ന്യൂഡൽഹി: മോദി അധികാരത്തിലെത്തിയാൽ ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ വർദ്ധന ഉണ്ടാവുമെന്ന കണക്കുകൂട്ടൽ തെറ്റിയതോടെ കോളടിച്ചത് പ്രവാസികൾക്ക്. ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് ആശങ്കയായി രൂപയുടെ മൂല്യ തകർച്ച തുടരുമ്പോൾ പ്രവാസികൾ നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന്റെ മൂല്യം കുത്തനെ ഉയർന്നു. ദിർഹത്തിന്റെ വില 16 വരെ എത്തിയതും ഡോളറിന് 66ഉം പൗണ്ടിന് 103ഉം അടുത്തെത്തിയതാണ് പുതിയ സംഭവവികാസം. രണ്ടു ദിവസത്തെ അവധിക്ക് ശേഷം തിങ്കളാഴ്ച വിപണി ആരംഭിക്കുമ്പോൾ രൂപയുടെ മൂല്യത്തിൽ കൂടുതൽ ഇടിവ് ഉണ്ടാകുമെന്നാണ് സൂചന. പ്രവാസികൾ ഇല്ലാത്ത പണം ശേഖരിച്ചും നാട്ടിലേക്ക് അയയ്ക്കുന്ന ഒരുക്കത്തിലാണ് ഇപ്പോൾ.

രാജ്യാന്തര വിപണിയിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതോടെ പ്രവാസികൾക്ക് വൻ നേട്ടം. ഇത് ഗൾഫ് കറൻസികളുടെ മൂല്യത്തിലും ചലനമുണ്ടാക്കിയതാണ് വിനിമയത്തിൽ പ്രവാസികൾക്ക് കൂടുതൽ രൂപ ലഭിക്കാനിടയായത്. യുഎഇ ദിർഹമിന് 18 രൂപ രണ്ട് പൈസയാണ് ആഗോള വിപണിയിലെ നിരക്ക്. എന്നാൽ രാജ്യാന്തര വിപണി ശനി, ഞായർ ദിവസങ്ങളിൽ അവധിയായതിനാൽ ഏറ്റവും പുതിയ നിരക്ക് ലഭിക്കാൻ ഉപയോക്താക്കൾക്ക് തിങ്കളാഴ്ച രാവിലെ വരെ കാത്തിരിക്കേണ്ടിവരും. അതുവരെ വെള്ളിയാഴ്ച ക്ലോസ് ചെയ്ത വിപണി നിരക്കിലാണ് വിപണനം തുടരുന്നത്. അതനുസരിച്ച് ഒരു ദിർഹമിന് 17 രൂപ 88 പൈസയാണ് ലഭിക്കുന്ന മെച്ചപ്പെട്ട നിരക്ക്. വിവിധ എക്‌സ്‌ചേഞ്ചുകളിൽ ഈ നിരക്കിൽ നേരിയ മാറ്റവുമുണ്ട്.

ഈ സാഹചര്യത്തിൽ പരമാവധി ദിർഹം ശേഖരിക്കുകയാണ് ഗൾഫിലെ പ്രവാസികൾ. തിങ്കളാഴ്ച അത് നാട്ടിലേക്ക് അയച്ച് കൂടുതൽ രൂപ നേടുകയാണ് ലക്ഷ്യം. ഇന്ത്യൻ വിപണി കരുത്താർജ്ജിക്കുമ്പോൾ ഇതിന്റെ ഗുണം പ്രവാസികൾക്ക് ലഭിക്കും. ഡോളറിന്റെ വില ഉയരുന്നത് അമേരിക്കയിലെ പ്രവാസികൾക്കും നേട്ടമാകും. ഇംഗ്ലണ്ടിലെ പൗണ്ടും രൂപയുടെ വിലത്തകർച്ചയിൽ നേട്ടമുണ്ടാക്കുന്നു. ഒരു ദിർഹമിന് 17.81, 17.85, 17.87, 17.88 എന്നിങ്ങനെയാണ് വിവിധ എക്‌സ്‌ചേഞ്ചുകൾ ശനിയാ?ഴ്ച നൽകിയ നിരക്ക്. ഒരു ലക്ഷം രൂപയെക്കാൾ കൂടുതൽ അയക്കുന്നവർക്ക് അല്പം മെച്ചപ്പെട്ട നിരക്ക് നൽകാമെന്ന് ചില പണമിടപാട് സ്ഥാപനങ്ങൾ വാഗ്ദാനം ചെയ്യുന്നു. രൂപയ്ക്ക് ഒരു രൂപവുമില്ലാതെ താഴോട്ട് പോകുമ്പോൾ വിനിമയ നിരക്കിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തി പരമാവധി പണമയക്കാനുള്ള തിരക്കിലാണ് പ്രവാസികൾ. ഇതോടെ പണമിടപാട് സ്ഥാപനങ്ങളിലും തിരക്കേറി.

55 ദിർഹം 92 ഫിൽസ് നൽകിയാൽ ആയിരം ഇന്ത്യൻ രൂപ ലഭിക്കും. ഖത്തർ റിയാലിന് 18 രൂപ 17 പൈസയും സൗദി റിയാലിന് 17 രൂപ 65 പൈസയും ബഹ്‌റൈൻ ദിനാറിന് 175 രൂപ 31 പൈസ, ഒമാനി റിയാൽ 171 രൂപ 89 പൈസ, കുവൈത്ത് ദിനാർ 219 രൂപ 43 പൈസ എന്നിങ്ങനെയാണ് രാജ്യാന്തര വിപണിയിലെ നിരക്ക്. അതിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യം വരുംനാളുകളിൽ കൂടുതൽ ഇടിയാൻ സാധ്യതയുണ്ടെന്ന് സാമ്പത്തിക രംഗത്തെ വിദഗ്ദ്ധർ പറയുന്നു. സമീപ ഭാവിയിൽ ഡോളറിന് 66 രൂപ 60 പൈസ വരെ ലഭിക്കാനിടയുണ്ട്. ഇതും പ്രവാസികൾക്ക് പ്രതീക്ഷ നൽകുന്ന വിലയിരുത്തലാണ്.

ചൈനീസ് കറസൻസിയായ യുവാന്റെ മൂല്യം 1.9 ശതമാനം കുറച്ചതിനെ അടിസ്ഥാനപ്പെടുത്തി ഏഷ്യ അടക്കമുള്ള മറ്റു വികസ്വര രാജ്യങ്ങളുടെ കറൻസികളിൽ വന്ന താഴ്ചയും ഓഹരി വിപണികളിൽ വന്ന ഇടിവും ഇന്ത്യൻ രൂപയുടെ താഴ്ച തുടരുന്നതിന് കാരണമായി. എണ്ണവില താഴുന്നതും, അമേരിക്കൻ ഡോളർ ശക്തിപ്രാപിക്കുന്നതിനെ തുടർന്ന് ഇന്ത്യൻ ഇറക്കുമതിക്കാർ ഡോളർ വാങ്ങിക്കൂട്ടുന്നതും രൂപയുടെ ഇടിവ് തുടരാൻ കാരണമാക്കി. ഇതേസമയം പലിശ നിരക്ക് കൂട്ടാനുള്ള തീരുമാനം അമേരിക്ക നീട്ടിവച്ചത് സ്വർണത്തിൽ നിക്ഷേപം തുടരാൻ കാരണമായിട്ടുണ്ട്. ഇത് സ്വർണത്തിന് കരുത്താവുകയും വില വർധിക്കുകയും ചെയ്തു. വിപണിയുടെ സ്ഥിതി നിയന്ത്രണവിധേമാകുംവരെ രൂപ അടക്കമുള്ള കറൻസികൾ താഴ്ച രേഖപ്പെടുത്താനും സ്വർണത്തിലുള്ള നിക്ഷേപം തുടരുന്നതുകൊണ്ട് സ്വർണ വില ഉയരാനും കാരണമായേക്കുമെന്നാണ് നിഗമനം.