- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
ബിഎസ്എൻഎലിനെതിരെ മാദ്ധ്യമങ്ങളുടെ പ്രചാരണം; പുതുവത്സരദിനത്തിൽ അറിയിപ്പില്ലാതെ കോളുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയെന്ന് വ്യാജ വാർത്ത; സ്വകാര്യകമ്പനികളെ വളർത്താൻ മാദ്ധ്യമങ്ങളുടെയും ഒത്താശ
തിരുവനന്തപുരം: രാജ്യത്തെ ടെലിഫോൺ സേവനദാതാക്കളായ ബിഎസ്എൻഎലിനെ തകർക്കാൻ പലകോണുകളിൽനിന്ന് ശ്രമം ഉയരുന്നതിനിടെ വ്യാജപ്രചാരണവുമായി മാദ്ധ്യമങ്ങളും രംഗത്ത്. പുതുവത്സരദിനത്തിൽ ഉപയോക്താക്കൾക്ക് ബിഎസ്എൻഎലിന്റെ ഇരുട്ടടി എന്ന തരത്തിലാണ് വാർത്തകൾ പ്രചരിക്കുന്നത്. മുന്നറിയിപ്പില്ലാതെ ഉപയോക്താക്കൾക്കുള്ള സൗജന്യ കോളുകളും മെസേജുകളും
തിരുവനന്തപുരം: രാജ്യത്തെ ടെലിഫോൺ സേവനദാതാക്കളായ ബിഎസ്എൻഎലിനെ തകർക്കാൻ പലകോണുകളിൽനിന്ന് ശ്രമം ഉയരുന്നതിനിടെ വ്യാജപ്രചാരണവുമായി മാദ്ധ്യമങ്ങളും രംഗത്ത്. പുതുവത്സരദിനത്തിൽ ഉപയോക്താക്കൾക്ക് ബിഎസ്എൻഎലിന്റെ ഇരുട്ടടി എന്ന തരത്തിലാണ് വാർത്തകൾ പ്രചരിക്കുന്നത്. മുന്നറിയിപ്പില്ലാതെ ഉപയോക്താക്കൾക്കുള്ള സൗജന്യ കോളുകളും മെസേജുകളും നിർത്തലാക്കിയെന്നാണ് വാർത്തകൾ പരക്കുന്നത്.
വാലിഡിറ്റിയുള്ള പ്രത്യേക താരിഫ് വൗച്ചറുകൾ എല്ലാം ഒറ്റ രാത്രി കൊണ്ട് റദ്ദാക്കിയാണ് പുതുവത്സര സമ്മാനം ബിഎസ്എൻഎൽ നൽകിയതെന്ന തരത്തിലാണ് വാർത്തകൾ പ്രചരിക്കുന്നത്. മെസേജ് ഓഫർ, നെറ്റ് ഓഫർ, പ്രത്യേക താരിഫ് വൗച്ചറായ 135 ഓഫർ, അൺലിമിറ്റഡ് കോൾ ഓഫർ തുടങ്ങിയ പ്രത്യേക താരിഫ് വൗച്ചറുകൾ എല്ലാം തന്നെ ഒറ്റ രാത്രി കൊണ്ട് റദ്ദാക്കിയെന്നാണ് പ്രചാരണം.
എന്നാൽ, വിശേഷദിവസങ്ങളൊക്കെ ബ്ലാക്ക് ഔട്ട് ഡേ ആയി എല്ലാ മൊബൈൽ സേവനദാതാക്കളും നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഇക്കാര്യത്തിൽ ബിഎസ്എൻഎൽ മാത്രമല്ല, സ്വകാര്യ സേവനദാതാക്കളൊക്കെ ബ്ലാക്ക് ഔട്ട് ഡേ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച അറിയിപ്പ് ഉപയോക്താക്കൾക്ക് എസ്എംഎസ് മുഖേന നൽകിയിട്ടുമുണ്ട്. ഇതൊന്നും കണക്കിലെടുക്കാതെയാണ് മാദ്ധ്യമങ്ങൾ വാർത്ത ചമയ്ക്കുന്നത്. മാത്രമല്ല, ഡാറ്റ പ്ലാനുകൾക്ക് നിയന്ത്രണം ഇല്ല എന്ന കാര്യവും മാദ്ധ്യമങ്ങൾ മറച്ചു.
ഡിസംബർ 31, ജനുവരി 1 ദിവസങ്ങളിൽ കോൾ, എസ്എംഎസ് പ്രത്യേക വൗച്ചറുകളുടെ സൗകര്യം ലഭ്യമാകില്ല എന്ന് കഴിഞ്ഞ ദിവസങ്ങളിൽ ബിഎസ്എൻഎലിന്റെ മെസേജ് ഉപയോക്താക്കൾക്ക് അയച്ചിരുന്നു. ഇത് കണക്കിലെടുക്കാതെയാണ് ബിഎസ്എൻഎൽ ഉപയോക്താക്കളെ കബളിപ്പിച്ചു എന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുന്നത്. ഫേസ്‌ബുക്ക് മുതലായ നവമാദ്ധ്യമങ്ങളിലൂടെ ബിഎസ്എൻഎൽ കുടുംബാംഗങ്ങളും ഇക്കാര്യം പൊതുജനങ്ങളിൽ എത്തിക്കുകയും ചെയ്തു.
ബ്ലാക്ക് ഔട്ട് ദിനങ്ങളിൽ സ്വകാര്യസേവനദാതാക്കളെല്ലാം ഇത്തരത്തിൽ ഉപയോക്താക്കളിൽ നിന്ന് ഉപയോഗത്തിന് പണം ഈടാക്കാറുണ്ട്. സൗജന്യ സേവനത്തിനായുള്ള പ്ലാനുകളാണ് ഉപയോക്താവ് സ്വീകരിച്ചിരിക്കുന്നതെങ്കിൽ പോലും ഇത്തരത്തിൽ ബ്ലാക്ക് ഔട്ട് ദിവസങ്ങളിൽ പണം ഈടാക്കും. ചിലപ്പോൾ മുന്നറിയിപ്പു നൽകാതെയാണ് ഇത്തരത്തിൽ സ്വകാര്യ സേവനദാതാക്കൾ പണം ഈടാക്കുന്നത്. പണം നഷ്ടമായിക്കഴിയുമ്പോഴാണ് ഇക്കാര്യം ഓർക്കുന്നതുതന്നെ.
വർഷാന്ത്യത്തിലും പുതുവർഷത്തിന്റെ ആദ്യ ദിനത്തിലും പ്രത്യേക കോൾ-മെസേജ് വൗച്ചറുകൾ പ്രാബല്യത്തിലുണ്ടായിരിക്കില്ലെന്നും അതിനുശേഷം പഴയ സ്ഥിതി തുടരുമെന്നും അറിയിപ്പു നൽകിയശേഷമാണ് പണം ബിഎസ്എൻഎൽ ഈടാക്കിയത്. എന്നാൽ, ഇതൊന്നും കണക്കിലെടുക്കാതെയാണ് പ്രചാരണം.
ട്രായ് നിർദേശപ്രകാരമാണ് എല്ലാ സേവനദാതാക്കളും ഇക്കാര്യം നടപ്പിലാക്കുന്നത് എന്ന വസ്തുത പോലും വാർത്ത നൽകിയ മാദ്ധ്യമങ്ങൾ കണക്കിലെടുത്തില്ല. സ്വകാര്യ കമ്പനികൾക്ക് മൊബൈൽ ഫോൺ സേവനങ്ങൾ മുഴുവൻ അടിയറവയ്ക്കാനുള്ള നീക്കങ്ങൾക്കു വളമിടുകയാണ് മാദ്ധ്യമങ്ങൾ ചെയ്തത്.
വിശേഷ ദിവസങ്ങളിൽ മൊബൈൽ ട്രാഫിക് അധികമായതിനാൽ സൗജന്യസേവനം നടത്തുന്നത് എല്ലാ കമ്പനികൾക്കും അധിക ബാധ്യതയായതിനാലാണ് ട്രായ് നിർദേശപ്രകാരം ഈ ദിവസങ്ങൾ ബ്ലാക്ക് ഔട്ട് ദിവസമായി ആചരിക്കുന്നത്. കോളുകളും മെസേജുകളും സാധാരണ ദിവസത്തേക്കാളും കൂടുതലായതിനാൽ ഈ ചെലവു കമ്പനികൾക്ക് താങ്ങാനാകുന്നതിലും അധികമാണ്. ഇതിന് പരിഹാരമായാണ് ബ്ലാക്ക് ഔട്ട് ഡേ ആചരിക്കാൻ ട്രായ് തന്നെ നിർദ്ദേശം നൽകിയത്.
എല്ലാ കമ്പനികൾക്കും ഇക്കാര്യത്തിൽ ഒരേ നിലപാടുതന്നെയാണെന്നിരിക്കെയാണ് ബിഎസ്എൻഎലിനെ മാത്രം എതിർത്തുള്ള വാർത്തകൾ പുറത്തുവരുന്നത്. ബിഎസ്എൻഎലിന് ഏറെ ലാഭമുണ്ടാക്കുന്ന കേരള സർക്കിളിനെ തകർക്കുകയെന്ന ലക്ഷ്യത്തോടെയുള്ളതാണ് പുറത്തുവരുന്ന വാർത്തകളെന്ന് ജീവനക്കാർ പറയുന്നു. കൃത്യമായ വസ്തുതകൾ വിവരിക്കാതെ ഉപയോക്താക്കൾക്കു ആശയക്കുഴപ്പമുണ്ടാക്കുന്ന തരത്തിൽ വാർത്ത നൽകുന്നത് ഇതിന്റെ ഭാഗമാണെന്നും ആരോപണമുണ്ട്.
മെസേജ് വന്നത് ശ്രദ്ധിക്കാതെ കോൾ ചെയ്തു ബാലൻസ് തീർന്നപ്പോഴാണ് ചില ഉപയോക്താക്കൾ ഇക്കാര്യം അറിഞ്ഞത്. ഉടൻ മാദ്ധ്യമങ്ങളെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് പുതുവത്സര ദിനത്തിൽ ഇരുട്ടടി എന്ന തരത്തിൽ വാർത്തകൾ നൽകുകയും ചെയ്തു.