കാസർഗോഡ്: കാസർഗോഡ് ജില്ലയിൽ സിദ്ധന്മാരും ആത്മീയ പ്രചാരകരും കപടസന്യാസികളും സ്ത്രീകളടക്കമുള്ള ഭക്തന്മാരെ സാമ്പത്തികമായും ലൈംഗികമായും ദുരുപയോഗം ചെയ്യുന്നു. സന്താന സൗഭാഗ്യം നേടാൻ സ്ത്രീകളെ അടച്ചിട്ട ഇരുട്ടുമുറികളിൽ പീഡിപ്പിക്കുന്ന സിദ്ധനെ പിടികൂടിയതിനു പിറകെ ആത്മീയ പ്രചാരകന്റെ പീഡനകഥകൾ കൂടി പുറത്തുവന്നിരിക്കുകയാണ്. കണ്ണൂർ സ്വദേശിയായ ഒരു യുവതിയെ കാലിക്കടവിലെ വീട്ടിലേക്ക് വിളിപ്പിച്ചാണ് ആത്മീയ പ്രചാരകനായ കാലിക്കടവിലെ ജയിംസ് പീഡനത്തിനിരയാക്കിയതെന്ന് ആരോപണമുയർന്നിരിക്കയാണ്. ജയിംസിന്റെ ഭാര്യ ബിൻസിയാണ് ആത്മീയ പ്രചാരണത്തിന്റെ മറവിൽ യുവതിയെ പ്രാർത്ഥനക്കെന്ന പേരിൽ കാലിക്കടവിലെ വീട്ടിൽ എത്തിച്ചത്.

ഭർത്താവായ ജയിംസിന്റെ ആത്മീയ തട്ടിപ്പിന് യുവതികളടക്കമുള്ളവരെ എത്തിക്കുക എന്ന ജോലി ഭംഗിയായി നിർവ്വഹിച്ചു പോന്ന പതിവായിരുന്നു ബിൻസിയുടേത്. വീട്ടിലെത്തി പ്രാർത്ഥനയുടെ മറവിൽ തന്നെ നിരവധി തവണ പീഡനത്തിനിരയാക്കിയതായി യുവതി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ജയിംസ് യുവതിയെ നിരവധി തവണ ബലാൽസംഗത്തിനിരയാക്കിയതായും നഗ്‌നരംഗങ്ങൾ മൊബൈൽ കാമറയിൽ പകർത്തിയതായും യുവതി നൽകിയ പരാതിയിൽ പറയുന്നുണ്ട്.

യുവതിയെ ശാരീരികമായി ചൂഷണം ചെയ്യുന്നതിന് പുറമേ മൂന്നു ലക്ഷം രൂപ വായ്പയും വാങ്ങിയിരുന്നു. ഈ തുക തിരിച്ചുചോദിച്ചപ്പോൾ നഗ്‌നരംഗങ്ങൾ ഇന്റർനെറ്റിൽ പ്രചരിപ്പിച്ച് നാണംകെടുത്തുെമന്നായിരുന്നു ജയിംസിന്റെ ഭീഷണി. ജയിംസിന്റെ ഭീഷണി കാരണം പരാതി നൽകാൻ യുവതി തയ്യാറായാരുന്നില്ല.

യുവതിയുടെ പിതാവ് മാത്യുവിന്റെ മരണവുമായി ബന്ധപ്പെട്ട് ജയിംസും ഭാര്യയും സംശയത്തിന്റെ നിഴലിലായി. മാത്യുവിന്റെ ആത്മഹത്യാ പ്രേരണാകുറ്റത്തിന് ജയിംസിനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. ഈ കേസിൽ ജയിംസ് റിമാന്റിൽ കഴിയുന്നതിനിടയിലാണ് കണ്ണൂർ യുവതി ഞെട്ടിക്കുന്ന വിവരങ്ങളുമായി പൊലീസിനെ സമീപിച്ചത്. തന്നെ ജയിംസ് നിരവധി തവണ ബലാൽസംഗം ചെയ്തതായി യുവതി പൊലീസിൽ പരാതി നൽകി.

ജയിംസിനെതിരെ ബലാൽസംഗത്തിനു കൂടി കേസെടുത്ത പൊലീസ് കോടതിയുടെ അനുമതി തേടി ജയിലിൽ വച്ച് ജയിംസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. തുടർന്ന് കസ്റ്റഡിയിലെടുത്ത ജയിംസിനെ തെളിവെടുപ്പിന് വിധേയമാക്കുകയും ചെയ്തു. തെളിവെടുപ്പിൽ ആത്മീയ പ്രചാരണത്തിന്റെ പേരിലുള്ള തട്ടിപ്പിനെക്കുറിച്ചും പീഡനത്തെക്കുറിച്ചും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

പൊലീസിന്റെ ചോദ്യം ചെയ്യലിൽ കണ്ണൂർ യുവതിയെ താൻ നിരവധി തവണ പീഡിപ്പിച്ചതായി ജയിംസ് സമ്മതിച്ചിട്ടുണ്ട്. ഭാര്യ ബിൻസിയെ എല്ലാറ്റിനും സഹായിയായി കൂടെ കൂട്ടാറുണ്ടെന്നും പ്രാർത്ഥനക്കായി യുവതികളേയും മറ്റും കൊണ്ടുവരുന്നത് ഭാര്യ ബിൻസിയാണെന്നും ജയിംസ് പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ജയിംസ് പൊലീസ് വലയിൽപ്പെട്ടതോടെ ബിൻസി മുങ്ങിയിരിക്കയാണ്. കണ്ണൂർ ജില്ലയിലെ കുടിയേറ്റ ഗ്രാമങ്ങളിൽ പൊലീസ് അന്വേഷണം വ്യാപിച്ചിട്ടുണ്ട്. ആത്മീയ പ്രചാരണം നടത്തിയും പ്രാർത്ഥനയുടെ പേരിലും വിശ്വാസികളെ ചൂഷണം ചെയ്തു വരുന്ന ബിൻസി ഒളിവിൽ പോയി ഏറെ ദിവസമായിട്ടും ബിൻസിയെക്കുറിച്ച് വിവരമൊന്നുമില്ല.