പെരിന്തൽമണ്ണ: ഫേസ്‌ബുക്കിൽ ഭാര്യയുമായി ചാറ്റ് ചെയ്‌തെന്നാരോപിച്ച് യുവാവിനെ മർദിച്ച് കാലും കൈയും തല്ലിയൊടിച്ച കേസിൽ ഭർത്താവുൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ.

സോഷ്യൽ മീഡിയയിലെ ഇടപെടലുകളും മറ്റും സാമൂഹിക പ്രശ്‌നമായി മാറുന്നതിന്റെ തെളിവാണ് ഈ കേസ്. ഇത്തരം കേസുകൾ കേരളത്തിലുടനീളം കൂടുന്നതായി പൊലീസും വിലയിരുത്തുന്നു. ചാറ്റിംഗിലെ സൗഹൃദത്തിലൂടെ ചതിയും മറ്റും ചർച്ചയാകുന്നതിനിടെയാണ് സംശയത്തിന്റേതുൾപ്പെടെയുള്ള പ്രശ്‌നങ്ങളുടെ പേരിൽ സോഷ്യൽ മീഡിയ ഇടപെടലുകൾ സംഘർഷത്തിലേക്ക് എഥ്തുന്നത്.

പെരിന്തൽമണ്ണയിലെ ചാറ്റിംഗിന്റെ പേരിലെ കാലൊടിക്കലിൽ അങ്ങാടിപ്പുറം പുത്തനങ്ങാടി സ്വദേശി ആലിക്കൽ ആസിഫ് (23), വലമ്പൂർ ആലങ്ങാടൻ മുഹമ്മദ് മുഹ്‌സിൻ (22), തിരൂർക്കാട് അമ്പലക്കുത്ത് ഫാജിസ് മുഹമ്മദ് (24) എന്നിവരെയാണ് പൊലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ 18ന് നടന്ന സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്. ഒന്നാംപ്രതിയായ ആസിഫിന്റെ ഭാര്യയുമായി ഫേസ്‌ബുക്കിൽ ചാറ്റ് ചെയ്തതായി ആരോപിച്ച് ആസിഫിന്റെ സുഹൃത്തായ തിരൂർക്കാട് സ്വദേശി സബീലിനെയാണ് മർദിച്ചത്.

രാത്രി ഒൻപതോടെ പ്രതികൾ സബീലിനെ കാറിൽ കയറ്റി പരിയാപുരം പള്ളിക്കുസമീപത്തെ വെട്ടുകല്ല് ക്വാറിയിൽ കൊണ്ടുപോയി ഇരുമ്പുവടികൊണ്ട് കാലുകളുടെ മുട്ടിനുതാഴെയും ഇടതുകൈയിലും മർദിക്കുകയായിരുന്നു. അവശനായ സബീലിനെ പ്രതികളിൽ ചിലർചേർന്ന് ടെറസിൽനിന്ന് വീണതാണെന്നുപറഞ്ഞ് പെരിന്തൽമണ്ണയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.

പൊലീസിനോടുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ സബീൽ വിവരം ആരോടും പറഞ്ഞില്ല. സബീലിന്റെ മൊഴിയിൽ സംശയംതോന്നിയ വീട്ടുകാർ കൂടുതൽ ചോദിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. സബീലിന്റെ ഇരുകാലുകളും ഇടതുകൈയും പൊട്ടിയിരുന്നു. തുടർന്ന് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.