- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിഴൽ എഴുത്തുകാരുടെ ഫേസ്‌ബുക്ക് പോസ്റ്റുകൾ വൈറലായപ്പോൾ ആവേശം കയറിയ എൽഡിഎഫ് യഥാർത്ഥ വിഷയങ്ങൾ മറക്കുന്നുവോ? അഴിമതിയും സ്വജനപക്ഷപാതവും ഇപ്പോഴും പെട്ടിയിൽ തന്നെ; പ്രതിപക്ഷത്തിന്റെ ഏക ആശ്വാസം ഗ്രൂപ്പ് കെണിയിൽ വീഴാത്ത വി എസ്
തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ പ്രതിപക്ഷം ഏക വിഷയമാക്കി മാറ്റുന്നത് വി എസ് അച്യുതാനന്ദന്റെ ഫേസ്‌ബുക്ക് പോസ്റ്റുകൾ മാത്രമാണ്. അഞ്ച് ദിവസം കൊണ്ട് ഒരു ലക്ഷം ലൈക്ക് കടക്കുകയും ഉരുളക്കുപ്പേരി പോലെയുള്ള മറുപടികൾ വൈറൽ ആവുകയും ചെയ്തപ്പോൾ പ്രതിപക്ഷത്തിന്റെ ശ്രദ്ധ മുഴുവൻ വിഎസിന്റെ ഫേസ്‌ബുക്ക് പോസ്റ്റിലേക്ക് ചുരുങ്ങുകയാണ്. പ്രധാനപ്പെട്ട വിഷയങ്ങൾ അവഗണിച്ച് സരിതയുടെ പിന്നാലെ നടന്നു എന്ന ആരോപണം നേരിടുന്ന പ്രതിപക്ഷം ഇപ്പോഴും ആ തെറ്റ് ആവർത്തിക്കുകയാണ്. നിഴൽ എഴുത്തുകാർ എഴുതിവിടുന്ന ഫേസ്‌ബുക്ക് പോസ്റ്റിൽ ആണ് സിപിഎമ്മിന്റെ ഇപ്പോഴത്തെ ആശ്വാസം. തങ്ങൾക്ക് അനുകൂലമായ സാഹചര്യം പോലും മുതലെടുക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നില്ല എന്ന ആരോപണം സജീവമാണ്. അഴിമതിയും സ്വജനപക്ഷപാതവും തുറന്നുകാട്ടി തെരഞ്ഞെടുപ്പ് ചൂട് കൂട്ടാനുള്ള അവസരമാണ് ഇപ്പോൾ ഇവർ നഷ്ടപ്പെടുത്തുന്നത്. അതേസമയം മനോരമയെ മുന്നിൽ നിർത്തി വിഎസിനെ കുത്തി എന്തെങ്കിലും പറയിച്ചു ഗ്രൂപ്പിസത്തിന് ചൂടു പിടിപ്പിച്ചു വിഷയം മാറ്റാനുള്ള ശ്രമം
തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ പ്രതിപക്ഷം ഏക വിഷയമാക്കി മാറ്റുന്നത് വി എസ് അച്യുതാനന്ദന്റെ ഫേസ്‌ബുക്ക് പോസ്റ്റുകൾ മാത്രമാണ്. അഞ്ച് ദിവസം കൊണ്ട് ഒരു ലക്ഷം ലൈക്ക് കടക്കുകയും ഉരുളക്കുപ്പേരി പോലെയുള്ള മറുപടികൾ വൈറൽ ആവുകയും ചെയ്തപ്പോൾ പ്രതിപക്ഷത്തിന്റെ ശ്രദ്ധ മുഴുവൻ വിഎസിന്റെ ഫേസ്‌ബുക്ക് പോസ്റ്റിലേക്ക് ചുരുങ്ങുകയാണ്. പ്രധാനപ്പെട്ട വിഷയങ്ങൾ അവഗണിച്ച് സരിതയുടെ പിന്നാലെ നടന്നു എന്ന ആരോപണം നേരിടുന്ന പ്രതിപക്ഷം ഇപ്പോഴും ആ തെറ്റ് ആവർത്തിക്കുകയാണ്.
നിഴൽ എഴുത്തുകാർ എഴുതിവിടുന്ന ഫേസ്‌ബുക്ക് പോസ്റ്റിൽ ആണ് സിപിഎമ്മിന്റെ ഇപ്പോഴത്തെ ആശ്വാസം. തങ്ങൾക്ക് അനുകൂലമായ സാഹചര്യം പോലും മുതലെടുക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നില്ല എന്ന ആരോപണം സജീവമാണ്. അഴിമതിയും സ്വജനപക്ഷപാതവും തുറന്നുകാട്ടി തെരഞ്ഞെടുപ്പ് ചൂട് കൂട്ടാനുള്ള അവസരമാണ് ഇപ്പോൾ ഇവർ നഷ്ടപ്പെടുത്തുന്നത്. അതേസമയം മനോരമയെ മുന്നിൽ നിർത്തി വിഎസിനെ കുത്തി എന്തെങ്കിലും പറയിച്ചു ഗ്രൂപ്പിസത്തിന് ചൂടു പിടിപ്പിച്ചു വിഷയം മാറ്റാനുള്ള ശ്രമം ഇനിയും വിജയിച്ചിട്ടില്ല എന്നത് മാത്രം ഇപ്പോഴും സിപിഎമ്മിന് ആശ്വാസമാവുകയാണ്.
'മാദ്ധ്യമ തെമ്മാടിത്തരം' എന്ന സ്വഭാവികമായ വിഎസിന്റെ പ്രതികരണം വൈറൽ ആയിരിക്കവേ സോഷ്യൽ മീഡിയ നടത്തിപ്പുകാർ അത് തിരുത്തുകയും ക്ഷമ പറയുകയും ചെയ്തിട്ടില്ലായിരുന്നെങ്കിൽ ആ വിഷയത്തിൽ കൂടുതൽ നേട്ടം വി എസ് നേടുമായിരുന്നു എന്ന അഭിപ്രായവും സജീവമാണ്. സ്വാഭാവികമായ വിഎസിന്റെ പ്രതികരണങ്ങളെ ഇല്ലാതാക്കി നിഴലെഴുത്തുകാരുടെ ആശയങ്ങൾ മാത്രം അടിച്ചേൽപ്പിക്കുന്നത് ഏത് നിമിഷവും അബദ്ധമായി മാറുമെന്ന ഭയവും സിപിഎമ്മിന്റെ ഔദ്യോഗിക നേതൃത്വത്തിന് ഇല്ലാതില്ല.
തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായാണ് വി എസ് ഫേസ്‌ബുക്ക് പേജിലേക്ക എത്തിയത്. വിഎസിന് മുമ്പേ ഉമ്മൻ ചാണ്ടിയും തോമസ് ഐസക്കും പിണറായിയുമൊക്കെ ഫേസ്‌ബുക്കിൽ അക്കൗണ്ട് തുറന്നിരുന്നു. ഇവരുടെയൊക്കെ വിശ്വസ്തർ തന്നെയാണ് അക്കൗണ്ട് കൈകാര്യം ചെയ്യുന്നത്. വിഎസിന്റെ കാര്യത്തിലും അങ്ങനെ തന്നെ. എന്നാൽ, കേരളത്തിലെ ഏറ്റവും ജനകീയ നേതാവായ വി എസ് ഫേസ്‌ബുക്കിലേക്ക് എത്തിയതോടെ ചാനലുകളിലെ ബ്രേക്കിങ് ന്യൂസുകൾ അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പേജിൽ നിന്നായി. എന്നാൽ, മാദ്ധ്യമങ്ങളുടെ ശ്രദ്ധയെല്ലാം ഫേസ്‌ബുക്ക് പേജിലേക്ക് ചുരങ്ങിയതോടെ അഴിമതി ആരോപണങ്ങളുടെ നിറുകയിൽ നിൽക്കുന്ന ഉമ്മൻ ചാണ്ടിക്ക് രക്ഷപെടാൻ വഴിയൊരുങ്ങുകയും ചെയ്തു എന്നതാണ് യാഥാർത്ഥ്യം. അഴിമതി വിഷയം ചർച്ചയാക്കാനുള്ള ശ്രമങ്ങളാണ് ഇനി എൽഡിഎഫിൽ നിന്നും ഉണ്ടാകേണ്ടത്.
സിപിഎമ്മിൽ കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടായി തുടർന്ന് വന്ന വിഭാഗീയതയുടെ മുറിവുകളിൽ തോണ്ടി ആഴമുണ്ടാക്കാനാണ് മുഖ്യമന്ത്രി അടക്കമുള്ള കോൺഗ്രസ് നേതാക്കളുടെ ആഞ്ഞുപിടിച്ചുള്ള ശ്രമം. ഇതിനായി വിഎസിന് പ്രകോപിപ്പിക്കാനാണ് ഇവരുടെ ശ്രമം. എന്നാൽ, പിണറായി പോലും ഈ കെണിയിൽ വീണിട്ടും വി എസ് ഇനിയും വീണിട്ടില്ല. പാമോയിൽ കേസിൽ കരുണാകരനെ സ്ഥാനഭ്രഷ്ടനാക്കാൻ ഉമ്മൻ ചാണ്ടി നടത്തിയ കരുനീക്കങ്ങളും ഇൻഫോപാർക്ക് സ്മാർട്ട്‌സിറ്റിക്ക് കൈമാറിയതിലെ അഴിമതിയിടപാടുമടക്കം താൻ ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകാതെ ഉഡായിപ്പ് രാഷ്ട്രീയം കളിക്കുകയാണ് മുഖ്യമന്ത്രിയെന്നാണ് ഇതിന് വി.എസിന്റെ പ്രത്യാക്രമണം.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മൂർദ്ധന്യത്തിൽ വിലക്കയറ്റവും അഴിമതിയും അടക്കമുള്ള ജനകീയ വിഷയങ്ങൾ ഉയർത്തിക്കാട്ടി സർക്കാരിനും യു.ഡി.എഫിനുമെതിരെ ആഞ്ഞടിക്കാനായിരുന്നു എൽ.ഡി.എഫ് ക്യാമ്പിലെ ഒരുക്കം. സിപിഎമ്മിലെയും മുന്നണിയിലെയും യോജിപ്പിന്റെ സന്ദേശത്തിൽ വിള്ളൽ വീഴാതിരിക്കാനുള്ള ജാഗ്രത ഇടത് നേതൃത്വം പുലർത്തുന്നുണ്ട്. തദ്ദേശതിരഞ്ഞെടുപ്പെന്ന പോലെ ഈ തിരഞ്ഞെടുപ്പിലും പരമാവധി യോജിപ്പ് പ്രകടമാക്കി ഫലമുണ്ടാക്കാൻ സിപിഎമ്മും കൊണ്ടുപിടിച്ച് ശ്രമിക്കുന്നു. സാമൂഹ്യ മാദ്ധ്യമങ്ങൾ വഴിയുള്ള ആരോപണപ്രത്യാരോപണങ്ങൾ പരിധി വിട്ടു പോകരുതെന്ന ലക്ഷ്യത്തോടെയുള്ളതാണ് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തലശ്ശേരിയിൽ ഇന്നലത്തെ നടത്തിയ പ്രതികരണം. പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ നേരത്തേ നിശ്ചയിച്ച വാർത്താസമ്മേളനം ഇന്നലെയും റദ്ദാക്കി.
അതേ സമയം, വികസനവും കരുതലുമെന്ന മുദ്രാവാക്യം ഉയർത്തി ഉമ്മൻ ചാണ്ടി സർക്കാർ നടത്തിയ പ്രവർത്തനങ്ങൾ ശരിയാം വണ്ണം ജനങ്ങളിലേക്കെത്തിക്കാനാവുമോ എന്ന ആശങ്ക യുഡിഎഫ് ക്യാമ്പുകളും പ്രകടിപ്പിക്കുന്നു. എന്നാൽ,ഇവിടെ പരസ്പരം ചെളിവാരിയെറിയുന്നവർ ബംഗാളിൽ സഹകരിച്ച് മുന്നേറുന്നതിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടിയാണ് ബിജെപി-ബി.ഡി.ജെ.എസ് സഖ്യത്തിന്റെ പ്രചാരണം. ഇടത്, വലത് നേതാക്കളുടെ ഫേസ് ബുക്ക് തർക്കത്തിൽ അവർ കാര്യമായി ഇടപെടുന്നില്ല എന്നതും ശ്രദ്ധേയമാണ്.
നേതാക്കളുടെ ഫേസ് ബുക്ക് പോസ്റ്റുകൾക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നതും. തന്റെ പോസ്റ്റിന് ലഭിക്കുന്ന പ്രതികരണങ്ങളിൽ നിന്ന് ഈ സമര മുഖവും വിജയകരമാകുന്നുവെന്ന് സന്തോഷത്തോടെ മനസ്സിലാക്കുന്നുവെന്നാണ് ഇന്നലെ വി എസ് നടത്തിയ കമന്റ്.
അതേസമയം വി എസ് ആരാധകർക്ക് സംതൃപ്തി നൽകുന്നതിൽ ഉപരിയായി ഈ ഫേസ്‌ബുക്ക് പോസ്റ്റുകൾ കൊണ്ട് കാര്യമായ നേട്ടമില്ലന്നാണ് വസ്തുത. ചെളിവാരിയെറിയൽ രൂക്ഷമാകുന്ന ഘട്ടത്തിൽ നിയമനടപടിയിലേക്ക് നീങ്ങുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞിരുന്നു. വി എസ് നടത്തിയ പരാമർശങ്ങളുടെ പേരിലാണ് നിയമനടപടി നേരിടേണ്ടി വരുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകിയത്. ഈ സർക്കാരിലെ 18 മന്ത്രിമാർക്കെതിരെ 136 അഴിമതിക്കേസുകൾ സുപ്രീം കോടതിയിൽ ഉണ്ടെന്നാണു പറയുന്നത്. മുഖ്യമന്ത്രിക്കെതിരെ 31 കേസുകൾ ഉണ്ടെന്നും പറയുന്നു. ഒരൊറ്റക്കേസ് പോലും ഇല്ലെന്നതാണു വാസ്തവം.
ഉടനടി ഇതിനു വി എസ് മാപ്പു പറയണം. ഏതെങ്കിലും കോടതിയിലോ പൊലീസ് സ്റ്റേഷനിലോ ആരെങ്കിലും പരാതിയോ ഹർജിയോ നൽകിയാൽ അതു കേസാകില്ല. കേസിന്റെ തുടക്കം എഫ്‌ഐആറിലാണ്. ഒരു കേസിന്റെ എങ്കിലും എഫ്‌ഐആർ വി എസ് ഹാജരാക്കണം. ഒരു മന്ത്രിക്കെതിരെയും കേസില്ല. ധനമന്ത്രിയായിരുന്ന കെ.എം. മാണിക്കെതിരെയാണ് ഒരേയൊരു എഫ്‌ഐആർ നിലവിലുള്ളത്. ഈ കേസ് വിജിലൻസ് അന്വേഷിച്ചു കുറ്റവിമുക്തനാക്കി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ മുൻ ഉപദേശകൻ ഷാഫി മേത്തർക്കു ഭൂമി പതിച്ചുനൽകിയെന്ന അടിസ്ഥാനമില്ലാത്ത ആരോപണം പ്രതിപക്ഷ നേതാവ് ഉയർത്തിയിരുന്നു. ഇതിനെതിരെ മേത്തർ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരിക്കുകയാണ്. പറയുന്നതെല്ലാം പിഴയ്ക്കുകയും അവ പിൻവലിച്ചു മാപ്പു പറയുകയുമാണു പ്രതിപക്ഷ നേതാവിന്റെ പ്രധാന പരിപാടി. 136 അഴിമതിക്കേസുകൾ സംബന്ധിച്ച ആരോപണവും അദ്ദേഹത്തിന് ഉടനെ പിൻവലിക്കേണ്ടി വരുമെന്നു മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം സർക്കാറിന്റെ അവസാന നാളുകളിലെ കടുംവെട്ടുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നെങ്കിലും അതൊന്നും രാഷ്ട്രീയ ആയുധമാക്കാൻ എൽഡിഎഫിന് ഇതുവരെ സാധിച്ചിട്ടില്ല. സന്തോഷ് മാധവൻ ഭൂമി ഇടപാടിൽ യഥാർത്ഥ വില്ലൻ വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയാണെന്ന് വ്യക്തമാക്കുന്ന തെളിവുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എന്നാൽ, നേതാക്കളുടെ ഫേസ്‌ബുക്ക് പോരിൽ ഇത് വേണ്ട വിധത്തിൽ ശ്രദ്ധിക്കപ്പെടാതെ പോകുകയാണ് ഉണ്ടായത്. എന്നാൽ ഫേസ്‌ബുക്കിലെ വാക് പ്രയോഗങ്ങളിൽ സൂക്ഷ്മത പുലർത്തണമെന്ന് കോടിയേരി ബാലകൃഷ്ണൻ നേരിട്ട് പറഞ്ഞ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് പ്രത്യക്ഷ പ്രചരണ രംഗത്താകും ഇനി നേതാക്കൾ കൂടുതൽ ശ്രദ്ധിക്കുക എന്നും അറിയുന്നു.