കൊല്ലം: എഴുകോൺ കടയ്ക്കാട് ഗുരുമന്ദിരത്തിനു സമീപം പ്രഭാ മന്ദിരത്തിൽ അനൂപിന്റെ ഭാര്യ ബിന്ദുലേഖ (40) യുടെ മരണം കൊലപാതകമെന്ന് പൊലീസ് കണ്ടെത്തി. വീട്ടമ്മയെ കൊലപ്പെടുത്തിയ ബന്ധുവായ എഴുകോൺ ഇടക്കോട് വിനോദ് ഭവനിൽ ബിനു(39)നെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം റൂറൽ പൊലീസ് മേധാവി ബി അശോകനു കിട്ടിയ രഹസ്യ വിവരമാണ് അന്വേഷണത്തിൽ നിർണ്ണായകമായത്.

ബിന്ദുലേഖയുടെ ഭർത്താവ് അനൂപിന്റെ അകന്ന ബന്ധുവാണ് പ്രതിയായ ബിനു. ബിന്ദുവിന്റെ വീട്ടിൽ രാത്രികാലങ്ങളിൽ ഇയാൾ രഹസ്യ സന്ദർശനം നടത്തുന്നുണ്ടായിരുന്നു. സംഭവ ദിവസം രാത്രി 10 മണിയോട് കൂടി ബിന്ദുവിന്റെ വീട്ടുകാർ ഉറങ്ങിയതിന് ശേഷം വീട്ടിലെത്തിയ പ്രതി കിടപ്പുമുറിയിൽ വച്ച് സാമ്പത്തിക ഇടപാടിന്റെ തർക്കത്തെ തുടർന്ന് ബിന്ദുവിനെ കൈകൊണ്ട് കഴുത്തിലും വായിലും പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി, കട്ടിലിൽ കിടത്തി പുതപ്പുകൊണ്ട് മൂടിയ ശേഷം, അടുക്കള വാതിലിലൂടെ രക്ഷപെടുകയായിരുന്നു.

ഈ മാസം നാലിന് രാവിലെ കിടപ്പു മുറിയിൽ മരിച്ച നിലയിലാണ് ബിന്ദുലേഖയുടെ മൃതശരീരം കാണപ്പെട്ടത്. കഴുത്തിലും, മുഖത്തും കാണപ്പെട്ട നിറവ്യത്യാസത്തിൽ സംശയം തോന്നിയ പൊലീസ്, തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ് മോർട്ടത്തിലാണ് ബിന്ദുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് സ്ഥിരീകരിച്ചത്. സ്വാഭാവിക മരണമെന്ന് ബന്ധുക്കളും നാട്ടുകാരും കരുതിയ സംഭവത്തിൽ പൊലീസിനുണ്ടായ സംശയമാണ് കൊലപാതകം വെളിച്ചത്തു കൊണ്ടുവന്നതെന്ന് എസ്‌പി. ബി.അശോകൻ പറഞ്ഞു.

രക്തസമ്മർദം ഉയർന്നുള്ള മരണമെന്നാണ് ബന്ധുക്കൾ കരുതിയത്. എന്നാൽ സൂക്ഷ്മപരിശോധനയിൽ മുഖത്ത് കരുവാളിച്ച പാടുകളും നഖപ്പാടും കണ്ടതോടെയാണ് പൊലീസിൽ സംശയമുണർന്നത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്. വിവാഹമോചിതനായ ബിനു ചന്ദനത്തോപ്പിൽ ലോഡ്ജിലാണ് കഴിഞ്ഞിരുന്നത്. അകന്ന ബന്ധത്തിലുള്ള അനൂപിന്റെ കുടുംബവുമായി സൗഹൃദത്തിലായ ഇയാൾ ബിന്ദുലേഖയുമായി അടുക്കുകയായിരുന്നു. ഇവർ തമ്മിൽ പണമിടപാടുകളും നടന്നിരുന്നു. ചെറിയ നിലയിൽ മാനസികാസ്വാസ്ഥ്യമുള്ള അനൂപ് ബിനുവിനൊപ്പമാണ് ജോലിക്കു പോയിരുന്നത്.

ഏഴുവർഷത്തോളമായി അടുപ്പത്തിലായിരുന്നു. ബിന്ദുലേഖയുടെ ഭർത്താവ് അനൂപ് മാനസികരോഗത്തിന് ചികിത്സ തേടിയപ്പോൾ ഒപ്പമുണ്ടായിരുന്നത് ബിനുവാണ്. അന്നുതുടങ്ങിയ അടുപ്പമാണ്. വിവാഹമോചിതനായ ബിനു ചന്ദനത്തോപ്പിലെ ലോഡ്ജിലായിരുന്നു താമസം. മോഷണക്കുറ്റത്തിനു ബിനു ജയിലിൽ കിടന്നപ്പോൾ വക്കീൽ ഫീസ് നൽകി ജാമ്യത്തിലിറക്കിയതു ബിന്ദുലേഖയാണ്. അടുത്തിടെ ബിന്ദുലേഖക്ക് 72,000 രൂപയുടെ ആവശ്യമുണ്ടായപ്പോൾ ബിനുവിനോടു ചോദിച്ചപ്പോൾ തമ്മിൽ വാക്കുതർക്കമുണ്ടായി. കഴിഞ്ഞ ശനിയാഴ്ച രാത്രി പത്തിനു വീട്ടുകാർ ഉറങ്ങിയശേഷം വീട്ടിലെത്തിയ പ്രതിയും ബിന്ദുലേഖയുമായി സാമ്പത്തിക ഇടപാടിനെച്ചൊല്ലി തർക്കമുണ്ടാവുകയും തുടർന്നു ബിന്ദുവിനെ ശ്വാസം മുട്ടിച്ചു കൊല്ലുകയുമായിരുന്നു.

സംഭവത്തിനുശേഷം ഒളിവിൽ പോയ ബിനു നാട്ടിൽനിന്ന് കടക്കാൻ ശ്രമിക്കവേയാണ് ഷാഡോ പൊലീസിന്റെ പിടിയിലായത്. കേരളപുരത്തുള്ള ഒരു ഫർണീച്ചർ കമ്പനിയിലെ ജീവനക്കാരനായിരുന്നു പ്രതി. ഇയാൾ എഴുകോൺ പൊലീസ് സ്റ്റേഷൻ പരിധിയിലെ എട്ടോളം മോഷണക്കേസുകളിലെ പ്രതിയാണ്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതി തന്റെ ഇളയ സഹോദരനും നിരവധി സ്പിരിറ്റ്, അബ്കാരി കേസ്സുകളിലെ പ്രതിയുമായ വിനിഷിൽ നിന്നും പണം കൈപറ്റി നാട്ടിൽ നിന്നും രക്ഷപെടാൻ ശ്രമിക്കവെയാണ് ഷാഡോ പൊലീസിന്റെ പിടിയിലാകുന്നത്.

ബിന്ദുലേഖയുടെ വീടിനുസമീപം രാത്രിയിൽ ബിനു കാത്തിരുന്ന സ്ഥലത്തുനിന്ന് അടിവസ്ത്രവും ഒരു പാക്കറ്റ് ലഡുവും പൊലീസ് കണ്ടെടുത്തു. കൊല നടത്തിയശേഷം ഇയാൾ അടുത്തുള്ള റബർ തോട്ടത്തിൽ ഒളിച്ചിരുന്നശേഷം രാവിലെയാണു താമസസ്ഥലത്തേക്കു പോയത്.