മലപ്പുറം: കുറഞ്ഞവിലക്ക് പുകയില ഉൽപനങ്ങൾ എത്തിച്ച് ഹാൻസ് പാക്കറ്റുകളാക്കി മാറ്റും. ഇടനിലക്കാർക്കും, കടക്കാർക്കും വൻ ലാഭവും ലഭിക്കും. മലപ്പുറം കുറ്റിപ്പുറത്തെ ലഹരി വസ്തുക്കൾ നിർമ്മിക്കുന്ന ഫാക്ടറിയിലൂടെ ഉടമകൾ ലക്ഷ്യംവെച്ചത് കോടിശ്വരന്മാരാകാൻ. ലക്ഷങ്ങൾ വില വരുന്ന 40 ചാക്ക് വ്യാജ ഹാൻസും ലഹരിവസ്തുക്കളുമാണ് മലപ്പുറം കുറ്റിപ്പുറം എടച്ചലം കുന്നുംപുറത്താണ് നിരോധിത പുകയില ഉത്പന്നങ്ങൾ നിർമ്മിക്കുന്ന ഫാക്ടറിയിൽനിന്നും പൊലീസ് പിടികൂടിയത്.

അതോടൊപ്പം ലഹരി നിർമ്മാണത്തിന് ഉപയോഗിക്കുന്ന യന്ത്രങ്ങളും പിടിച്ചെടുത്തു. ഇവിടെ നിർമ്മിക്കുന്ന നിരോധിത പുകയില ഉൽപന്നങ്ങൾ സമീപ ജില്ലകളിൽ വിതരണം ചെയ്തിരുന്നതായാണ് പൊലീസ് പറയുന്നത്. ഇതരസംസ്ഥാനങ്ങളിൽനിന്നും ഹാൻസ് പാക്കറ്റുകൾ സുലഭമായി ലഭിക്കുമെങ്കിലും അവ നാട്ടിലെത്തിക്കുന്നതിനുള്ള റിസ്‌കും ചെലവും ഉൾപ്പെടെ നോക്കുമ്പോൾ നാട്ടിൽ വ്യാജമായി നിർമ്മിക്കുന്ന ഹാൻസുകൾക്കു വൻ ലാഭംലഭിക്കുന്നതായും ഇതിനാൻ വൻലാഭം ലക്ഷ്യംവച്ചാണ് ഇതിനായി ഫാക്ടറിതന്നെ മലപ്പുറം കുറ്റിപ്പുറത്ത് ആരംഭിച്ചതെന്നും പൊലീസ് പറഞ്ഞു.

രണ്ട് മാസം മുമ്പ് വേങ്ങരയിൽ നിന്ന് ഇത്തരത്തിൽ ലഹരി നിർമ്മാണ് ഫാക്ടറി കണ്ടെത്തിരുന്നു. തുടർന്ന് പൊലീസ് ഫാക്ടറി സീൽ ചെയ്യുകയായിരുന്നു. ഇതിന് ശേഷവും മലപ്പുറം ജില്ലയിൽ ലഹരി വ്യാപകമായി വിപണിയിലെത്തുന്നത് ശ്രദ്ധയിൽ പെടുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് നാട്ടുകാർ തന്നെ എടച്ചിലം കുന്നുംപുറത്ത് ഇത്തരത്തിൽ ഒരു ഫാക്ടറി കണ്ടെത്തുന്നത്.

പുകയില ഉത്പന്നങ്ങളുടെ ലോഡ് വരുന്ന സമയത്ത് നാട്ടുകാർ ഇത് കാണുകയും ഇവരെ തടഞ്ഞുവെക്കുകയുമായിരുന്നു. പൊലീസ് എത്തുമ്പോഴേക്കും ഫാക്ടറിയിൽ ഉണ്ടായിരുന്ന മൂന്ന് പേർ രക്ഷപ്പെട്ടിരുന്നു. പട്ടാമ്പി കുന്നത്തു തൊടിയിൽ മുഹമ്മദ് ആണ് കെട്ടിടം വാടകക്കെടുത്ത് ഇത്തരത്തിൽ ഫാക്ടറി നടത്തിയതെന്നാണ് വിവരം. ഫാക്ടറിയിൽ നിന്ന് ലഹരി വസ്തുക്കളുും ഉപകരണങ്ങളും വാഹനങ്ങളും കുറ്റിപ്പുറം പൊലീസ് പിടിച്ചെടുത്തു.

ഇത്തരത്തിൽ വൻ തോതിൽ ലഹരി വസ്തുക്കൾ വിൽപ്പന നടത്തുന്ന ഫാക്ടറികൾക്ക് പിന്നിൽ വലിയൊരു സംഘമെന്നാണ് പൊലീസിന്റെ നിഗമനം. രക്ഷപ്പെട്ടവരെ ഉടൻ തന്നെ പിടികൂടുമെന്ന് പൊലീസ്.എടച്ചലത്തിനടുത്ത കുന്നുംപുറത്തെ കെട്ടിടത്തിലാണ് നിരോധിത പുകയില ഉൽപന്നങ്ങൾ നിർമ്മിച്ചിരുന്നത്. വെള്ളിയാഴ്ച രാത്രി പുകയില ഉൽപന്നങ്ങൾ വാഹനത്തിൽ കയറ്റുമ്പോൾ നാട്ടുകാർ സംഘടിച്ചെത്തി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.