കൊച്ചി: വിവരസാങ്കേതിക നിയമത്തിലെ പഴുതുപയോഗിച്ച് മറുനാടൻ മലയാളി വേട്ടയ്ക്കിറങ്ങിയ പൊലീസിനെ സമ്മർദ്ദത്തിലാഴ്‌ത്തിയത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ബിസിനസ് മാദ്ധ്യമ മാഫിയയും ചേർന്നെന്ന് വ്യക്തമാക്കുന്ന സൂചനകൾ പുറത്ത്. എന്ത് വിലകൊടുത്തും മറുനാടൻ മലയാളിയുടെ വിശ്വാസ്യത കളയാൻ ഒരുക്കിയ നാടകം തെറ്റിപ്പോയ അനുഭവമാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്നത്. വാർത്തകൾ മാർക്കറ്റിങ്ങിനുള്ള ഉപകരണമായി മാറിയ നാട്ടിൽ നവമാദ്ധ്യമങ്ങൾ നടത്തുന്ന ഇടപെടലിന് തടയിടാൻ നടത്തിയ ടെസ്റ്റ് ഡോസാണ് നവമാദ്ധ്യമങ്ങളുടെ ധീരമായ ഇടപെടൽ മൂലം പൊലിഞ്ഞടങ്ങിയത്. സ്വതന്ത്ര ഓൺലൈൻ മാദ്ധ്യമങ്ങളുടെ നിരയിൽ ഏറ്റവും പ്രചാരണം ഉള്ള മറുനാടനെ തകർത്താൽ നവമാദ്ധ്യമങ്ങൾക്ക് മുഴുവൻ തിരിച്ചടിയാകുമെന്ന കണക്കു കൂട്ടലിൽ ആയിരുന്നു നീക്കങ്ങൾ.

എഡിറ്ററുടെ മാത്രം മൊഴിയെടുത്തതിന്റെ അടിസ്ഥാനത്തിൽ മറുനാടൻ എഴുതിയത് വ്യാജ വാർത്ത ആയിരുന്നു എന്നു സൂചിപ്പിച്ചുകൊണ്ട് പൊലീസ് പത്രക്കുറിപ്പ് ഇറക്കിയത് ഈ ലക്ഷ്യത്തിൽ ആയിരുന്നു. മനോരമ അടക്കമുള്ള പത്രങ്ങൾ ഇത് റിപ്പോർട്ട് ചെയ്ത രീതിയും ഈ ഗൂഢാലോചനയുടെ ആഴം വ്യക്തമാക്കുന്നു. വ്യാജ വാർത്തകൾ പ്രസിദ്ധീകരിക്കുന്ന കാര്യത്തിൽ മറുനാടനെതിരെ നിരവധി പരാതികൾ നിലവിൽ ഉണ്ട് എന്ന മനോരമ റിപ്പോർട്ടിന്റെ ലക്ഷ്യം വിശ്വാസ്യത തകർക്കുകയായിരുന്നു. ഇങ്ങനെ തകർത്താൽ മറ്റ് നവമാദ്ധ്യമങ്ങളുടെയും വിശ്വാസ്യത തകരുമെന്നും അത് വാർത്തകൾ മൂടി വയ്ക്കുന്ന കച്ചവടം തടസ്സങ്ങൾ ഇല്ലാതെ മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കുമെന്നും മനസ്സിലാക്കിയുള്ള നീക്കമായിരുന്നു.

മറുനാടനെതിരെ കഴിഞ്ഞ ഒക്ടോബറിൽ മേയർ പരാതി കൊടുക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് തന്നെ ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ ഗൂഢാലോചന നടത്തിയതിനെക്കുറിച്ച് ഞങ്ങൾക്ക് സൂചന ലഭിച്ചിരുന്നു. തുടർന്നാണ് ഐടി ആക്ട് അനുസരിച്ച് കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണത്തിന്റെ ഭാഗമായി മറുനാടന്റെ തിരുവനന്തപുരം ഓഫീസിൽ പൊലീസ് എത്തിച്ചേരുകയും ചെയ്തത്. മറുനാടൻ എഡിറ്ററെ കൊച്ചിയിലേക്ക് വിളിച്ചു വരുത്തിയ ശേഷം അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി ജാമ്യം നൽകി വിടാനും അത് ആഘോഷമാക്കാനുമായിരുന്നു ആദ്യ ആലോചന. എന്നാൽ എഡിറ്റർ ചെല്ലാതായതോടെ പൊലീസ് തലസ്ഥാനത്തേക്ക് അപ്രതീക്ഷിതമായി എത്തുകയായിരുന്നു.

ഓഫീസിൽ നിന്നും അറസ്റ്റ് ചെയ്തുകൊച്ചിയിലേക്ക് കൊണ്ട് വരാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ നൽകിയ നിർദ്ദേശവുമായിട്ടായിരുന്നു സർക്കിൾ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ എട്ട് പൊലീസുകാർ മറുനാടന്റെ ഓഫീസിൽ എത്തിയത്. എന്നാൽ ചോദ്യം ചെയ്യലിൽ ചമ്മിണിയുടെ പരാതിക്ക് നിദാനമായ എന്തെങ്കിലും കണ്ടെത്താൻ കഴിയാതെ വന്നതുകൊണ്ട് ഉന്നത ഉദ്യോഗസ്ഥനുമായി ഫോണിൽ സംസാരിച്ച് പൊലീസ് മടങ്ങുകയായിരുന്നു.

മറുനാടൻ എഡിറ്ററെ അറസ്റ്റ് ചെയ്തു കൊണ്ട് വരുന്നത് കാണാൻ കാത്തിരുന്നവരെ നിരാശപ്പെടുത്തിക്കൊണ്ട് കൊച്ചിയിലേക്ക് മടങ്ങിയ സിഐയെ കാത്തിരുന്നത് കടുത്ത വിമർശനങ്ങളും സമ്മർദ്ദങ്ങളുമാണ്. മേയർ നേരിട്ട് സർക്കിൾ ഇൻസ്‌പെക്ടറെ ശകാരിച്ചതായാണ് സൂചന. ദക്ഷിണമേഖലാ ഐജിയും അറസ്റ്റ് ഒഴിവാക്കിയതിന്റെ വിശദീകരണം സിഐയോട് ചോദിച്ചു. മറ്റൊരു നിവൃത്തിയുമില്ലാതെയാണ് സിഐ അറസ്്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു എന്ന പ്രസ് റിലീസ് അയച്ചതെന്നാണ് കൊച്ചി പൊലീസ് തന്നെ സൂചന നൽകുന്നത്. ഈ പ്രസ് റിലീസിൽ മേയറെ അപകീർത്തിപ്പെടുത്തി എന്നു എഴുതാൻ സിഐ വിമുഖത കാട്ടിയതായി റിപ്പോർട്ടുണ്ട്. തുടർന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ കർശന നിർദ്ദേശം ലഭിച്ചതോടെയാണ് മനസ്സില്ലാമനസ്സോടെ സിഐ പ്രസ് റിലീസ് ഇറക്കിയത്.

പ്രസ് റിലീസ് ഇറങ്ങിയതോടെ എല്ലാ പത്രങ്ങളിലേക്കും മേയർ നേരിട്ട് ഫോൺ വിൡച്ച് വാർത്ത നൽകുന്ന കാര്യം അന്വേഷിച്ചു. തലസ്ഥാനത്തെ പ്രസ് ക്ലബ്ബിലെ ബാർ പ്രശ്‌നവുമായി ബന്ധപ്പെട്ട് മറുനാടൻ എടുത്ത നിലപാടിൽ വിദ്വേഷം ഉള്ള ചില പ്രമുഖ മാദ്ധ്യമ പ്രവർത്തകരും ഈ സമ്മർദ്ദങ്ങൾക്ക് കൂട്ടുനിന്നു. മറുനാടനെ പോലെയുള്ള മുഖ്യധാരാ മാദ്ധ്യമങ്ങൾ നടത്തുന്ന ഇടപെടലിൽ ഭയം പോന്ന പ്രമുഖ പത്രങ്ങൾ ഇക്കാര്യത്തിൽ പ്രത്യേക താത്പര്യം കാണിച്ചു. തട്ടിപ്പും വെട്ടിപ്പും നടത്തിയ ശേഷം പത്രങ്ങൾക്ക് പരസ്യം നൽകി മുഖം രക്ഷിക്കുന്ന പ്രമുഖ ബിസിനസ് ബ്രാന്റുകളും മറുനാടനെതിരെയുള്ള ഗൂഢാലോചനയിൽ പങ്കെടുത്തിരുന്നു.

ഇതിന്റെ ഭാഗമായാണ് മേയർക്കെതിരെയുള്ള വാർത്തകൾ കേസ് വന്നപ്പോൾ മറുനാടൻ നീക്കം ചെയ്തു എന്ന വ്യാജ പ്രചരണം ഇവർ നടത്തുന്നത്. നീക്കം ചെയ്‌തെന്നതും സൈബർ സെല്ലിന്റെ സഹായത്തോടെ കണ്ടെത്തി എന്നതും മറ്റൊരു നുണയാണ്. മറുനാടൻ പ്രസിദ്ധീകരിച്ച എല്ലാ വാർത്തകളും ഇപ്പോഴും സൈറ്റിൽ അതേപടി ഉണ്ട്. വ്യക്തമായ തെളിവുകളോടെ മാത്രമാണ് ഈ വാർത്തകൾ പ്രസിദ്ധീകരിച്ചത്. ടോണി ചമ്മിണിയെക്കുറിച്ച് പ്രസിദ്ധീകരിച്ച അനേകം വാർത്തകളിൽ എന്തെങ്കിലും പിശക് വന്നിട്ടുണ്ടെങ്കിൽ വിദേശയാത്ര നടത്തി എന്നതിൽ ഉണ്ടായ നേരിയ വ്യത്യാസം മാത്രമായിരിക്കും. അല്ലാതെ എല്ലാ അർത്ഥത്തിലും പൂർണ്ണമായും ശരിയായ വാർത്തകൾ തന്നെയാണ് പ്രസിദ്ധീകരിച്ചത്. നീക്കം ചെയ്തു എന്നു വിശ്വസിക്കുന്നവർ ചുവടെ കൊടുത്തിരിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്താൽ മതിയാകും.

കമന്റ് ഇട്ടു എന്ന പേരിൽ നിരക്ഷരൻ എന്ന മനോജ് രവീന്ദ്രന് എതിരെ നടപടിയെടുത്തതും ഇത്തരം ഗൂഢാലോചനയുടെ ഭാഗമായാണ്. മറുനാടന്റെ പ്രചരണത്തിന്റെ പ്രധാന കാരണം കമന്റുകൾ ആയതിനാൽ ഇങ്ങനെ കമന്റ് ചെയ്താൽ കേസ് ഉണ്ടാകും എന്ന സൂചന നൽകാൻ വേണ്ടിയായിരുന്നു ഒരാളെ പ്രതിചേർത്തത്. എന്നാൽ പ്രതിചേർക്കപ്പെട്ടയാൾ അത് പുച്ഛിച്ച് തള്ളിയതോടെ ആ നീക്കവും പൊളിയുകയായിരുന്നു. മുഖ്യധാരാ മാദ്ധ്യമങ്ങൾ പേടിപ്പിക്കുന്നതല്ലാതെ ഒരു ചുക്കും ചുണ്ണാമ്പും ചെയ്യാൻ പൊലീസിന് കഴിയില്ല എന്നതാണ് സത്യം.

കേസ് രജിസ്റ്റർ ചെയ്തതിനെതിരെ മറുനാടൻ മലയാളിയും കമന്റ് ചെയ്തയാളും ഉറച്ച നിലപാടെടുത്തതോടെ ടെസ്റ്റ് ഡോസ് ചീറ്റിപ്പോകുകയായിരുന്നു. മാത്രമല്ല സോഷ്യൽ മീഡിയയിൽ ഇത് പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തു. കൈരളിയെപ്പോലുള്ള ചാനലുകൾ വാർത്ത ഏറ്റുപിടിക്കുകകൂടി ചെയ്തതോടെ ചക്കിന് വച്ചതുകൊക്കിന് കൊണ്ടു വന്ന അവസ്ഥയിലാണ് ഗൂഢാലോചനക്കാർ. ഐടി ആക്ടിലെ വായ മൂടിക്കെട്ടിക്കുന്ന 66എ എന്ന വകുപ്പിന്റേതായുള്ള ജനരോഷത്തിന്റെ ഭാഗമായി മാറിയ മറ്റൊരു സംഭവം എന്ന നിലയിൽ ആയിരിക്കും ഇത് ചരിത്രത്തിൽ ഇടം പിടിക്കുക.