മലപ്പുറം: തിരൂരങ്ങാടി പുല്ലാണി അനന്തകൃഷ്ണൻ നായരുടെ മകൻ ഫൈസലി(33)നെ കൊലപ്പെടുത്തിയത് മതം മാറിയതിലെ വിരോധം കൊണ്ടു തന്നെ. കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരാണ് ഇക്കാര്യം വ്യക്തമാക്കിയത്. മതം മാറിയതിനെ ചൊല്ലി ഫൈസലിന് സഹോദരനടക്കമുള്ള ബന്ധുക്കളടക്കളിൽ നിന്നും ഭീഷണികളുണ്ടായിരുന്നതായി അടുത്ത സുഹൃത്തുക്കൾ പറയുന്നു.

ഫൈസലിന്റെ ഘാതകരെ കുറിച്ചുള്ള വ്യക്തമായ സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്. നിലവിലെ സംശയങ്ങൾ ബലപ്പെടുത്തും വിധം തെളിവുകൾ ലഭിച്ചതായാണ് വിവരം. ഫൈസലിന്റെ അടുത്ത ബന്ധുക്കളിൽ ചിലർക്ക് കൊലപാതകത്തിൽ പങ്കുള്ളതായാണ് പൊലീസിനു ലഭിച്ച വിവരം.

അതേസമയം ഇവർ നേരിട്ട് കൃത്യം നടത്തിയിരുന്നില്ലെന്നും പ്രൊഫഷണൽ ടീമാണ് കൊലനടത്തിയതെന്നുമാണ് നിഗമം. കൊലനടത്തിയ സംഘത്തിന് ഏതെങ്കിലും സംഘടനകളുമായുള്ള ബന്ധവും തള്ളിക്കളയുന്നില്ല. ക്രമസമാധാനം കണക്കിലെടുത്ത് ഇവരുടെ പൂർണ വിവരം പൊലീസ് പുറത്തു വിടാൻ തയ്യാറായിട്ടില്ല. പ്രതികൾ കൈയെത്താ ദൂരത്തുണ്ടെന്നും ഉടൻ പിടികൂടാൻ സാധിക്കുമെന്നും പൊലീസ് പറഞ്ഞു.

ഇസ്ലാം മതം സ്വീകരിച്ച ഫൈസലിനെ കൊടിഞ്ഞി ഫാറൂഖ് നഗർ അങ്ങാടിക്കടുത്ത് വച്ച് ഇന്നലെ പുലർച്ചെ അഞ്ച് മണിയോടെയാണ് അതിക്രൂരമായി ബൈക്കിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. പുലർച്ചെ നടക്കാനിറങ്ങിയവർ മൃതദേഹം കണ്ട് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയിൽ വെട്ടേറ്റ മുറിവുകൾ കണ്ടെത്തുകയും കൊലപാതകമാണെന്ന നിഗമനത്തിൽ എത്തിച്ചേരുകയുമായിരുന്നു.

ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരും സ്പെഷൽ ബ്രാഞ്ചും ഡോഗ് സ്‌ക്വാഡ്, ഫോറൻസിക് വിദഗ്ദ്ധർ എന്നിവരെല്ലാം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. സമീപത്തെ കടയിൽ സ്ഥാപിച്ചിരുന്ന സിസി ടിവി ദൃശ്യം പ്രധാന തെളിവായി കണ്ടെത്തിയിരുന്നു. പ്രതികളെ ഉടൻ പിടികൂടാൻ സാധിക്കുമെന്നും സംഭവസ്ഥലം സന്ദർശിച്ച ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റ വ്യക്തമാക്കിയിരുന്നു.

സൗദി അറേബ്യയിലെ റിയാദ് ബദിയയിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന ഫൈസൽ ഇസ്ലാമിനെ കുറിച്ച് ഇക്കാലയളവിൽ പഠിക്കാൻ ശ്രമിച്ചിരുന്നു. തുടർന്ന് ഇവിടെ നിന്നും ഇസ്ലാം മതം സ്വീകരിച്ച അനിൽകുമാർ ഫൈസൽ എന്ന പേര് സ്വീകരിക്കുകയായിരുന്നു. ജോലി സ്ഥലത്ത് നിന്നും ഫൈസൽ ആറ് മാസം മുമ്പാണ് നാട്ടിലെത്തിയത്. അവധി കഴിഞ്ഞ് ഇന്നാണ് ജോലിസ്ഥലത്തേക്ക് തിരിക്കേണ്ടിയിരുന്നത്. ഗൾഫിലുള്ളപ്പോൾ തന്നെ ഭാര്യയും മക്കളും ഖുർആൻ പഠനം ആരംഭിച്ചിരുന്നു. ഫൈസൽ നാട്ടിലെത്തിയ ശേഷം ഭാര്യയെയും മക്കളെയും മതം മാറ്റുകയുണ്ടായി. ഇതിൽ ഫൈസലിന്റെ കുടുംബത്തിൽപ്പെട്ട ചിലർ കടുത്ത ഭാഷയിൽ എതിർക്കുകയുണ്ടായി. ഇത് പല സൃഹൃത്തുക്കളോടും ഫൈസൽ പറഞ്ഞിട്ടുണ്ട്. നെയ്യാറ്റിൻകര സ്വദേശിനിയായ ഭാര്യയുടെ വീട്ടുകാർക്കും അഭിപ്രായ വ്യത്യാസമുണ്ടായിരുന്നെങ്കിലും കാര്യമായ എതിർപ്പിന് അവർ മുതിർന്നില്ല.

ഫൈസലിന്റെ വീട്ടിലേക്കു പുറപ്പെട്ട് റെയിൽവേ സ്റ്റേഷനിൽ എത്തിയ ഭാര്യയുടെ ബന്ധുക്കളെ കൂട്ടികൊണ്ടു വരാൻ പോകുന്നതിനിടെയായിരുന്നു ഇത് മുൻകൂട്ടി അറിഞ്ഞ സംഘം ഫൈസലിനെ വെട്ടിക്കൊലപ്പെടുത്തിയത്. ഫൈസലിന്റെ കുടുംബത്തിൽപ്പെട്ട ചിലരുടെ സഹായം കൊലയാളി സംഘത്തിന് കൃത്യമായി ലഭിച്ചിരുന്നതായാണ് പൊലീസ് നൽകുന്ന വിവരം. സംഘത്തിൽപ്പെട്ടവരുടെ ഫോണിലേക്കു വന്ന കോളുകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ നിന്നാണ് പ്രതികളെ കുറിച്ചുള്ള സൂചന പൊലീസിന് ലഭിച്ചിട്ടുള്ളത്. ഇതു കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

കൊടിഞ്ഞി പാല പാർക്കിൽ വാടക വീട്ടിലാണ് ഫൈസലും കുടുംബവും താമസിച്ചിരുന്നത്. തലക്കും വയറിനുമേറ്റ വെട്ടാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പോസ്റ്റുമോർട്ടത്തിലെ വിവരം. ശരീരമാസകലം മുറിവേറ്റിട്ടുണ്ട്. രക്തത്തിൽ കുളിച്ചു കിടക്കുന്ന നിലയിലായിരുന്നു നാട്ടുകാർ ഫൈസലിനെ കണ്ടത്. സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ നഗരത്തിൽ പ്രകടനം നടത്തി. ചില സംഘടനകളുടെ നേതൃത്വത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. പ്രതികളെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് ആക്ഷൻ സമിതിയും രൂപീകരിച്ചിട്ടുണ്ട്.

സാഹോദര്യത്തോടെയും മത സൗഹാർദത്തോടെയും ജീവിതം നയിക്കുന്ന തിരൂരങ്ങാടി പ്രദേശത്ത് ഇന്നലെയുണ്ടായ കൊലപാതകം മതേതര മനസാക്ഷിയെ നടുക്കിയിട്ടുണ്ട്. ഏതു മതം സ്വീകരിച്ച് ജീവിക്കാനും മതമില്ലാതെ ജീവിക്കാനുമുള്ള അവകാശം ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്നു എന്നിരിക്കെ ഫൈസലിനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയവരെ ഉടൻ പിടികൂടണമെന്നാണ് നാട്ടുകാരുടെ ഒന്നായ ആവശ്യം. മലപ്പുറം ഡിവൈഎസ്‌പി പ്രദീപിന്റെ നേതൃത്വത്തിൽ പ്രത്യേകം സ്‌ക്വാഡുകൾ രൂപീകരിച്ചാണ് കേസ് അന്വേഷണം പുരോഗമിക്കുന്നത്.