ക് പുറത്താകാൻ കാരണം. എ വിഭാഗത്തിന്റെ സമുന്നത നേതാവായിരുന്ന പീലിപ്പോസ് തോമസ് ഇടതു മുന്നണിയിലേക്ക് മാറിയതോടെ എഐസിസിയിൽ ജില്ലയിൽ നിന്നുള്ള ഒരു സ്ഥാനം ഒഴിഞ്ഞു കിടക്കുകയായിരുന്നു.

നാലു വർഷമായിട്ടും പുതിയ ഒരാളെ ഇവിടേക്ക് നാമനിർദ്ദേശം ചെയ്യാൻ നേതൃത്വത്തിന് കഴിഞ്ഞിരുന്നില്ല. ഇപ്പോൾ പുനഃസംഘടന വന്നപ്പോൾ ആരെയും ഉൾക്കൊള്ളിക്കാൻ സാധിച്ചതുമില്ല. നിലവിൽ അംഗമായ കേന്ദ്രനേതൃത്വത്തിലുള്ള രാജ്യസഭാ ഉപാധ്യക്ഷൻ പിജെ കുര്യനെ എ ഗ്രൂപ്പിൽ വേണമെങ്കിൽ ഉൾപ്പെടുത്താം. പുതുതായി പട്ടികയിൽ ഉൾപ്പെട്ട അടൂർ പ്രകാശ് എംഎ‍ൽഎയും മുൻ എംഎ‍ൽഎ മാലേത്ത് സരളാദേവിയും ഐ വിഭാഗക്കാരാണ്.

രണ്ട് മുൻ ഡി.സി.സി പ്രസിഡന്റുമാർ തമ്മിൽ നില നിക്കുന്ന പോര് മൂലമാണ് പലപ്പോഴും സംസ്ഥാന നേതൃത്വം പത്തനംതിട്ടയിൽ ഉള്ളവരെ തഴയുന്നതെന്ന പരാതി രണ്ടാം നിരക്കാരിൽ സജീവമാണ്. ഇതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് എ.ഐ.സി.സി പട്ടിക. യുവാക്കൾക്ക് പ്രാതിനിധ്യം എന്ന രാഹുൽ ഗാന്ധിയുടെ നിർദ്ദേശവും ജില്ലയിൽ നടപ്പിലായില്ല.