ന്യൂഡൽഹി : എട്ടാം ക്ലാസുവരെ തോൽക്കാതെ പഠിക്കാമെന്ന മോഹം ഇനി കുട്ടികൾക്ക് വേണ്ട. മാർക്കില്ലെങ്കിൽ അഞ്ചിലും എട്ടിലും തോറ്റിരിക്കേണ്ടി വരും.

എട്ടാം ക്ലാസുവരെ എല്ലാ കുട്ടികളെയും ജയിപ്പിക്കുക എന്ന നയം തിരുത്താനാണ് കേന്ദ്രസർക്കാർ തീരുമാനം. നിലവാരമില്ലാത്ത വിദ്യാർത്ഥികളെ അഞ്ചിലും എട്ടിലും തോൽപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് അനുമതി നൽകുന്നതിനായി ബന്ധപ്പെട്ട ചട്ടത്തിൽ ഭേദഗതി വരുത്തും. എന്നാൽ, തോൽപിക്കുന്നതിനു മുൻപു വിദ്യാർത്ഥികൾക്ക് ഒരുവട്ടം കൂടി പരീക്ഷയെഴുതാൻ അവസരമുണ്ടാകും.വിദ്യാഭ്യാസാവകാശ നിയമപ്രകാരം ഇപ്പോൾ എട്ടാം ക്ലാസുവരെ എല്ലാ കുട്ടികളും സ്വാഭാവികമായും ജയിച്ചുകയറും.

2010ൽ നിലവിൽ വന്ന വിദ്യാഭ്യാസാവകാശ നിയമത്തിന്റെ പ്രധാന ഘടകങ്ങളിലൊന്ന് ഇതായിരുന്നു. എന്നാൽ, ഇതു കുട്ടികളുടെ നിലവാരം കുറച്ചതായി വിലയിരുത്തലുണ്ടായതിനാലാണു മാറ്റം കൊണ്ടുവരുന്നത്. മുപ്പത് വർഷം മുമ്പ് പത്താം ക്ലാസിലെ വിജയ ശതമാനം 45 ശതമാനമായിരുന്നു. ഇത് ഇന്ന് 96 ശതമാനമാണ്. ഇതിന്റെ കാരണങ്ങളും കേന്ദ്രസർക്കാർ തേടും.