തൃശൂർ: തൃശൂരിൽ കള്ളനോട്ടടിക്കേസിൽ ബിജെപെ നേതാക്കൾ പിടയിലായ സാഹചര്യത്തിൽ മുഖം രക്ഷിക്കാൻ ശ്രമം ശക്തമാക്കി ബിജെപി. ബിജെപി ബൂത്ത് പ്രസിഡന്റും ഒബിസി മോർച്ച നേതാവുമായ ഏരാശ്ശേരി രാജീവിനെയും രാകേഷിനെയും പാർട്ടിയിയിൽ നിന്നും പുറത്താക്കി. ബിജെപിക്ക് സമൂഹത്തിൽ അപകീർത്തി ഉണ്ടാക്കുന്ന വിധത്തിൽ പ്രവർത്തനം നടത്തിയതു കൊണ്ടാണ് സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ നിർദ്ദേശ പ്രകാരം പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്നും ഇരുവരെയും പുറത്താക്കിയത്. ഇക്കാര്യം തൃശ്ശൂർ ജില്ലാ പ്രസിഡന്റ് എ നാഗേഷ് അറിയിച്ചു.

അതേസമയം ബിജെപി നേതാവിന്റെ വീട്ടിൽ നിന്നും കള്ളനോട്ടുകളും കള്ളനോട്ടടിക്കുന്ന മെഷീനുകളും കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. ബിജെപി ബൂത്ത് പ്രസിഡന്റ് രാഗേഷ് ഏരാച്ചേരിയുടെ മറ്റ് ഇടപാടുകളെക്കുറിച്ചും അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം.

കളർ പ്രിന്റർ ഉപയോഗിച്ചാണ് ഇയാൾ നോട്ടുകൾ പ്രിന്റ് ചെയ്തിരുന്നത്. രണ്ടാഴ്ചകൾക്ക് മുൻപാണ് ഇയാൾ കളർ പ്രിന്റർ വാങ്ങിയതെന്ന് പൊലീസിന്റെ പത്രക്കുറിപ്പിലുണ്ട്. ഒരു ലക്ഷത്തി മുപ്പത്തി ഏഴായിരം രൂപയപടെ വിവിധയിനത്തിലുള്ള വ്യാജ കറൻസികളാണ് റെയ്ജിൽ പിടിച്ചെടുത്തത്.2000, 500, 50, 20 തുടങ്ങിയ ഇനത്തിലുള്ള വിവിധ സീരിസിലുള്ള നോട്ടുകളാണ് പിടിച്ചെടുത്തത്. അച്ചടി പൂർണ്ണമായ നോട്ടുകളും പേപ്പറിൽ പ്രിന്റ് ചെയ്ത നിലയിലുള്ള നോട്ടുകളും പിടിച്ചെടുത്തവയിലുണ്ട്. കളർ പ്രിന്ററിനെ കൂടാതെ ലാപ്ടോപ്പ്, സ്‌കാനർ എ 4 പേപ്പർ, ബോണ്ട് പേപ്പറുകളും കണ്ടെടുത്തിട്ടുണ്ട്. അൻപതിന്റെ കള്ളനോട്ടുകൾ ലോട്ടറി വിൽപ്പനക്കാർക്ക് നൽകി ഇയാൾ ലോട്ടറി വാങ്ങുകയും ചെയ്തു.

നാല് വർഷത്തോളം രാഗേഷ് ഗൾഫിൽ ജോലി നോക്കിയിരുന്നു. ശേഷം നാട്ടിൽ മടങ്ങിയെത്തി കോഴിക്കോട് ബജാജ് ഫിൻ സെർവ് കമ്പനിയിലും ജോലി ചെയ്തു. പിജിഡിസിഎ, 3 ഡി മാക്സ്, വെബ് ഡിസൈനിങ്, ഡെസ്‌ക് ടോപ്പ് ഡിസൈനിങ് തുടങ്ങിയ കമ്പ്യൂട്ടർ കോഴ്സുകളും ഇയാൾ പാസായിട്ടുണ്ട്. കൂടാതെ എക്കണോമിക്സ് ബിരുദദാരികൂടിയാണിയാൾ. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.

അതേസമയം രാജീവ് മേഖലയിൽ ബിജെപിയുടെ പ്രധാന സാമ്പത്തിക സ്രോതസായിരുന്നു എന്നും വ്യക്തമാകുന്നുണ്ട്. തൃശൂർ ജില്ലയിൽ സംഘപരിവാർ നേതൃത്വത്തിൽ നടന്ന അക്രമപ്രവർത്തനങ്ങളിലും രാജീവ് നേതൃസ്ഥാനത്ത് പ്രവർത്തിച്ചിട്ടുണ്ട്. രാജീവിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ പ്രമുഖ ആർഎസ്എസ് - ബിജെപി നേതാക്കളുമായി പണമിടപാട് നടത്തിയതിന്റെ രേഖകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തേണ്ടി വരും.

ഉന്നത നേതാക്കളുമായി അടുത്ത വ്യക്തിബന്ധമാണ് രാജീവിന്് ഉണ്ടായിരുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ജില്ലയിൽ നടക്കുന്ന ബിജെപി - ആർഎസ്എസ് പരിപാടികളുടെയെല്ലാം പ്രധാന സംഘാടകനായിരുന്ന രാജീവ് ഏറാശ്ശേരിയാണ് ഇവയുടെയെല്ലാം ചെലവുകൾ വഹിച്ചിരുന്നത്. ഒബിസി മോർച്ചയുടെ കൈപ്പമംഗലം മണ്ഡലം ജനറൽ സെക്രട്ടറികൂടിയായ രാജീവ് ഏറാശ്ശേരി സംഘടനാ പ്രവർത്തനത്തിന്റെ മറവിലായിരുന്നു ബ്ലേഡ് കമ്പനി നടത്തിക്കൊണ്ടിരുന്നത്.

കൊള്ളപ്പലിശ പിരിച്ചെടുക്കാനായി രാജീവിന് ഗുണ്ടകളും ഉണ്ടായിരുന്നു. ജില്ലയിൽ ആർഎസ്എസ് ആസൂത്രണം ചെയ്യുന്ന ആക്രമണങ്ങളിൽ രാജീവിന്റെ ക്രിമിനൽ സംഘമായിരുന്നു നേതൃത്വം വഹിച്ചിരുന്നത്. ഇത് സംബന്ധിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. രാജീവു നേതാക്കളും ഒരുമിച്ചുള്ള ചിത്രങ്ങളും സോഷ്യൽ മീഡിയയിലൂടെ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ഇത് ബിജെപി നേതാക്കളെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.