ഇടുക്കി: സ്വകാര്യ മേഖലയിലും സർക്കാർ മേഖലയിലും നിരവധി മികച്ച ആശുപത്രികൾ ഉണ്ടായിട്ടും വ്യാജ ഡോക്ടർമാരെ തേടിപോകുന്ന മലാളികളുടെ പതിവ് ഇക്കാലത്തുമുണ്ട്. എന്നാൽ വ്യാജന്മാരെ തിരിച്ചറിയാനുള്ള സംവിധാനമില്ലെന്നതാണ് ഇവിടുത്തെ പ്രത്യേകത. ഇങ്ങനെ വ്യാജനാണെന്ന് അറിയാതെ ചതിയിൽ പെട്ടത് ഇടുക്കിയിലെ ഒരു കുടുംബമാണ്. കുട്ടികളുണ്ടാകാത്തതിന് ചികിത്സ തേടി പോയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച വ്യാജ ഡോക്ടറെ ഒടുവിൽ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. 26കാരിയായ യുവതിയെയാണ് 71കാരനയ വ്യാജഡോക്ടർ പീഡിപ്പിക്കാൻ ശ്രമിച്ചത്.

ഇക്കഴിഞ്ഞ ഫെബ്രുവരി 17ന് നടന്ന സംഭവത്തിലാണ് വ്യാജ ഡോക്ടറെ പൊലീസ് അറസ്റ്റു ചെയ്തത്. തൊടുപുഴയിലെ കരിമണ്ണൂർ പൊലീസ് സ്‌റ്റേഷൻ അതിർത്തിയായ ഉപ്പുകുന്നത്തെ താമസിക്കുന്ന ദമ്പതികൾ കുട്ടികളുണ്ടാകാത്തതിനുള്ള ചികിത്സക്കായാണ് വ്യാജ ഡോക്ടർ ജോസ് പാറശ്ശേരിയുടെ വീടിന് സമീപത്ത ചികിത്സാലയത്തിൽ എത്തിയത്. കുറേ നാളുകളായി ജോസ് പാറശ്ശേരി ഇവിടെ ചികിത്സ നടത്തി വരുന്നു. പത്രങ്ങളിലൂടെ പരസ്യം നൽകിയാണ് ഇയാൾ ചികിത്സക്കായി ഇവർ ഇവിടെ എത്തിയത്.

കുട്ടികൾ ഇല്ലാതെ വിഷമിക്കുന്ന ദമ്പതികൾക്കായി ചികിത്സയുണ്ടെന്ന് പത്രങ്ങളിൽ പരസ്യപ്പെടുത്തിയത് കണ്ടാണ് ഇവർ യുവതിയും ഭർത്താവും ഇവിടെ എത്തിയത്. ഭർത്താവിനെ പുറത്തിരുത്തിയ ശേഷം യുവതി ചികിത്സിക്കുകയായിരുന്നു ഡോക്ടർ ജോസ്. പരിശോധന എന്ന പേരിൽ കൺസൽട്ടിങ് റൂമിൽ കയറിയപ്പോൾ ഡോക്ടർ അപമര്യാദയായി പെരുമാറി പീഡിപ്പിക്കുകയായിരുന്നു. പുറത്തിറങ്ങിയ യുവതി മാനസിക സമ്മർദ്ദത്താൽ ഒന്നും മിണ്ടാനാകാത്ത അവശ നിലയിലായിരുന്നു.

ആദ്യം ഈ വിവരം ഭർത്താവിനോട് പറയാൻ മടിച്ച യുവതി പിന്നീട് ഇക്കാര്യം വെളിപ്പെടുത്തുകയാണ് ചെയ്തത്. തുടർന്ന് ഭർത്താവ് എസ്‌പിക്ക് പരാതി നൽകുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിൽ ഇയാൾക്ക് ഡോക്ടർ ബിരുദം ഇല്ലെന്നും ചികിത്സാലയത്തിന് അനുമതിയില്ലെന്നും കണ്ടെത്തി. വർഷങ്ങളായി ഇവിടെ ചികിത്സ നടത്തിവന്ന ഡോക്ടർക്കെതിരെ അനവധി പരാതികൾ ഉയർന്നിരുന്നു. എന്നാൽ, പരാതി ഉയർന്നെങ്കിലും അധികൃതർ നടപടി സ്വീകരിച്ചില്ലെന്ന ആക്ഷേപവും ശക്തമാണ്.

മുമ്പ് പലരും പരസ്യം കണ്ട് ചികിത്സതേടി എത്തിയെങ്കിലും ഇത്തരത്തിൽ ദുരനുഭവം നേരിടേണ്ടി വന്നിരുന്നു. എന്നാൽ, ഇക്കാര്യമൊക്കെ നാണക്കേടുകൊണ്ട് പുറത്തുപറയാൻ മടിക്കുകയായിരുന്നു പലരും. ഇന്ന് രാവിലെ ഇടുക്കി എസ്. ഐ വികെ മധുസൂധനന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്ത ജോസഫ് പാറശ്ശേരി തടവറ ഒഴിവാക്കാനുള്ള ശ്രമങ്ങളും നടത്തി. ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നുവെന്ന് പറഞ്ഞ ഇയാളെ ഇടുക്കി മെഡിക്കൾ കോളേജിൽ പരിശോധനക്ക് വിധേയനാക്കി. പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ബോധ്യമായതോടെ ഇയാളെ തുടർന്ന് മജിസ്‌ട്രേറ്റിന് മുമ്പിൽ ഹാജരാക്കി. പ്രതിയെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു.