ആലപ്പുഴ : മകന് കോളേജിൽ അഡ്‌മിഷൻ കിട്ടാൻ കുറുക്കുവഴി തേടി, റെയ്ഡ് തന്ത്രം പുറത്തെടുത്ത എക്‌സൈസ് ഉദ്യോഗസ്ഥന് ജോലി പോയി. സ്പിരിറ്റ് സൂക്ഷിക്കുന്നു എന്നുപറഞ്ഞ് കോളജ് കെമിസ്ട്രി ലാബിൽ റെയ്ഡ് നടത്തിയ എക്‌സൈസ് ഉദ്യോഗസ്ഥർക്കാണ് പണി കിട്ടിയത്. ചേർത്തല എക്‌സൈസ് സർക്കിൾ ഇൻസ്പക്ടർ കെ.ടി.ജയിംസ് , സിവിൽ എക്‌സൈസ് ഓഫിസർ എ.തോമസ് എന്നിവരെ എക്‌സൈസ് കമ്മീഷണർ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു.

ചേർത്തല എക്‌സൈസ് സി.ഐ ജെയിംസിന്റെ നേതൃത്വത്തിലാണ് ഇന്നലെ സെന്റ് മൈക്കിൾസ് കോളേജ് കെമിസ്ട്രി ലാബിൽ റെയ്ഡ് നടത്തിയത്. കോളേജ് ലാബിൽ ഉപയോഗിക്കുന്ന സ്പിരിറ്റ് സൂക്ഷിക്കുവാനുള്ള ലൈസൻസ് ഇല്ലെന്ന കാരണം പറഞ്ഞായിരുന്നു റെയ്ഡ്. സഹപ്രവർത്തകന്റെ മകന് കോളേജിൽ മാനേജ്‌മെന്റ് സീറ്റീൽ പ്രവേശനം ഒരുക്കാൻ വേണ്ടിയാണ് പരിശോധന നടത്തിയതെന്ന് കോളേജ് അധികൃതർ പരാതിപ്പെട്ടതോടെ സംഗതി പുലിവാലായി. കോളേജ് മാനേജരും പ്രിൻസിപ്പലും മുഖ്യമന്ത്രിക്കും എക്‌സൈസ് കമ്മീഷണർക്കും നല്കിയ പരാതിയെ തുടർന്ന് വകുപ്പുതല അന്വേഷണം നടത്തി് ഇന്ന് സസ്‌പെൻഷൻ പ്രഖ്യാപിക്കുകയായിരുന്നു.

കഴിഞ്ഞ ബുധനാഴ്ചയായിരുന്നു പരിശോധന നടന്നത്. പള്ളിപ്പുറം സ്വദേശിയായ ചേർത്തല സ്റ്റേഷനിലെ എക്‌സൈസ് സിവിൽ ഓഫീസർ ഏതാനും ദിവസം മുൻപ് കോളേജ് മാനേജർ ഫാ.നെൽസൺ തൈപ്പറമ്പിലിനെ സമീപിച്ച് തന്റെ മകന് ഡിഗ്രിക്ക് അഡ്‌മിഷൻ ആവശ്യപ്പെട്ടിരുന്നു. സാഹചര്യങ്ങൾ നോക്കി തീരുമാനിക്കാമെന്നാണ് മാനേജർ അറിയിച്ചത്. എന്നാൽ ചെവ്വാഴ്ച വൈകിട്ട് എക്‌സൈസ് ഓഫീസിൽ നിന്ന് കോളേജ് പ്രിൻസിപ്പൽ ഡോ.വി.മാത്യുവിനെ ഫോണിൽ വിളിച്ച് അഡ്‌മിഷൻ ആവശ്യപ്പെടുകയും അല്ലെങ്കിൽ കെമിസ്ട്രി ലാബ് റെയ്ഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി കോളേജ് മാനേജർ പരാതിയിൽ പറയുന്നു.

കഴിഞ്ഞ ബുധനാഴ്ച രാവിലെ ചേർത്തല എക്‌സൈസ് സി.ഐ കെ.ടി.ജയിംസിന്റെ നേതൃത്വത്തിൽ പ്രവേശനം ആവശ്യപ്പെട്ട പ്രിവന്റീവ് ഓഫീസർ അടക്കം പ്രവൃത്തി സമയത്ത് ജീപ്പിലെത്തി കെമിസ്ട്രി ലാബിൽ അനധികൃതമായി സ്പിരിറ്റ് സൂക്ഷിച്ചിട്ടുണ്ടെന്നു പറഞ്ഞ് പരിശോധന നടത്തുകയായിരുന്നു. ആവശ്യപ്പെട്ട സീറ്റ് നൽകിയാൽ കാര്യങ്ങൾ അവസാനിപ്പിക്കാമെന്നും അല്ലെങ്കിൽ പ്രിൻപ്പിലിന് 10 വർഷം വരെ തടവ് ലഭിക്കുന്ന കുറ്റങ്ങൾ ചുമത്തി കേസ് എടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. പരിശോധന നടത്തിയെങ്കിലും കേസെടുത്തിരുന്നില്ല. ഇതേ തുടർന്ന് കോളേജ് മാനേജർ ഫാ.നെൽസൺ തൈപ്പറമ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ, എക്‌സൈസ് കമ്മീഷണർ ഋഷിരാജ്‌സിങ് എന്നിവരെ നേരിൽ കണ്ട് പരാതി നൽകി.

തുടർന്ന് എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണർ കോളേജിലെത്തി മാനേജർ, പ്രിൻസിപ്പൽ, കെമിസ്ട്രി വിഭാഗം മേധാവി എന്നിവരിൽ നിന്നും മൊഴിയെടുത്തു. സി.ഐ കെ.ടി.ജയിംസിനെയും സിവിൽ ഓഫീസറെയും ഡപ്യൂട്ടി കമ്മീഷണർ വിളിച്ചുവരുത്തി മൊഴിയെടുത്തിട്ടുണ്ട്. കമ്മീഷണറുടെ നിർദ്ദേശപ്രകാരമാണ് റിപ്പോർട്ടു നല്കുന്നത്. എന്നാൽ കോളേജ് ലാബിൽ സ്പിരിറ്റു സൂക്ഷിക്കുന്നതിനുള്ള ലൈസൻസ് കോളേജ് അധികൃതർ 2014നു ശേഷം പുതുക്കിയിരുന്നില്ലെന്നും പരിശോധനക്ക് കോളേജ് പ്രവേശനവുമായി ബന്ധമില്ലായിരുന്നെന്നും സർക്കിൾ ഇൻസ്പക്ടർ കെ.ടി.ജയിംസ് പറഞ്ഞു.അതേസമയം സെന്റ് മൈക്കിൾസ് കോളേജ് റെയ്ഡിൽ സർക്കാർ മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് കെ സി വേണുഗോപാൽ എം പിയും ഇതര സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.