ന്യൂഡൽഹി: നികുതി ദായകരുടെ എല്ലാ വിവരങ്ങളും ആവശ്യപ്പെടുന്ന പുതിയ ഇൻകം ടാക്‌സ് റിട്ടേർൺ ഫോം നടപ്പിലാക്കുന്നത് കേന്ദ്ര സർക്കാർ നീട്ടിവച്ചു. എല്ലാ മേഖലയിൽ നിന്നും പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് തീരുമാനം. ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി നടത്തി ഇടപെടലിനെ തുടർന്നാണ് തീരുമാനമെന്ന് സർക്കാർ കേന്ദ്രങ്ങൾ വ്യക്തമാക്കി. വിവാദ ഫോം ലഘൂകരിച്ച് നടപ്പാക്കാനുള്ള നടപടികൾ ഉണ്ടാകുമെന്നും ധനമന്ത്രാലയം വ്യക്തമാക്കി.

നികുതി ദായകരുടെ എല്ലാ വിവരങ്ങളും ആവശ്യപ്പെടുന്ന പുതിയ ഇൻകം ടാക്‌സ് അസസ്‌മെന്റ് ഫോമുകൾ സർക്കാർ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. 14 പേജുകൾ വരുന്ന ഈ ഫോമിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങൾക്കു പുറമെ വിദേശ യാത്രകൾ, പാസ്‌പോർട്ട്, ആധാർ നമ്പർ തുടങ്ങി എല്ലാ വിവരങ്ങളും റിട്ടേണുകൾ സമർപ്പിക്കുമ്പോൾ നൽകണമായിരുന്നു. 2014-15 സാമ്പത്തിക വർഷത്തെ കണക്കുകൾ സമർപ്പിക്കുന്നതിനും ഈ ഫോം തന്നെ ഉപയോഗിക്കണമെന്നായിരുന്നു നിർദ്ദേശം. വിദേശ യാത്രകളുടെ വിശദാംശങ്ങൾ, ഈ യാത്രകളിൽ ചെലവഴിക്കുന്ന പണം, അതിന്റെ സ്രോതസ്സ് തുടങ്ങിയവ അടക്കം പൂർണ്ണ വിവരങ്ങൾ ഇനിമുതൽ റിട്ടേണിനൊപ്പം സർപ്പിക്കേണമെന്നായിരുന്നു നിബന്ധന.

എന്നാൽ ഇത്രയും വിവരങ്ങൾ അടങ്ങിയ ഫോമിനെതിരെ പ്രതിഷേധം വ്യാപകമായി. സാധാരണക്കാരെ വലയ്ക്കാൻ മാത്രമേ ഈ ഫോമിലൂടെ കഴിയൂ എന്ന വാദവുമുയർന്നു. നികുതി അടയ്ക്കുന്നിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കേണ്ട സമയത്ത് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലെ പുതിയ ഫോം ആർക്കും ഗുണം ചെയ്യില്ലെന്നും വാദമുയർന്നു. കോർപ്പറേറ്റുകളും എതിർപ്പുമായി രംഗത്ത് വന്നു. ഈ സാഹചര്യത്തിലാണ് ഫോം താൽക്കാലികമായി പിൻവലിക്കാൻ സർക്കാർ തയ്യാറാകുന്നത്. പുതുക്കിയ രൂപത്തിൽ ഫോം അവതരിപ്പിക്കുമെന്നും വ്യക്തമാക്കി.

കള്ളപ്പണം നിയന്ത്രിക്കുന്നതിനുള്ള സുപ്രധാന നീക്കമായാണ് പുതിയ ഫോം പുറത്തിറക്കിയ സർക്കാർ നടപടി വിലയിരുത്തപ്പെട്ടത്. പുതിയ നികുതി ഫയലിങ് ചട്ടങ്ങൾ പ്രകാരം ക്ലോസ് ചെയ്തവയടക്കം അതതു സാമ്പത്തിക വർഷാവസാനം വരെ എത്ര അക്കൗണ്ടുകൾ ഉപയോഗിച്ചിട്ടുണ്ടെന്നും ഇവയുടെ പൂർണ വിവരങ്ങളും നൽകണം. ബാങ്കിന്റെ പേര്, അക്കൗണ്ട് നമ്പർ, വിലാസം ഐഎഫ്എസ് സി കോഡ് അടക്കമുള്ള വിവരങ്ങളാണ് നൽകേണ്ടത്. ഇതിനു പുറമെ നികുതിദായകർ തങ്ങളുടെ പാസ്‌പോർട്ടിലെ വിവരങ്ങളും അത് ഇഷ്യു ചെയ്ത സ്ഥലം, അതതു സാമ്പത്തിക വർഷം സന്ദർശിച്ച രാജ്യങ്ങൾ, ചെലവ് തുടങ്ങിയ വിവരങ്ങളും വ്യക്തമാക്കണമായിരുന്നു.

കള്ളപ്പണക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ അധികാരമേറ്റതു മുതൽ കേന്ദ്ര സർക്കാർ പദ്ധതികളാവിഷ്‌കരിച്ചു വരികയാണ്. സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് കേന്ദ്രസർക്കാർ കഴിഞ്ഞ വർഷം കള്ളപ്പണം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) നിയോഗിച്ചിരുന്നു. രാജ്യത്തിനകത്തെ കള്ളപ്പണം അന്വേഷിക്കാനും പിന്നീട് സിമിതിയോടാവശ്യപ്പെട്ടിരുന്നു. വിദേശങ്ങളിൽ കള്ളപ്പണം ഒളിപ്പിക്കുന്നവർക്ക് കടുത്ത ശിക്ഷ നൽകുന്ന നിയമം കഴിഞ്ഞ മാസം സർക്കാർ അവതരിപ്പിച്ചിരുന്നു. ബിനാമി ഇടപാടുകൾ തടയുന്നതിനുള്ള സമഗ്ര നിയമം സർക്കാർ താമസിയാതെ അവതരിപ്പിക്കുമെന്നും ഔദ്യോഗിക വൃത്തങ്ങൾ പറയുന്നു.