ലണ്ടൻ: ഫേസ്‌ബുക്ക് ഡാറ്റ തട്ടിപ്പിനെ തുടർന്ന് സ്ഥാപകൻ മാർക്ക് സുക്കർബർഗിന് 64 ലക്ഷം കോടി രൂപ ഇപ്പോൾ തന്നെ നഷ്ടപ്പെട്ടുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. ഫേസ്‌ബുക്ക് ഇൻസ്റ്റാൾ ചെയ്ത മൊബൈലിലെ കാളുകൾ റെക്കോർഡ് ചെയ്തെന്ന വെളിപ്പെടുത്തൽ കൂടിയായതോടെ സോഷ്യൽ മീഡിയ ഭീമന്റെ വിപണിമൂല്യം വീണ്ടും താഴോട്ട് പോയിരിക്കുകയാണ്. ഇതിന് പുറമെ അമേരിക്ക അടക്കം അനേകം രാജ്യങ്ങളിൽ വിവിധ കേസുകളും സുക്കർബർഗിനെ വട്ടം കറക്കാൻ തുടങ്ങിയിട്ടുണ്ട്. ഫേസ്‌ബുക്ക് നടത്തിയെന്നാരോപിക്കുന്ന സ്വകാര്യതാ നിയമലംഘനത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്ന് ഫെഡറൽ ട്രേഡ് കമ്മീഷൻ സ്ഥിരീകരിച്ചിട്ടുമുണ്ട്. ചുരുക്കിപ്പറഞ്ഞാൽ ഇത്തരത്തിലാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നതെങ്കിൽ അധികം വൈകാതെ സുക്കർബർഗ് പാപ്പരാകുമെന്നുറപ്പാണ്.

കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന സ്ഥാപനം അമേരിക്കയിലെ 50 മില്യൺ ഫേസ്‌ബുക്ക് യൂസർമാരുടെ വിവരങ്ങൾ അനുവാദമില്ലാതെ ഉപയോഗിച്ചുവെന്ന വിവാദം കത്തിപ്പടർന്നതിനെ തുടർന്നാണ് ഫേസ്‌ബുക്കിന്റെ വിശ്വാസ്യത തകരാൻ തുടങ്ങിയിരിക്കുന്നത്. ഫേസ്‌ബുക്ക് ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ആൻഡ്രോയ്ഡ് ഫോണുകളിൽ നിന്നും യൂസർമാർ വിളിക്കുന്ന കാളുകളും അയക്കുന്ന ടെക്സ്റ്റുകളും റെക്കോർഡ് ചെയ്യപ്പെടുന്നുവെന്ന ആരോപണമാണ് സമീപകാലത്ത് ഉയർന്ന് വന്നിരിക്കുന്നത്. ഫേസ്‌ബുക്കിനെതിരെയുള്ള ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുമെന്ന് ഇന്നലെ ഫെഡറൽ ട്രേഡ് കമ്മീഷന്റെ ആക്ടിങ് ഡയറക്ടറായ ടോം പോൾ പ്രഖ്യാപനം നടത്തിയ ഉടൻ ഫേസ്‌ബുക്കിന്റെ ഓഹരി വില കുത്തനെ ഇടിഞ്ഞ് താഴന്നിരുന്നു.

2011ൽ ഫേബ്സുക്ക് യൂസർമാരുടെ സ്വകാര്യ വിവരങ്ങൾ ദുരുപയോഗം ചെയ്യാനാരംഭിച്ചുവെന്ന ആരോപണം ശരിയാണെന്ന് തെളിയിക്കാനായാൽ റെഗുലേറ്റർക്ക് ഫേസ്‌ബുക്കിൽ നിന്നും ആയിരക്കണക്കിന് ഡോളർ പിഴയായി ഈടാക്കാൻ സാധിക്കും. കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന സ്ഥാപനം അമേരിക്കയിലെ 50 മില്യൺ ഫേസ്‌ബുക്ക് യൂസർമാരുടെ വിവരങ്ങൾ അനുവാദമില്ലാതെ കവർന്നെടുത്ത് ട്രംപിന്റെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് 2016ൽ മൈക്രോ ടാർജറ്റ് അഡൈ്വർടൈസിംഗിന് ദുരുപയോഗിക്കുകയായിരുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.

എഫ്ടിസി ഡയറക്ടർ ഫേസ്‌ബുക്കിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് മിനുറ്റുകൾക്ക് ശേഷം ഫേസ്‌ബുക്കിന്റെ ഓഹരി വില 160.82 പൗണ്ടിൽ നിന്നും 150.36 പൗണ്ടായി ഇടിഞ്ഞ് താഴുകയായിരുന്നു. ഫേസ്‌ബുക്ക് കുരുക്കിലാകാൻ തുടങ്ങിയ സമയത്ത് ഓഹരി വില 185.09 പ ൗണ്ടായിരുന്നു. യുഎസിൽ ഫേസ്‌ബുക്കിന് മേൽ പിഴചുമത്താനും റെഗുലേറ്റ് ചെയ്യാനും പ്രോസിക്യൂട്ട് ചെയ്യാനും യുഎസിൽ എഫ്ടിസിക്ക് അധികാരമുണ്ട്. കേബ്രിഡ്ജ് അനലിറ്റിക്ക തട്ടിപ്പിന്റെ പേരിൽ ക്ഷമ ചോദിച്ച് കൊണ്ട് സുക്കർബർഗ് യുഎസ്, ബ്രിട്ടൻ, എന്നിവിടങ്ങളിലെ പ്രധാനപ്പെട്ട ഒമ്പത് പബ്ലിക്കേഷനുകളിൽ സുക്കർബർഗ് ഫുൾ പേജ് പരസ്യമാണ് കൊടുത്തിരുന്നത്.

ഫേസ്‌ബുക്ക് ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ഫോണുകളിലെ കാൾലോഗുകളിൽ നിന്നും ടെക്സ്റ്റ് മെസേജുകളിൽ നിന്നും ഫേസ്‌ബുക്ക് വിവരങ്ങൾ അനധികൃതമായി കവർന്നെടുക്കുന്നുണ്ടെന്ന് സിലിക്കൻ വാലിയിലെ ചില യൂസർമാർ കഴിഞ്ഞ രാത്രി തിരിച്ചറിഞ്ഞതോടെയാണ് ഫേസ്‌ബുക്ക് പുതിയ കുരുക്കിലായിരിക്കുന്നത്.