കണ്ണൂർ: മദ്രസാ പഠനമില്ല. നാലാം ക്ലാസ് വിദ്യാഭ്യാസവുമില്ല. എന്നിട്ടും സിദ്ധനായി വിലസി. വിശ്വാസത്തിന്റെ മറവിൽ കണ്ണൂർ കാസർഗോഡ് ജില്ലകളിലെ നിരവധി സ്ത്രീകളെ ലൈംഗിക ഇരകളാക്കി ഗർഭിണികളായ അവരോട് ഇത് ദിവ്യ ഗർഭമാണെന്നും കുഞ്ഞ് ജനിക്കുന്നതോടെ നിങ്ങളുടെ വീടിന് സർവ്വൈശ്വര്യങ്ങളും കൈവരുമെന്നും സിദ്ധന്റെ ആശിർവാദം. ഇതാണ് കണ്ണൂർ കക്കാട്ടെ വ്യാജ സിദ്ധനായ കുന്നത്ത് കുരുണ്ടകത്ത് ലത്തീഫിന്റെ ജൽപ്പനങ്ങൾ. ചോരക്കുഞ്ഞിനെ മാലിന്യക്കൂമ്പാരത്തിൽ നിക്ഷേപിച്ച് കടന്നുകളഞ്ഞ വ്യാജ സിദ്ധന്റെ വിവരങ്ങൾ ഇങ്ങനെ.

പുറത്തീൽ തങ്ങളെന്ന പേരിൽ പുറം ലോകമറിയുന്ന ലത്തീഫ് രോഗ ചികിത്സകനെന്ന പേരിലാണ് തട്ടിപ്പ് ആരംഭിച്ചത്. തങ്ങൾക്ക് അപാരസിദ്ധിയുണ്ടെന്ന് വിശ്വസിപ്പിക്കാൻ ഇയാൾക്ക് ഏജന്റ്മാരുമുണ്ട്. ചികിത്സ തേടിയെത്തി കണ്ണൂർ കാസർഗോഡ് ജില്ലകളിൽ വീണത് നിരവധി സ്ത്രീകളാണ്. സ്വർണ്ണവും പണവും മാനവും നഷ്ടപ്പെട്ട നിരവധികുടുംബങ്ങൾ അപമാന ഭീതികാരണം ഒന്നും പുറത്ത് പറയാറില്ല. അതുകൊണ്ടു തന്നെ സിദ്ധന്റെ ലീലാ വിലാസം തട്ടും തടയുമില്ലാതെ തുടർന്നു. വെള്ളവും വെളിച്ചവും മോതിരവും മന്ത്രിച്ച് നൽകാൻ പതിനാറു ദിവസം തന്റെ താമസ സ്ഥലത്ത് വരണമെന്ന് പറയും. രോഗശാന്തിക്കായി ഇങ്ങനെ സിദ്ധന്റെ വീട്ടിലെത്തിയ സ്ത്രീകളെ പ്രത്യേക അറയിലെത്തിച്ചാണ്് ചികിത്സയുടെ പേരിലുള്ള മന്ത്രങ്ങൾ ആരംഭിക്കുക. മന്ത്രങ്ങൾക്കൊടുവിൽ യുവതികളെ കീഴ്‌പ്പെടുത്തി ലൈംഗിക കൈയേറ്റം ചെയ്യും. ഇങ്ങനെ നിരവധി പേരെ ഇയാൾ വിധേയമാക്കിയെന്നാണ് അറിവ്. ഗൾഫിൽ കഴിയുന്നവരുടെ ഭാര്യമാരെയാണ് സിദ്ധൻ കാര്യമായി നോട്ടമിടുക.

ആദ്യം ഇരയാക്കപ്പെട്ടവരെ ഭീഷണിപ്പെടുത്തിയും വശംവദരാക്കിയും അവരെ ഉപയോഗിച്ച് മറ്റ് യുവതികളെ വീഴ്‌ത്താനുള്ള അപാര കഴിവും സിദ്ധനുണ്ട്. ഒരിക്കൽ വീണവർ സിദ്ധന്റെ ഏജന്റുമാരായി പ്രവർത്തിക്കും. പുരുഷന്മാരില്ലാത്തതും പ്രായമുള്ളവരുമുള്ള കുടുംബത്തിലെ സ്ത്രീകളാണ് ലത്തീഫിന്റെ പ്രധാന ഇരകൾ ഇവരിലൂടെ വൻ സമ്പത്തും ഇയാൾ ഉണ്ടാക്കിയിട്ടുണ്ട്. രണ്ടു പതിറ്റാണ്ടുകളായി പുറത്തീൽ തങ്ങളെന്ന് വിശ്വസിപ്പിച്ച് നടത്തിയ തട്ടിപ്പിന് തിരശ്ശീല വീണത് അത്താഴക്കുന്നിലെ യുവതിയെ ഗർഭിണിയാക്കിയതോടെയാണ്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവിച്ച കുഞ്ഞിനെ അഴീക്കൽ ലൈറ്റ് ഹൗസിന് സമീപത്തെ കുറ്റിക്കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. മൂന്ന് ദിവസം പ്രായമായ പെൺകുഞ്ഞിന്റെ കരച്ചിൽ കേട്ട് സമീപവാസികൾ നോക്കിയപ്പോൾ മാലിന്യക്കൂമ്പാരത്തിന് സമീപം കഴിയുന്നതാണ് കണ്ടത്.

കുറുക്കനും പട്ടികളും ധാരാളമുണ്ടാകുന്ന കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചാൽ അവകൾ കടിച്ചു കൊന്നുകൊള്ളും എന്നുകരുതിയാണ് സിദ്ധൻ അവിടെ കുഞ്ഞിനെ ഉപേക്ഷിച്ചത്. എന്നാൽ കുട്ടിയുടെ ഉച്ചത്തിലുള്ള കരച്ചിൽ കേട്ട വഴിയാത്രക്കാരൻ നാട്ടുകാരെ വിളിച്ചു കൂട്ടുകയും പൊലീസിനെ അറിയിക്കുകയും ചെയ്തു. അതോടെയാണ് കണ്ണൂർ കാസർഗോഡ് ജില്ലകളിലെ നിരവധി കുടുംബങ്ങൾക്ക് ദുരിതം വിതച്ച പുറത്തീൽ തങ്ങൾ എന്ന വ്യാജ സിദ്ധൻ പൊലീസ് പിടിയിലാവുന്നത്. പൊലീസ് രക്ഷപ്പെടുത്തിയ പെൺകുഞ്ഞ് ഇപ്പോൾ കണ്ണൂർ ജില്ലാ ആശുപത്രിയിലെ നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലാണ് കഴിയുന്നത്. കേസിൽ യുവതിയെ പ്രതിയാക്കണോ എന്നത് പിന്നീട് തീരുമാനിക്കുമെന്ന് പൊലീസ് പറഞ്ഞു.

ഗൾഫിലായിരുന്ന ഭർത്താവ് നാട്ടിലെത്തിയപ്പോൾ ഭാര്യ നാലുമാസം ഗർഭിണിയാണെന്നു കണ്ടു. ഗർഭത്തിനുത്തരവാദി ആരാണെന്നു ചോദിച്ചപ്പോൾ വ്യാജസിദ്ധനായ കക്കാട്ടെ കുന്നത്ത് കുരുണ്ടകത്ത് ലത്തീഫ് എന്ന 46 കാരനാണെന്ന് തിരിച്ചറിഞ്ഞു. യുവതിക്ക് മറ്റു മൂന്നു മക്കളുമുണ്ട്. ശ്വാസം മുട്ടൽ രോഗമുള്ള യുവതിയെ ചികിത്സിക്കാൻ എന്നും സിദ്ധൻ വീട്ടിലെത്താറുണ്ട്. യുവതിയുടെ അറയിൽ കയറിയാണ് ചികിത്സ നടത്തുക. ചികിത്സയുടെ മറവിൽ എന്നും യുവതിയുമായി ലൈംഗികമായും ബന്ധപ്പെട്ടിരുന്നു. അതോടെ യുവതി ഗർഭിണിയായി. കാര്യങ്ങളറിഞ്ഞ ഭർത്താവ് അവിഹിതഗർഭത്തിൽ ജനിച്ച കുഞ്ഞിനെ താൻ സ്വീകരിക്കില്ലെന്നു പറഞ്ഞതോടെ കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞു. അതോടെ ഒത്തുതീർപ്പു ചർച്ചകളും ആരംഭിച്ചു. ചർച്ചകൾക്കൊടുവിൽ വ്യാജസിദ്ധൻ യുവതി പ്രസവിച്ചാൽ കുഞ്ഞിനെ താൻ ഏറ്റെടുക്കാമെന്ന് അറിയിച്ചു. മാസം തികഞ്ഞപ്പോൾ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ യുവതിയെ പ്രവേശിപ്പിച്ചു. ജൂൺ 11 ന് യുവതി പ്രസവിക്കുകയും ചെയ്തു. പ്രസവം കഴിഞ്ഞ് 13 ാം തീയ്യതി രാവിലെ ആശുപത്രിയിൽ നിന്നും ഡിസ്ച്ചാർജായി.

യഥാസമയം സിദ്ധൻ ഒരു സഹായിക്കൊപ്പം ഹോണ്ട സിറ്റി കാറിൽ ആശുപത്രിക്കു മുമ്പിലെത്തി. യുവതിയേയും കുഞ്ഞിനേയുൂം ഭർത്താവിനേയും കാറിൽ കയറ്റി കണ്ണൂർ സ്റ്റേഡിയം ഭാഗത്തേക്ക് കൊണ്ടുപോയി. അവിടെ വച്ചു ഭർത്താവിനോടും യുവതിയോടും കാറിൽനിന്നിറങ്ങാൻ പറഞ്ഞു. കുഞ്ഞിനെ താൻ കൊണ്ടു പോവുകയാണെന്നും പറഞ്ഞു. സഹായിക്കൊപ്പം കുഞ്ഞിനെ കൊണ്ടുപോവുകയായിരുന്നു. കുഞ്ഞുമായി പോകുമ്പോൾ സിദ്ധൻ അനാഥാലയത്തിൽ ഏൽപ്പിക്കുമെന്ന് ഉറപ്പു നൽകിയതായി യുവതി പറയുന്നു. കുഞ്ഞുമായി അഴീക്കോട്ടേക്ക് പോയ സിദ്ധൻ ഒരു ബന്ധുവീട്ടിലെത്തി അവിടെ കുഞ്ഞിനെ ഏൽപ്പിക്കാൻ ശ്രമിച്ചു. എന്നാൽ അവർ കുഞ്ഞിനെ ഏറ്റെടുക്കാൻ തയ്യാറായില്ല. അതോടെ സിദ്ധന്റെ ശ്രമം പൊളിഞ്ഞു. തുടർന്ന് മറ്റൊരു അനാഥാലയത്തിൽ ഏൽപ്പിക്കാനുള്ള ശ്രമവും പാളി. ഇതേത്തുടർന്ന് കുഞ്ഞിനെ കുറ്റിക്കാട്ടിൽ ഉപേക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ പ്രതിഷേധിച്ച് സഹായി കാറിൽനിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. ഒടുവിൽ സിദ്ധൻ തന്നെ കുഞ്ഞിനെ കുറ്റിക്കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. ഇക്കാര്യം പൊലീസിൽ അയാൾ മൊഴി നൽകിയിട്ടുണ്ട്.

അഴീക്കൽ ലൈറ്റ് ഹൗസിനടുത്താണ് പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കുഞ്ഞിനെ വിജനമായ സ്ഥലത്തുനിന്ന് കണ്ടെത്തിയത്. രണ്ടുദിവസംമാത്രം പ്രായമായ പെൺകുഞ്ഞിനെ വെള്ളത്തുണിയിൽ പൊതിഞ്ഞനിലയിലാണ് ഉപേക്ഷിച്ചത്. കുഞ്ഞിന്റെ കരച്ചിൽ കേട്ടെത്തിയ പരിസരവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് വളപട്ടണം എസ്.ഐ.ശ്രീജിത്തുകൊടേരിയും സംഘവും സ്ഥലത്തെത്തി കുഞ്ഞിനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കേസന്വേഷണത്തിന്റെ ഭാഗമായി ഈ മാസം വിവിധ ആശുപത്രികളിൽ രജിസ്റ്റർചെയ്ത ജനനത്തെ സംബന്ധിച്ച വിവരങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ കണ്ടെത്തിയതൊണ് സൂചന.