മധുരൈ: തമിഴ്‌നാട്ടിൽ പിടിയിലായ പാക്കിസ്ഥാൻ സ്വദേശിയായ മയക്കുമരുന്ന് കള്ളകടത്തുകാരൻ ഇന്ത്യയിൽ വ്യാപകമായി സഞ്ചരിക്കുകയും മയക്കുമരുന്ന് ഇടപാടുകൾ നടത്തുകയും ചെയ്തത് വ്യാജമായി സമ്പാദിച്ച രണ്ട് ആധാർ കാർഡുകൾ ഉപയോഗിച്ചാണെന്ന് വ്യക്തമായി. ഇക്കഴിഞ്ഞ മെയ് മാസത്തിലും മൂന്ന് പാക് സ്വദേശികൾ ബംഗളൂരുവിൽ വ്യാജ ആധാറുമായി പിടിയിലായിരുന്നു. ഇതോടെ ഇന്ത്യയിൽ ഇടപാടുകൾ നടത്താൻ വ്യാജ ആധാർ കാർഡുകൾ വ്യാപകമായി നിർമ്മിക്കപ്പെടുന്നുവെന്ന സംശയവും ബലപ്പെടുന്നുണ്ട്.

കറാച്ചി സ്വദേശിയായ മുഹമ്മദ് യൂനുസാണ് കഴിഞ്ഞ ദിവസം തമിഴ്‌നാട് പൊലീസിന്റെ പിടിയിലായത്. ഇയാൾ അനധികൃതമായി സ്വന്തമാക്കിയ രണ്ട് ആധാർ കാർഡുകളുമായാണ് ഇന്ത്യയിലുടനീളം സഞ്ചരിച്ചതെന്ന് പൊലീസ് പറയുന്നു.

മെയ് മാസത്തിൽ ശ്രീലങ്കയിൽ നിന്നാണ് യൂനുസ് ഇന്ത്യയിലെത്തിയത്. ശ്രീലങ്കൻ ഏജന്റിൽ നിന്ന 400 യുഎസ് ഡോളറിനാണ് യൂനുസ് പാസ്‌പോർട്ട് സ്വന്തമാക്കിയത്. ശ്രീലങ്കയിലേക്ക് പരിപ്പ് വ്യാപാരം നടത്തുന്നയാളെന്ന പേരിലാണ് ഇയാൾ മയക്കുമരുന്ന് കടത്തിയിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.

ഇംഗ്ലീഷ്, ഉർദു,ഹിന്ദി, സിംഹള ഭാഷകളിൽ സംസാരിക്കാൻ കഴിയുന്ന ഇയാൾ ഇടപാടുകാരെ വീഴ്‌ത്താൻ മിടുക്കനാണെന്നും പൊലീസ് പറയുന്നു. ബ്രൗൺഷുഗർ കടത്തിയ കേസിൽ ഇയാൾക്കെതിരെ ഗുജറാത്തിൽ രണ്ടു കേസുകളുണ്ട്. മെയ് രണ്ടിന് പുതുക്കോട്ടയിൽ എത്തിയ യൂനുസ് രാമനാഥപുരം, മധുരൈ, ചെന്നൈ, ബെംഗളൂരു, അഹമ്മദാബാദ്, അജ്മീർ, രാജസ്ഥാൻ എന്നിവിടങ്ങളിൽ ഇതിനോടകം യാത്ര ചെയ്‌തെന്നും വ്യക്തമായിട്ടുണ്ട്. വ്യാജ ആധാർ ഉപയോഗിച്ചാണ് ഇയാൾ റൂമുകൾ ബുക്ക് ചെയ്യുന്നതും ഇടപാടുകൾ നടത്തുന്നതും. ഒന്ന് ബിഹാറിലെ വിലാസത്തിലും മറ്റൊന്ന് രാമനാഥ്പുരത്തെ വിലാസത്തിലുമുള്ളതാണ്.