പത്തനംതിട്ട: ബിയറും ഭക്ഷണവും സൗജന്യമായി കഴിക്കാമെന്ന അതിമോഹവുമായി ബിയർ പാർലറിൽ കയറുകയും ഒടുവിൽ അതു നടക്കില്ലെന്നു വരികയും ചെയ്തതോടെ അഴിഞ്ഞാടിയ സിവിൽ എക്‌സൈസ് ഓഫീസർക്കുള്ള ശിക്ഷ സ്ഥലം മാറ്റത്തിൽ ഒതുങ്ങി. സംഭവത്തിൽ ഇയാൾ കുറ്റക്കാരനാണെന്ന് എക്‌സൈസ് ഇൻസ്‌പെക്ടർ റിപ്പോർട്ട് നൽകിയിട്ടും ഇയാൾക്കെതിരേ കടുത്ത നടപടിയെടുക്കാത്ത മേലധികാരിയുടെ നടപടിയിൽ പ്രതിഷേധം. റാന്നി എക്‌സൈസ് റേഞ്ച് ഓഫീസിലെ കെ. ഹാരിസാണ് മദ്യലഹരിയിൽ അഴിഞ്ഞാടിയത്.

ഇക്കഴിഞ്ഞ 28 ന് ഉച്ചയ്ക്ക് 12.30 ന് റാന്നിയിലെ ഹോട്ടൽ റാന്നി ഗേറ്റിലായിരുന്നു സംഭവം. ഓസിന് ബിയർ അടിയും ശാപ്പാട് തീറ്റയും പതിവാക്കിയ ആളാണ് ഹാരിസെന്ന് പാർലർ ഉടമ പറയുന്നു. എപ്പോൾ വന്നാലും ഇയാൾക്ക് ഭക്ഷണവും ബിയറും സൗജന്യമായി കൊടുക്കണം. കൊടുത്തില്ലെങ്കിൽ ഭീഷണിയും അസഭ്യവർഷവും പതിവാണ്. ഇതു കാരണം ജീവനക്കാർക്കും ഉടമയ്ക്കുമൊക്കെ ഇയാളെ ഭയമായിരുന്നു. ഇത്തവണ ഹാരിസിനു പണി കിട്ടി.

എക്‌സൈസ് റേഞ്ച് ഓഫീസിലേക്ക് സൗജന്യമായി ഭക്ഷണം നൽകാനാണ് ഇയാൾ ആവശ്യപ്പെട്ടത്. ഹോട്ടലിലെ എ.സി റസ്റ്റോറന്റിൽ വന്ന് രണ്ടു ബിയർ കഴിച്ച ശേഷമാണ് എക്‌സൈസ് റേഞ്ച് ഓഫീസിലേക്കെന്നു പറഞ്ഞ് ആറ് ഫിഷ് കറി മീൽസും നാല് ചില്ലി ചിക്കനും ആറ് ഫിഷ് ഫ്രൈയും നാല് ചിക്കൻ 65 ഉം നാല് ബീഫ് കറിയും ഓർഡർ ചെയ്തത്. ഇത് പാഴ്‌സലാക്കി നൽകാനും ആവശ്യപ്പെട്ടു. ഇത്രയും സാധനങ്ങൾ സൗജന്യമായി നൽകാൻ കഴിയില്ലെന്ന് ജീവനക്കാരൻ അറിയിച്ചു. അതു പറ്റില്ലെന്നു പറഞ്ഞുകൊണ്ടാണ് രാജീവ് എന്ന ജീവനക്കാരനെ ഹാരിസ് ആക്രമിച്ചത്. കഴിച്ചു കൊണ്ടിരുന്ന ബിയറിന്റെ ബാക്കി ഭാഗം ഗ്ലാസോടു കൂടി രാജീവിന്റെ ശരീരത്തിലേക്ക് വലിച്ചെറിഞ്ഞു. തുടർന്ന് മർദിക്കുകയും യൂണിഫോം വലിച്ചു കീറുകയും ചെയ്തു.

ഹാരിസ് പതിവായി ഇവിടെയെത്തി സൗജന്യമായി ബിയർ കുടിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യാറുണ്ടെന്ന് എക്‌സൈസ് കമ്മിഷണർക്ക് അനൂപ് നൽകിയ പരാതിയിൽ പറയുന്നു. പണം ചോദിച്ചാൽ ഭീഷണി മുഴക്കുന്നതാണ് ഇയാളുടെ രീതി. ഡെപ്യൂട്ടി കമ്മിഷണറുടെ നിർദേശ പ്രകാരം എക്‌സൈസ് ഇൻസ്‌പെക്ടർ നടത്തിയ അന്വേഷണത്തിൽ പരാതി ശരിയാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷണ നടപടികളുടെ ഭാഗമായി ഹാരിസിനെ മല്ലപ്പള്ളിയിലേക്ക് സ്ഥലം മാറ്റിയത്. ശിക്ഷാ നടപടി പ്രഹസനമാണെന്നാണ് പറയപ്പെടുന്നത്. റാന്നിയായാലും മല്ലപ്പള്ളിയായാലും ഹാരിസിന് ഒരു പോലെ ആണെന്നും പറയുന്നു.