കൊല്ലം. പത്തനാപുരം ബാങ്കേഴ്സ് എന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്നു സ്വർണവും പണവും കവർന്ന സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത് നിർണ്ണായക നീക്കങ്ങിളിലൂടെ. കോന്നി പ്രമാടത്ത് വാടകയ്ക്ക് താമസിക്കുന്ന പത്തനംതിട്ട കൂടൽ തിടി സ്വദേശി പുന്നക്കുടി പുത്തൻവീട്ടിൽ ഫൈസൽ രാജ് (32) ആണ് പിടിയിലായത്. മെയ്‌ 15ന് നടത്തിയ മോഷണത്തെത്തുടർന്ന് ഒളിവിലായിരുന്ന ഫൈസൽ രാജിനെ പൊലീസ് തിരിച്ചറിയുകയും അന്വേഷിച്ചു പ്രമാടത്തെ വീട്ടിലെത്തുകയും ചെയ്തിരുന്നു.

ഇവിടെ നിന്നു തമിഴ്‌നാട് വഴി ബെംഗളൂരുവിലേക്ക് കടന്ന ഇയാൾ കഴിഞ്ഞ ദിവസം പത്തനംതിട്ട കോടതിയിൽ കീഴടങ്ങുകയായിരുന്നു. പൊലീസിനു കൈമാറിയ ഇയാളെ നാളെ വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.ഒരു കിലോയോളം (996.470 ഗ്രാം) സ്വർണം ഇയാളിൽ നിന്നു കണ്ടെത്തി. പെരുമ്പാവൂരിലെ പണമിടപാട് സ്ഥാപനത്തിൽ 235 ഗ്രാം സ്വർണം പണയം വച്ചട്ടുണ്ടെന്നും ഇത് വീണ്ടെടുക്കാനുള്ള നടപടി തുടങ്ങിയെന്നും പൊലീസ് പറഞ്ഞു. മോഷ്ടിച്ച നാലു ലക്ഷം രൂപ ഉപയോഗിച്ച് മറ്റൊരാളുടെ പേരിൽ കാർ വാങ്ങിയെന്നു ഫൈസൽ രാജ് പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നു

മോഷണത്തിലും വ്യത്യസ്തത

ഫൈസൽ രാജ് മോഷണം നടത്തുന്നത് പൂജയ്ക്ക് ശേഷം. ഒരു മണിക്കൂറോളം ദൈർഘ്യമുള്ളതാണ് പൂജ. കറുപ്പ സ്വാമിയാണ് ദൈവം. ഫോട്ടോയും മദ്യവും വച്ചുള്ള പൂജയ്ക്ക് ശേഷം നാരങ്ങയുടെ മുകളിലൂടെ പുതിയ വാഹനങ്ങൾ കയറ്റുന്നത് പോലെ നാരങ്ങയിൽ ചവിട്ടിയാണ് മോഷണം നടത്താനുള്ള മുറിയിലേക്ക് പ്രവേശിക്കുക.

ഇതേ രീതി പിൻ തുടരുന്നത് തമിഴ് നാട്ടിലെ തിരുട്ടു ഗ്രാമത്തിൽ നിന്നുള്ള മോഷ്ടാക്കളാണ്. അന്വേഷണ സംഘത്തെ വഴി തെറ്റിക്കാനുള്ള തന്ത്രമാണോ ഇതെന്ന് പൊലീസ് സംശയിക്കുന്നു. മോക്ഷണത്തിന്റെ പൊതു സ്വഭാവം വെച്ച് പൊലീസ് തമിഴ്‌നാട്ടിലേക്ക് നീങ്ങുമെന്ന് ധാരണയിലാവാം ഈ തന്ത്രങ്ങൾ ഫൈസൽരാജ് പയറ്റിയത്.

തെളിവില്ലാത്ത മോഷണം

ബാങ്കിൽ എഴുതി വച്ചിരുന്ന ഇംഗ്ലിഷ് പോസ്റ്ററിലാണ് സംശയം തുടങ്ങിയത്. തമിഴ് ദൈവമായ കറുപ്പസ്വാമിയുടെ ചിത്രം വച്ച് പൂജിച്ച ശേഷം സമീപത്തായി പൊലീസിനു മുന്നറിയിപ്പു നൽകി ഇംഗ്ലിഷ് പോസ്റ്റർ ഒട്ടിച്ചത് തമിഴ്‌നാട്ടുകാരായ മോഷ്ടാക്കളാണെന്നു തെറ്റിദ്ധരിപ്പിക്കുന്നതിനാണെന്ന പൊലീസിന്റെ നിഗമനം മാത്രമായിരുന്നു ആദ്യ ഘട്ടത്തിലെ പിടിവള്ളി.

മോഷണം നടന്നുവെന്നു സംശയിക്കുന്ന ദിവസങ്ങളിൽ ബാങ്കിന്റെ ഭാഗത്തെ മൊബൈൽ ടവർ ഉപയോഗിച്ച രണ്ടര ലക്ഷത്തോളം പേരുടെ ഫോൺ നമ്പർ നിരീക്ഷിച്ച് സംശയം തോന്നിയ രണ്ട് നമ്പറുകളിലേക്ക് പൊലീസ് അന്വേഷണം ചുരുക്കി. വിവിധ സംസ്ഥാനങ്ങളിലൂടെ കറങ്ങി 25ന് കോന്നി പ്രമാടത്ത് എത്തിയ ഈ നമ്പറിന്റെ ഉടമയെ അന്വേഷിച്ച് പൊലീസ് ഫൈസൽ രാജിന്റെ വീട്ടിലേക്കു പോയി. മൊബൈൽ ലോക്കേഷൻ അനുസരിച്ചു പ്രമാടം ജംക്ഷനു സമീപത്തായി കാറിൽ സഞ്ചരിക്കുകയായിരുന്ന ഇയാളെ കണ്ടെത്തി, പൊലീസ് ജീപ്പ് കുറുക്കിട്ടു പിടികൂടാൻ ശ്രമിക്കുകയും പൊലീസുമായി മൽപിടുത്തമുണ്ടാകുകയും ചെയ്തു.

സംഭവത്തിൽ പൊലീസുകാരൻ രഞ്ജിത്തിനു പരുക്കേറ്റിരുന്നു. ഇവിടെ നിന്നു കടന്നെങ്കിലും തകരാർ കാരണം താഴൂർക്കടവ് വാഴമുട്ടത്ത് കാർ ഉപേക്ഷിച്ച ഫൈസൽ രാജ്, അച്ചൻകോവിൽ ആറ്റിൽ ഇറങ്ങി നീന്തി മറുകരയിലെത്തി കടന്നു കളയുകയായിരുന്നു. കാറിൽ സൂക്ഷിച്ചിരുന്ന ഒരു കിലോയോളം സ്വർണം ബാഗിൽ പൊതിഞ്ഞ് ആറിന്റെ തീരത്തുള്ള ആൽ മരത്തിന്റെ വേരുകൾക്കിടയിൽ കെട്ടിയിട്ട ശേഷമാണ് ആറു നീന്തി മറുകരയെത്തിയത്. ഇതിനിടെ ഫൈസൽ രാജിന്റെ രണ്ട് ഫോണുകളിൽ ഒരെണ്ണം താഴെ വീണിരുന്നു. ഇത് പൊലീസ് കണ്ടെടുത്തു. ഇതോടെ പ്രതി ഫൈസൽ രാജ് തന്നെയെന്നു പൊലീസ് ഉറപ്പിച്ചു. അറസ്റ്റിനുള്ള ഒരുക്കത്തിനിടെയാണ് പത്തനംതിട്ട കോടതിയിൽ കീഴടങ്ങിയത്.

ഫൈസൽ രാജ് ചില്ലറക്കാരൻ അല്ല

മജിസ്ട്രേട്ടിനെ അസഭ്യം പറഞ്ഞ സംഭവം, അബ്കാരി നിയമലംഘനം, വാഹന മോഷണം ഉൾപ്പെടെ 21 കേസുകളിൽ ഫൈസൽ രാജ് പ്രതിയാണ്. 38 ലക്ഷം രൂപയുടെ സ്വർണവും നാലു ലക്ഷം രൂപയും നഷ്ടപ്പെട്ടെന്നാണ് ബാങ്കുടമ രാമചന്ദ്രൻ നായർ പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞിരുന്നത്. ഇതിന്റെ മൂന്നിരട്ടി തുകയുടെ സ്വർണമാണ് പൊലീസ് ഇതുവരെ വീണ്ടെടുത്തത്.

ഒറ്റയ്ക്ക് ഒരാൾക്ക് ഇത്രയും വലിയ മോഷണം ചെയ്യാൻ കഴിയുമോയെന്ന സംശയമുള്ളതിനാൽ കൂടുതൽ അന്വേഷണം വേണ്ടി വരുമെന്ന് പൊലീസ് പറഞ്ഞു. റൂറൽ എസ്‌പി കെ.ബി.രവിയുടെ നേതൃത്വത്തിൽ നാലു സംഘങ്ങൾ രൂപീകരിച്ചായിരുന്നു അന്വേഷണം. എസ്‌പിയുടെയും ഡിവൈഎസ്‌പിയുടെയും നേതൃത്വത്തിൽ ഓരോ സംഘവും പത്തനാപുരം പൊലീസ് സ്റ്റേഷനിൽ നിന്നു സിഐ ജയകൃഷ്ണൻ, എസ്ഐ അരുൺ കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഓരോ സംഘവും അന്വേഷണ രംഗത്തുണ്ട്.

പുനലൂർ ഡിവൈഎസ്‌പി ബി.വിനോദിനാണ് ഏകോപനച്ചുമതല. സൈബർ സെൽ ഉദ്യോഗസ്ഥരായ മഹേഷ്, സുനിൽ, എഎസ്ഐ ജയകുമാരി, സുധാകരൻ, രഞ്ജിത്ത്, വിഷ്ണു, ധനേഷ്, റിയാസ്, ബോബിൻ, രാജീവ് എന്നിവരും സംഘത്തിന്റെ ഭാഗമായി.