മൂന്ന് കൊല്ലം മുമ്പുണ്ടായ ആ തെറ്റായ തീരുമാനമോർത്തായിരുന്നു ഇറ്റാലിയൻ ഡിജെ ആയ ഫാബിയാനോ അന്റോണിയാനി ഇത്രയും കാലം പക്ഷാഘാതം ബാധിച്ച് കിടുന്നിരുന്നത്. ഡ്രൈവിംഗിനിടയിൽ വഴുതി പോയ മൊബൈൽ എടുക്കാൻ കുനിഞ്ഞപ്പോഴുണ്ടായ അപകടം അദ്ദേഹത്തിന്റെ ജീവിതം നരകസമാനമാക്കുകയായിരുന്നു. ചലിക്കാൻ പോലുമാകാത്ത ജീവിതം മനം മടുപ്പിച്ചപ്പോൾ അദ്ദേഹം സ്വിറ്റ്സർലണ്ടിലെ ആത്മഹത്യാ ക്ലിനിക്കിൽ വച്ച് സ്വയം ജീവൻ എടുത്തുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഇതിന്റെ ഹൃദയഭേദകമായ വീഡിയോ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. ഫോർച്ചിലെ ക്ലിനിക്കിൽ വച്ച് ഈ ആഴ്ചയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

തന്റെ കുടുംബവും ഗേൾഫ്രണ്ടും നോക്കി നിൽക്കവെയായിരുന്നു 40കാരനായ ഫാബിയാനോ സ്വയം തെരഞ്ഞെടുത്ത മരണത്തിലേക്ക് പതുക്കെ പതുക്കെ നടന്നു പോയത്. തന്റെ ജീവൻ അവസാനിപ്പിക്കാനുള്ള അംഗീകാരം ഇറ്റാലിൻ ഗവൺമെന്റിൽ നിന്നും നേടിയെടുക്കാൻ അദ്ദേഹം കുറച്ച് നാളായി പാടുപെടുകയായിരുന്നു. കാറപകടമുണ്ടായതിനെ തുടർന്ന് 2014ൽ അദ്ദേഹം പക്ഷാഘാതത്തിന് വിധേയനാവുകയായിരുന്നു. വണ്ടിയോടിക്കുമ്പോൾ വഴുതിപ്പോയ ഫോണെടുക്കാൻ വേണ്ടി കുനിഞ്ഞപ്പോൾ നിയന്ത്രണം വിടുകയും കാർ മറ്റൊരു കാറിന് ഇടിക്കുകയുമായിരുന്നു. തനിക്ക് നിയമാനുസൃതമായി ആത്മഹത്യ ചെയ്യുന്നതിനായി ഇറ്റലിയിലെ നിയമം മാറ്റാൻ വേണ്ടി കടുത്ത പ്രചാരണവും സമ്മർദവുമായിരുന്നു ഫാബിയാനോ ഇത്രയും കാലമായി നടത്തിയിരുന്നത്. ഇതിനെ കുറിച്ചുള്ള ചർച്ച 11 പ്രാവശ്യമാണ് പാർലിമെന്റ് മാറ്റി വച്ചിരുന്നത്. ഇതിനെതിരെ ചർച്ചിന്റെ ഭാഗത്ത് നിന്നും കടുത്ത എതിർപ്പുണ്ടായതിനെ തുടർന്നായിരുന്നു ഇത്.

ഫാബിയാനോയുടെ ആവശ്യത്തെ ശക്തമായി പിന്തുണച്ച് രംഗത്തെത്തിയ ആക്ടിവിസ്റ്റാണ് മാർകോ ചപ്പാറ്റോ. അദ്ദേഹവും സ്വിറ്റ്സർലണ്ടിലേക്ക് ഫാബിയാനോയ്ക്ക് അന്ത്യയാത്ര നൽകാനെത്തിയിരുന്നു. ആരാധകരുടെ മനം കവർന്ന ഡിജെ മരിച്ചുവെന്ന് മാർകോ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ആത്മഹത്യയ്്ക്ക് അനുമതി ലഭിക്കുന്നതിന് മുമ്പ് ഫാബിയാനോ നിരവധി വൈദ്യ-സൈക്കോളജിക്കൽ ടെസ്റ്റുകൾക്ക് വിധേയനായിരുന്നു. ഫാബിയാനോയുടെ ആത്മഹത്യാ ആവശ്യം ഇറ്റലിയിൽ ഈ വിഷയത്തിൽ തീപാറുന്ന ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. സ്വിറ്റ്സർലണ്ടിലേക്ക് ഫാബിയാനോയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ സഹായിച്ചതിനെ തുടർന്ന് മാർകോയുടെ മേൽ ഒരു വേള കേസ് വരെ ചാർജ് ചെയ്തിരുന്നു.

തന്നെ ദയവായി മരിക്കാൻ അനുവദിക്കണമെന്ന് അപേക്ഷിച്ച് മിലാനിൽ ജീവിച്ചിരുന്ന ഫാബിയാനോ ഇറ്റാലിയൻ പ്രധാനമന്ത്രി സെർജിയോ മറ്റാരെല്ലയ്ക്ക് വീഡിയോ സന്ദേശം അയച്ചിരുന്നു. ഈ നരകസമാനമായ ജീവിതം തനിക്ക് മടുത്തുവെന്നും ഡിജെ ഇതിലൂടെ വ്യക്തമാക്കിയിരുന്നു. അവസാനം രാജ്യത്തിന്റെ സഹായമില്ലാതെ താൻ സ്വിറ്റ്സർലണ്ടിലെത്തിയിരിക്കുന്നുവെന്നും ഈ വേദനകളിൽ നിന്നും ഉടൻ മോചനം നേടാൻ പോകുന്നുവെന്നുമായിരുന്നു മരണത്തിന് തൊട്ടുമുമ്പ് ഫാബിയാനോ പ്രഖ്യാപിച്ചത്. ഈ രാത്രി ഒരിക്കലും അവസാനിക്കാതിരുന്നെങ്കിലെന്ന് താൻ ആഗ്രഹിക്കുന്നുവെന്ന് ഈ ആഴ്ച ഫാബിയാനോയുടെ ഗേൾഫ്രണ്ട് വലേറിയ ഇംബ്രോഗ്‌നോ ഫേസ്‌ബുക്കിൽ ഹൃദയഭേദകമായ സന്ദേശമിട്ടിരുന്നു. ഇത്തരത്തിൽ മരിക്കാൻ സഹായം അഭ്യർത്ഥിച്ച് നിത്യവും നിരവധി പേർ തങ്ങളെ സമീപിക്കാറുണ്ടെന്നാണ് അസോസിയേഷൻ ലുക്ക കോസ്‌കിയോനി എന്ന പേരിൽ അറിയപ്പെടുന്ന പ്രൊ-യൂത്തനേസിയയുടെ സെക്രട്ടറിയായ ഫ്ലോമെന ഗാല്ലോ വെളിപ്പെടുത്തുന്നത്. നിലവിൽ സ്വിറ്റ്സർലണ്ടിൽ ഇത്തരം ആത്മഹത്യകൾക്ക് വരുന്ന ചെലവ് ഏതാണ്ട് 10,000യൂറോയാണ്.