മലപ്പുറം: ഇസ്ലാം മതം സ്വീകരിച്ചതിന്റെ പേരിൽ തിരൂരങ്ങാടി കൊടിഞ്ഞി പുല്ലാണി ഫൈസലി(30)നെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ തിരൂരിലെ ആർ.എസ്.എസ് ആസ്ഥാനത്ത് പൊലീസ് തെളിവെടുപ്പ് നടത്തി. കൃത്യം നടത്തിയ മൂന്ന് പ്രതികളുമായാണ് ഇന്നലെയാണ് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയത്. സംഭവ ശേഷം തൃക്കണ്ടിയൂരിലെ ആർ.എസ്.എസ് ആസ്ഥാനമായ സംഘ മന്ദിറിലെത്തി വസ്ത്രങ്ങൾ കഴുകുകയും, കത്തിക്കുകയും ചെയ്തതായാണ് പ്രതികൾ പൊലീസിൽ മൊഴി നൽകിയിട്ടുള്ളത്.

കേസിൽ ഒന്ന് മുതൽ മൂന്ന് വരെയുള്ള പ്രതികളായ മംഗലം പുല്ലൂണി കാരാറ്റ്കടവ് കണക്കൻ പ്രജീഷ് എന്ന ബാബു (30), പുല്ലൂണിയിൽ താമസിക്കുന്ന വെള്ളിയാമ്പുറം സ്വദേശി തടത്തിൽ സുധീഷ്‌കുമാർ എന്ന കുട്ടാപ്പു (23), വള്ളിക്കുന്ന് ഒലിപ്രം മുണ്ടിയംകാവ്പറമ്പിൽ പല്ലാട്ട് ശ്രീകേഷ് എന്ന അപ്പു (26) എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തിയത്. ഇവരെല്ലാം സജീവ ബിജെപി, ആർ.എസ്.എസ് പ്രവർത്തകരാണ്. തിരൂരിലെ ആർ.എസ്.എസ് ആസ്ഥാനവുമായി അടുത്ത ബന്ധമുള്ളവരുമാണിവർ. നേതൃത്വം അറിയാതെ പുലർച്ചെ ആസ്ഥാന മന്ദിരത്തിലെത്തുക അസാധ്യമാണ്. സംഭവത്തിൽ ബിജെപി, ആർ.എസ്.എസ് നേതൃത്വത്തിന്റെ പങ്ക് ബലപ്പെടുത്തുന്നതു കൂടിയാണിത്.

ഇന്നലെ വൈകിട്ട് തിരൂർ തൃക്കണ്ടിയൂർ ലളിതകലാ സമിതി റോഡിലെ ആർ.എസ്.എസ് ആസ്ഥാനമായ സംഘ മന്ദിറിൽ മണിക്കൂറുകൾ നീണ്ട തെളിവെടുപ്പായിരുന്നു അന്വേഷണ സംഘം നടത്തിയത്. അതീവ രഹസ്യമായാണ് പൊലീസ് പ്രതികളുമായെത്തിയത്. കേസന്വേഷണത്തിന് നേതൃത്വം നൽകുന്ന മലപ്പുറം ഡിവൈ.എസ്‌പി പി. എം പ്രദീപ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെയും കൊണ്ട് തിരൂരിലെത്തിയത്.

സംഭവ ശേഷം സംഘ മന്ദിറിലെത്തിയാണ് വസ്ത്രങ്ങൾ കഴുകിയതെന്നും വസ്ത്രങ്ങൾ കത്തിച്ചതായും പ്രതികൾ മൊഴി നൽകിയതിനെ തുടർന്നായിരുന്നു ആർ.എസ്.എസ് ആസ്ഥാനത്തെ തെളിവെടുപ്പ്. വസ്ത്രങ്ങൾ കഴുകിയ കെട്ടിടത്തിന്റെ പിൻഭാഗം പ്രജീഷ്‌കുമാർ എന്ന ബാബുവും വസ്ത്രങ്ങൾ തീയിട്ട ഭാഗം ശ്രീകേഷ് എന്ന അപ്പുവും പൊലീസിന് കാണിച്ച് കൊടുത്തു. അന്വേഷണ സംഘാംഗങ്ങളായ സി.ഐമാരായ കെ.എം മുഹമ്മദ് ഹനീഫ (കൊണ്ടോട്ടി), ബാബുരാജ് (തിരൂരങ്ങാടി), സി. അലവി (താനൂർ), തിരൂരങ്ങാടി എസ്.ഐ വിശ്വനാഥൻ കാരയിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. തിരൂർ സി.ഐ കെ.എം ഷാജി, എസ്.ഐ കെ.ആർ. രഞ്ജിത് എന്നിവരും തെളിവെടുപ്പ് സംഘത്തിലുണ്ടായിരുന്നു.

പുല്ലാണി അനന്തകൃഷ്ണൻ നായരുടെ മകൻ ഫൈസലിനെ കൊടിഞ്ഞി ഫാറൂഖ് നഗറിൽ വച്ച് നവംബർ 19 ന് പുലർച്ചയോടെയാണ് ബൈക്കിലെത്തിയ സംഘം വെട്ടി കൊലപ്പെടുത്തിയത്. ഗൾഫിൽ ജോലി സ്ഥലത്തേക്ക് അടുത്ത ദിവസം മടങ്ങാനിരിക്കെയാണ് ഫൈസൽ ധാരുണമായി കൊല്ലപ്പെട്ടത്. ഫൈസൽ അവധിക്കു നാട്ടിലെത്തിയ ശേഷം ഭാര്യയെയും രണ്ടു മക്കളെയും ഇസ്ലാം മതത്തിലേക്കു കൊണ്ടുവന്നിരുന്നു. ഫൈസൽ കൊല്ലപ്പെട്ട ശേഷം ഈയിടെ മാതാവും മതം മാറിയിരുന്നു.

കേസുമായി ബന്ധപ്പെട്ട് സഹോദരി ഭർത്താവ് വിനോദടക്കമുള്ള ബന്ധുക്കളെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. സഹോദരിയെയും മക്കളെയും മതം മാറ്റുമെന്ന് ഭയന്നതിനാൽ ഭർത്താവായ വിനോദ് ബിജെപിആർ.എസ്.എസ് പ്രാദേശിക നേതാക്കളായ ഹരിദാസൻ, ഷാജി, സുനിൽ, സജീഷ് എന്നിവരെ സമീപിച്ചു. ഇവർ സംഘടനയുടെ പരപ്പനങ്ങാടിയിലെ നേതാക്കളെയും വിവരമറിയിച്ചു. തുടർന്ന് ഒക്ടോടോബറിൽ ഷാജി, സജീഷ്, സുനിൽ, വിനോദ്, പ്രദീപ്, ഹരിദാസൻ, പരപ്പനങ്ങാടിയിലെ സംഘടന നേതാവ് ജയപ്രകാശൻ എന്നിവർ മേലേപ്പുറത്തെ ഗ്രൗണ്ടിൽ ഒത്തുചേർന്നാണ് ഗൂഢാലോചന നടത്തി.

വിവരം തിരൂരിലെ ആർ.എസ്.എസ് നേതാവിനെ അറിയിക്കുകയും ചെയ്തു. ഈ നേതാവ് തൃക്കണ്ടിയൂർ മഠത്തിൽ നാരായണനാണെന്നും ഇയാളുടെ നിർദേശപ്രകാരം മൂന്നുപേർ 19ന് പുലർച്ചെ കൊടിഞ്ഞിയിലത്തെി കൃത്യം നടത്തിയതെന്നും പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

സംഭവത്തിന്റെ മുഖ്യ സൂത്രധാരനാണ് തിരൂർ തൃക്കണ്ടിയൂർ സ്വദേശിയും ആർ.എസ്.എസ് നേതാവുമായ മഠത്തിൽ നാരായണൻ. മുമ്പ് തിരൂർ സ്വദേശിയായ യാസർ ഇസ്ലാം മതം സ്വീകരിച്ചതിന്റെ പേരിൽ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് മഠത്തിൽ നാരായണൻ. ഈ കേസിലെ പ്രതികളെ മാസങ്ങൾക്കു മുമ്പാണ് സുപ്രീം കോടതി വെറുതെ വിട്ടത്. നാരായണനു വേണ്ടി പൊലീസ് അന്വേഷണം തുടരുകയാണ്. ഇയാളെ തേടി പൊലീസ് പല പ്രാവശ്യം വീട്ടിലെത്തിയിരുന്നെങ്കിലും കണ്ടെത്താനായില്ല. കേരളത്തിന് പുറത്ത് ഒളിവിൽ കഴിയുകയാണെന്നാണ് സൂചന. അതേമയം പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു.