കാസർകോട്: രണ്ട് സ്വകാര്യ ആശുപത്രികളിൽ സേവനമനുഷ്ഠിക്കുകയും നിരവധി ഇടങ്ങളിൽ ക്ലിനിക് പ്രവർത്തിപ്പിക്കുകയും ചെയ്ത കാസർകോട് കുണിയ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. അംഗീകാരമില്ലാത്ത ഡോക്ടർ അബ്ദുൽ സത്താർ വ്യാജ സർട്ടിഫിക്കറ്റുമായാണ് പൊലീസ് പിടിയിലായത്

കാസർകോട് ഡി.വൈ.എസ്‌പി പി.സദാനന്ദന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കാസർകോട് ടൗൺ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. അംഗീകൃത ഡോക്ടറാണെന്ന വ്യാജനെ പൊവ്വൽ സ്വദേശിനിയായ യുവതിയുമായി വിവാഹം ഉറപ്പിക്കുകയും പിന്നീട് വെള്ളരിക്കുണ്ട് സ്വദേശിനിയായ നഴ്‌സായ യുവതി പരാതിയുമായി വിവാഹം നിശ്ചയിച്ചിരുന്ന വീട്ടിലെത്തിയപോഴാണ് അംഗീകാരമില്ലാത്ത ഡോക്ടറുടെ കാര്യം വീട്ടുകാർക്ക് മനസ്സിലായത്. വിവാഹത്തിൽ നിന്നും പിന്മാറണമെന്നും വെള്ളരിക്കുണ്ട് സ്വദേശിനി ആവശ്യപ്പെട്ടു. അപ്പോഴേക്കും അംഗീകാരമില്ലാത്ത ഡോക്ടറുമായി പൗവൽ സ്വദേശിനിയുടെ നിക്കാഹ് കഴിഞ്ഞിരുന്നു. തുടർന്ന് ബന്ധം വേർപെടുത്തുകയും സാമൂഹ്യ പ്രവർത്തകർക്ക് വിവരമറിയിച്ചതിനെ തുടർന്ന് പരാതി പൊലീസ് സ്റ്റേഷനിൽ എത്തുകയും ആയിരുന്നു.

നിലവിൽ കർണാടകത്തിലും കേരളത്തിലുമായി വിവിധയിടങ്ങളിൽ ക്ലിനിക്കുകൾ നടത്തിവരികയായിരുന്നു അബ്ദുൽ സത്താർ. കാസർകോട് ജില്ലയിലെ പരപ്പ, പടുപ്പ് എന്നിവിടങ്ങളിലും കണ്ണൂർ ജില്ലയിലെ ഇരിട്ടിയിലും കർണാടകയിലെ ബാംഗ്ലൂർ പെരിയ പട്ടണത്തും 'പി പി ക്ലിനിക്' എന്ന പേരിൽ ഇദേഹത്തിന്റെ സ്ഥാപനങ്ങൾ പ്രവർത്തിച്ചു വരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

കാസർകോട് നഗരത്തിലെ മൂന്ന് പ്രധാന സ്വകാര്യ ഹോസ്പിറ്റലുകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇതിനായി അണ്ണാമലൈ യൂണിവേഴ്‌സിറ്റി യുടെ വ്യാജ ബിരുദ സർട്ടിഫിക്കറ്റുകൾ അബ്ദുൽ സത്താർ നിർമ്മിച്ചിരുന്നു.

റഷ്യൻ റിപ്പബ്ലിക്കായ ആർമിനിയിൽ എം.ബി.ബിഎസ് ബിരുദത്തിനായി 70 ലക്ഷം രൂപയോളം ചെലവഴിച്ച് ഇദേഹം പഠിച്ചിരുന്നെങ്കിലും 13 ലക്ഷം രൂപയോളം ഫീസ് ഇനത്തിൽ ബാക്കിയുള്ളതിനാൽ സർട്ടിഫിക്കറ്റ് ലഭ്യമായിരുന്നില്ല. ഈ സർട്ടിഫിക്കറ്റ് ലാഭിച്ചാൽ മാത്രമേ ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ പരീക്ഷ എഴുതാനും ഇന്ത്യയിൽ ചികിൽസിക്കാനും സാധിക്കുകയുള്ളു.റഷ്യൻ റിപ്പബ്ലിക്കിൽ നിന്നും ചൈനയിൽ നിന്നും എംബിബിഎസ് പാസ്സായതും സർട്ടിഫിക്കറ്റ് ലഭിച്ചതും ലഭിക്കാത്തതുമായ നൂറു കണക്കിനു ഡോക്ടർമാരാണ് അനുമതിയില്ലാതെ രാത്രി കാലങ്ങളിൽ നിരവധി സ്വകാര്യ ആശുപത്രികളിൽ സേവനം ചെയ്യുന്നതെന്ന് പരാതിയുണ്ട്. എന്നാൽ ഇവർ ഡോക്ടർമാരാണോ എന്നു ചോദിച്ചാൽ ആണെന്നും പറയാമെങ്കിലും ഇന്ത്യയിൽ ചികിൽസിക്കാൻ അനുമതിയില്ലാത്തതിനാൽ വ്യാജ ഡോക്ടർമ്മുടെ ഗണത്തിൽ പെടുകയും ചെയ്യും. ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ പ്രാക്്ടീഷനെർ ആക്ട് പ്രകാരം രജിസ്‌ട്രേഷൻ ഉണ്ടെങ്കിൽ മാത്രമേ കേരളത്തിൽ ചികിത്സ അനുമതി ലഭിക്കുകയുള്ളു ,

അബ്ദുൾ സത്താറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷിക്കേണ്ടിയിരിക്കുന്നുവെന്നും കാസർകോട് ഡിവൈഎസ്‌പി പി സദാനന്ദൻ വ്യക്തമാക്കി