തൃശൂർ: വനിതാ ലീഗ് നേതാവിനെ പീഡിപ്പിച്ചെന്ന പരാതിയിൽ കോൺഗ്രസ് നേതാവിനെതിരെ പൊലീസ് കേസ് എടുത്തു. തൃശൂർ കടപ്പുറത്തെ കോൺഗ്രസ് നേതാവും കടപ്പുറം പഞ്ചായത്ത് വൈസ് പ്രസിഡന്റ്ുമായിരുന്ന കെഎം ഇബ്രാഹമിനെതിരെയാണ് ചാവക്കാട് പൊലീസ് കേസെടുത്തത്.

വനിതാ ലീഗിന്റെ മുൻ നേതാവും കടപ്പുറം പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന യുവതിയുടെ പരാതിയിലാണ് ഇബ്രാഹിമിനെതിരെ പൊലീസ് കേസ് എടുത്തത്. ഭർതൃമതിയായ തന്നെ പല തവണ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു എന്നാണ് ഇയാൾക്കെതിരെ വനിതാ നേതാവ് നൽകിയ പരാതിയിൽ പറയുന്നത്. കടപ്പുറം പഞ്ചായത്ത് മുൻ പ്രസിഡന്റായ വനിതാ ലീഗ് നേതാവാണ് പരാതിക്കാരി.

തന്നെ ഭീഷണിപ്പെടുത്തി വർഷങ്ങളായി ഈ നേതാവ് പീഡിപ്പിച്ചു വരികയാണെന്നാണ് യുവതി പരാതിയിൽആരോപിക്കുന്നു. കേസെടുത്തതിനെ തുടർന്ന് ചാവക്കാട് ജുഡീഷ്യൽ മജിസ്ട്രേട്ട് യുവതിയുടെ രഹസ്യ മൊഴി എടുത്തിട്ടുണ്ട്. കടപ്പുറം പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റ കാലം മുതലാണ് പീഡനം ആരംഭിച്ചത്.

പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റ് ആറുമാസം പിന്നിട്ടപ്പോൾ മുതൽ അവിശ്വാസം കൊണ്ടു വരുമെന്ന് ഭീഷണിപ്പെടുത്തിയാണ് ആദ്യത്തെ പീഡന ശ്രമം നടന്നത്. എന്നാൽ അതിന് താൻ വഴങ്ങി കൊടുത്തില്ലെന്നും യുവതി പറയുന്നു.

തുടർന്ന് ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരുവനന്തപുരത്ത് എത്തിയ ഘട്ടത്തിലാണ് ആദ്യമായി പീഡിപ്പിച്ചതെന്നും പിന്നാലെ പല കാര്യങ്ങൾ പറഞ്ഞ് ഭീഷണിപ്പെടുത്തി പീഡനം തുടർന്നുവെന്നും യുവതി വ്യക്തമാക്കുന്നു. കഴിഞ്ഞ ഡിസംബർ ഏഴിനും ഇയാൾ വീട്ടിലെത്തി പീഡിപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് വനിതാ നേതാവ് ഐജിക്ക് പരാതി നൽകിയത്.