കോഴിക്കോട്: കുപ്പി വെള്ളത്തിന് അമിത വില ഈടാക്കിയത് ചോദ്യം ചെയ്തതിന് കരിപ്പൂർ എയർപോർട്ടിന് സമീപത്ത് വെച്ച് ബന്ധുവിനെ യാത്രയാക്കാൻ വന്ന കുടുംബത്തെ മർദ്ദിച്ചു. കരിപ്പൂർ എയർപോർട്ട് റോഡിലെ ഹസൂൺ ബേകറി ആൻഡ് കൂൾബാർ എന്ന സ്ഥാപനത്തിലെ ജീവനക്കാരനും സുഹൃത്തുക്കളും ചേർന്നാണ് കുടുംബത്തെ മർദ്ദിച്ചത്.

മലപ്പുറം പരപ്പനങ്ങാടി സ്വദേശിയായ പുള്ളാടൻ റിയാസിനും കുടുംബത്തിനുമാണ് കരിപ്പൂരിൽ മർദ്ദനമേറ്റത്. കഴിഞ്ഞ ദിവസം സഹോദരീ ഭർത്താവിനെ യാത്ര അയക്കാനാണ് റിയാസും കുടുംബവും കരിപ്പൂരിലെത്തിയത്. എയർപോർട്ടിന് സമീപത്തെ കടയിൽ നിന്നും റിയാസ് കുപ്പി വെള്ളം ആവശ്യപ്പെട്ടു. നൂറ് രൂപയും നൽകി. എന്നാൽ കടക്കാരൻ ബാക്കിയായി നൽകിയത് 80 രൂപയും അഞ്ച് രൂപയുടെ കപ്പലണ്ടി മിഠായിയുമായിരുന്നു. ബാക്കിയായി പണം മതിയെന്നും മിഠായി വേണ്ടെന്നും റിയാസ് പറഞ്ഞു. മാത്രമല്ല ഒരു കുപ്പി വെള്ളത്തിന് എങ്ങനെയാണ് 15 രൂപ ഈടാക്കുക 13 രൂപ മാത്രമല്ലെ വിലയൊള്ളൂ എന്നും റിയാസ് ചോദിച്ചു.

ഇതിന് മറുപടിയായി കടക്കാരൻ പറഞ്ഞത് 2 രൂപ ഫ്രീസറിന്റെ ചാർജ്ജാണ് എന്നാണ്. നിങ്ങൾ ഉപയോഗിക്കുന്ന ഫ്രീസറിന്റെ ചാർജ്ജ് ഉപഭോക്താവാണോ നൽകേണ്ടത് എന്ന് റിയാസ് തിരികെ ചോദിക്കുകയും ചെയ്തു. ഇതോടെ കടക്കാരൻ കുപ്പിവെള്ളവും മിഠായിയും തിരികെ വാങ്ങി റിയാസ് നൽകിയ 100 രൂപ നോട്ട് വലിച്ചെറിഞ്ഞ് നൽകുകയും ചെയ്തു. നിങ്ങൾക്ക് മാന്യമായി പെരുമാറിക്കൂടെ എന്ന് ചോദിച്ച റിയാസിനോട് നിങ്ങൾ മറ്റേതെങ്കിലും കടയിൽ നിന്ന് സാധനം വാങ്ങിക്കോളൂ എന്ന് പറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്തു.

ഈ സമയത്ത് കാറിൽ നിന്നും ഇറങ്ങി വന്ന റിയാസിന്റെ പിതാവിനെയും ബന്ധുവിനെയും കടക്കാരൻ അധിക്ഷേപിച്ചു. ഇരൂ കൂട്ടരും തമ്മിൽ വാക്കുതർക്കമായെങ്കിലും നാട്ടുകാർ ഇടപെട്ട് ഇരൂ കൂട്ടരെയും പിരിച്ചുവിട്ടിരുന്നു. എന്നാൽ പിന്നീട് കടക്കാരന്റെ നേതൃത്വത്തിൽ ബൈക്കുകളിലെത്തിയ സംഘം റിയാസിനെയും കുടുംബത്തെയും മർദ്ദിക്കുകയായിരുന്നു.

ബൈക്കുകൾ റിയാസും കുടുംബവും വന്ന കാറിന് കുറുകെയിട്ട് റിയാസിനെയും പിതാവിനെയും കാറിൽ നിന്നും പുറത്തിറക്കി മർദ്ദിക്കുകയും തെറിവിളിക്കുകയും ചെയ്തു. ഞങ്ങളുടെ നാട്ടിൽ വന്നു ഞങ്ങളോട് ഡയലോഗ് അടിക്കാൻ ആയോ? നിങ്ങളെ കാണിച്ചു തരാം.. ഞങ്ങളുടെ നാട് ആണിത് എന്നെല്ലാം ഭീഷണിയുടെ സ്വരത്തിൽ പറഞ്ഞു. പിതാവിനെയും റിയാസിനെയും പിടിച്ചു തള്ളുകയും ചെയ്തു.

ഈസമയം ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ ഫോണിൽ വീഡിയോ എടുക്കാൻ തുടങ്ങിയതോടെ അക്രമികൾ ബൈക്കെടുത്ത് രക്ഷപ്പെടുകയും ചെയ്തു. കൃത്യ സമയത്ത് പൊലീസ് സംഭവ സ്ഥലത്ത് എത്തിയതു കൊണ്ടാണ് കൂടുതൽ മർദ്ദനമേൽക്കാതെ റിയാസും കുടുംബവും രക്ഷപ്പെട്ടത്. സംഭവത്തിൽ റിയാസിന്റെ പിതാവ് പുള്ളാടൻ മുസ്തഫ കരിപ്പൂർ പൊലീസിൽ പരാതി നൽകി. ഇരുകൂട്ടരുമായി സംസാരിച്ച് പ്രശ്നം പരിഹരിച്ചതായി കരിപ്പൂർ പൊലീസും റിയാസും അറിയിച്ചു.

ജീവനക്കാന്റെ ഭാഗത്ത് നിന്നുണ്ടായ അനിഷ്ട സംഭവത്തിൽ കടയുടമ തന്നെ വിളിച്ച് മാപ്പ് പറഞ്ഞതായും പ്രശ്നം പരിഹരിച്ചതായും റിയാസ് മറുനാടൻ മലയാളിയോട് പറഞ്ഞു.കരിപ്പൂർ എയർപോർട്ടിന് സമീപത്തെ കടകളിൽ നേരത്തെയും ഭക്ഷണ സാധനങ്ങൾ ഉൾപ്പടെയുള്ളവക്ക് അമിതമായ വില ഈടാക്കുന്നതായി നേരത്തെയും പരാതികൾ ഉയർന്നിരുന്നു. എയർപോർട്ടിന് സമീപത്തെ ടാക്സികളും ഓട്ടോകളും അമിതമായ ചാർജ്ജ് ഈടാക്കുന്നതായും പരാതികളുണ്ടായിരുന്നു.