തിരുവല്ല: രാഷ്ട്രീയ എതിരാളികൾക്കെതിരേ ഏതു നാറിയ കളിക്കാൻ സിപിഎമ്മുകാരെ കഴിഞ്ഞിട്ടേയുള്ളൂ. ഇത്രയൊക്കെ ദുരന്തം കേരളത്തിൽ നിന്നുണ്ടായിട്ടും അവയിൽ നിന്നൊന്നും പാഠം പഠിക്കാതെ മുന്നോട്ടു പോവുകയാണ് സിപിഎം സഖാക്കൾ. ബിജെപി പഞ്ചായത്തംഗത്തിന്റെ വാർഡിലേക്ക് ദുരിതാശ്വാസ സാധനങ്ങൾ നൽകിയതിന് വില്ലേജ് അസിസ്റ്റന്റിനെ കള്ളക്കേസിൽ കുടുക്കിയിരിക്കുകയാണ് സിപിഎം ഏരിയാ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം. നെടുമ്പ്രം വില്ലേജ് അസിസ്റ്റന്റ് ടിപി ജോർജു കുട്ടിയാണ് സിപിഎമ്മുകാരുടെ രാഷ്ട്രീയക്കളിയിൽ ബലിയാടാകേണ്ടി വന്ന സർക്കാർ ഉദ്യോഗസ്ഥൻ.

നെടുമ്പ്രം പഞ്ചായത്തിലെ ആറാം വാർഡ് അംഗം ആർ രാജശ്രീ വില്ലേജ് ഓഫീസർക്ക് കത്തു നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ദുരിതാശ്വാസ സാമഗ്രികൾ അനുവദിച്ചത്. വില്ലേജ് ജീവനക്കാർ ഒന്നടങ്കം പകൽ സമയം താലൂക്ക് ഓഫീസിൽ പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട ജോലിയിലാണ്. ഇതു കാരണം ഇന്നലെ വൈകിട്ട് ആറു മണിയോടെ പഞ്ചായത്തംഗം ആവശ്യപ്പെട്ട സാധനങ്ങൾ ജോർജ് കുട്ടി പൊടിയാടിയിലെ ഗോഡൗണിൽ നിന്ന് എടുത്തു നൽകി. നെടുമ്പ്രം വിനു ഭവനിൽ വിനോദ് കുമാറിന്റെ കെഎൽ27 ബി-2038 എന്ന വാഹനമാണ് ഇതിനായി താൻ പറഞ്ഞു വിട്ടതെന്ന് പഞ്ചായത്തംഗം പറയുന്നു.

ഈ വാഹനത്തിൽ സാധനം കൊടുത്തു വിട്ട ശേഷം ജോർജുകുട്ടി വീട്ടിലേക്ക് മടങ്ങി. വിവരമറിഞ്ഞ സിപിഎമ്മുകാർ ഏരിയാ സെക്രട്ടറി ഫ്രാൻസിസ് വി ആന്റണിയുടെ നേതൃത്വത്തിൽ വാഹനം തടഞ്ഞു. വില്ലേജ് അസിസ്റ്റന്റ് തന്നു വിട്ട സാധനങ്ങളാണ് ഇതെന്ന് വാഹനത്തിലുണ്ടായിരുന്നവർ പറഞ്ഞു. ഇതനുസരിച്ച് സിപിഎമ്മുകാർ ജോർജ് കുട്ടിയെ വിളിച്ചു വരുത്തി. വീട്ടിലേക്ക് പോയ ഇദ്ദേഹം പകുതി വഴിയിൽ നിന്ന് തിരിച്ചു ചെന്നു. തുടർന്നാണ് പൊലീസും സിപിഎമ്മുകാരും ചേർന്നുള്ള നാടകം അരങ്ങേറിയത്. സാധനങ്ങൾ ജോർജുകുട്ടി ഇഷ്ടക്കാർക്ക് കടത്തി കൊടുത്തതാണ് എന്ന് പറഞ്ഞ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ പാർട്ടിക്കാർ നിർബന്ധിച്ചു.

ഇതോടെ സിപിഎം അനുകൂലിയായ പുളിക്കീഴ് എസ്ഐ മോഹൻബാബു പ്രതിയെ കസ്റ്റഡിയിൽ എടുത്തു. വിവരമറിഞ്ഞ് സ്റ്റേഷനിൽ എത്തിയ പഞ്ചായത്തംഗം രാജശ്രീ തന്റെ അറിവോടെയാണ് സാധനം കൊടുത്തു വിട്ടതെന്ന് പൊലീസിന് സത്യവാങ്മൂലം നൽകി. തന്റെ അറിവോടെയാണ് സാധനം കൊണ്ടു പോയതെന്ന് നെടുമ്പ്രം വില്ലേജ് ഓഫീസറും പറഞ്ഞു. രാഷ്ട്രീയക്കളിയുടെ ഇരയാണ് ജോർജ് കുട്ടിയെന്നും ഇതു സംബന്ധിച്ച് കലക്ടർക്ക് റിപ്പോർട്ട് നൽകിയെന്നും വില്ലേജ് ഓഫീസർ പറഞ്ഞു. അതേസമയം, ജോർജുകുട്ടിയെ കസ്റ്റഡിയിൽ എടുക്കുമ്പോൾ വില്ലേജ് ഓഫീസർ മറിച്ചാണ് പറഞ്ഞതെന്നാണ് പുളിക്കീഴ് എസ്ഐ പറഞ്ഞത്.

379-ാം വകുപ്പിട്ടാണ് കേസെടുത്ത് മജിസ്ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കിയത്. എന്നാൽ, മജിസ്ട്രേറ്റ് ജോർജുകുട്ടിക്ക് ജാമ്യം നൽകി. പൊലീസിന്റെയും സിപിഎമ്മിന്റെയും നടപടിയിൽ റവന്യൂ ജീവനക്കാർ അമർഷത്തിലാണ്. 24 മണിക്കൂറും പ്രളയ ദുരിതാശ്വാസത്തിന് വേണ്ടി പ്രവർത്തിക്കുന്നവരെ കള്ളന്മാരെന്ന് മുദ്ര കുത്തി ജയിലിൽ അടയ്ക്കുന്നത് കഷ്ടമാണെന്ന് ജീവനക്കാർ പറഞ്ഞു. എല്ലാ വിധ രേഖകളുമായി പോയ വാഹനമാണ് പൊലീസ് പാർട്ടിക്കാരുടെ നിർദേശപ്രകാരം തടഞ്ഞ് കേസെടുത്തത്. ദുരിതാശ്വാസ സാമഗ്രികൾ എത്തിച്ചു കൊടുക്കുന്നതിന് അങ്ങനെ സമയക്രമം ഒന്നുമില്ലെന്നും ജീവനക്കാർ പറയുന്നു. രാത്രി 12 മണിക്ക് വരെ സാധനം സപ്ലൈ ചെയ്യുന്നുണ്ട്. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ അവധിയില്ലാതെ പണിയെടുക്കുകയാണ് പത്തനംതിട്ട ജില്ലയിലെ ജീവനക്കാർ.