ജക്കാർത്ത: ഇന്തൊനീഷ്യക്കാരിയായ സിതി സൈനയുടെ ‘കാറ്റടിച്ചപ്പോൾ ഗർഭിണിയായി എന്ന വിചിത്രവാദം ചർച്ചയാക്കി ലോകം. 25 വയസുള്ള ഇന്തോനേഷ്യക്കാരിയായ സിതി സൈന എന്ന യുവതി കഴിഞ്ഞ ആഴ്ചയാണ് ഒരു പെൺകുട്ടിക്ക് ജന്മം നൽകിയത്. എന്നാൽ, ലൈം​ഗിക ബന്ധത്തിലൂടെ ​ഗർഭിണിയായി പത്ത് മാസത്തിന് ശേഷമല്ല തന്റെ പ്രസവം എന്നാണ് യുവതി അവകാശപ്പെടുന്നത്. അത്ഭുത ​ഗർഭമെന്ന് ഒരു വിഭാ​ഗം ആളുകൾ പറയുമ്പോൾ, പ്രസവിക്കാനായി പോകുന്നത് വരെ സ്ത്രീകൾ താൻ ഗർഭിണിയാണെന്ന് തിരച്ചറിയാത്ത ക്രിപ്റ്റിക് പ്രഗ്നൻസിയാണ് സിതിയുടേത് എന്നാണ് മറുവിഭാ​ഗം വ്യക്തമാക്കുന്നത്. ഏതായാലും സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

തെക്കൻ ഇന്തോനേഷ്യൻ പ്രവിശ്യയായ വെസ്റ്റ് ജാവയിലെ സിയാൻജൂർ പട്ടണത്തിലാണ് സംഭവം. ‘കാറ്റടിച്ചപ്പോൾ ഗർഭിണിയായി. ഒരുമണിക്കൂറിനുള്ളിൽ പ്രസവിച്ചു...' എന്ന യുവതിയുടെ വാദം ലോകമാധ്യമങ്ങൾ തലക്കെട്ടുകളാക്കിയതോടെയാണ് സംഭവം വലിയതോതിൽ ചർച്ചയായത്. ‘താൻ വീട്ടിലെ സ്വീകരണമുറിയിൽ ഇരിക്കുമ്പോൾ ശക്തമായി കാറ്റടിക്കുകയായിരുന്നു. അത് തന്നെ കടന്ന് പോയി 15 മിനിറ്റുകൾക്ക് ശേഷം വയറിൽ അസഹ്യമായ വേദന അനുഭവപ്പെട്ടു. ഉടൻ തന്ന അടുത്തുള്ള കമ്യൂണിറ്റി ക്ലിനിക്കിലേക്ക് എത്തി. അവിടെവെച്ച് പ്രസവിക്കുകയായിരുന്നു' – യുവതി പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞതാണ് ഇത്.

എന്തായാലും ഈ വിചിത്രപ്രസവത്തിന്റെ വാർത്ത വളരെ വേഗം പുറത്ത് പ്രചരിച്ചു. സോഷ്യൽ മീഡിയയിലും വൈറലായി. ഇതോടെ സിതിയുടെ വീട്ടിലേക്ക് നാട്ടുകാർ എത്തിച്ചേരാൻ തുടങ്ങി. വാർത്ത പ്രചരിച്ചതോടെ ആരോഗ്യപ്രവർത്തകരും സിതിയെ സന്ദർശിച്ചു. അവരോടും സിതി ഇതേ വാദം തന്നെ ആവർത്തിച്ചു.

അമ്മയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും എന്നാൽ സിതി പറയുന്ന വാദം തള്ളിക്കളയുന്നുവെന്നുമാണ് ആരോഗ്യപ്രവർത്തകർ പറയുന്നത്. പ്രസവിക്കാനായി പോകുന്നത് വരെ സ്ത്രീകൾ താൻ ഗർഭിണിയാണെന്ന് തിരിച്ചറിയാത്ത ക്രിപ്റ്റിക് പ്രഗ്‌നൻസിയാണ് സിതിയുടേത് എന്നാണ് കമ്യൂണിറ്റ് ക്ലിനിക് തലവൻ പറയുന്നത്. ഇത്തരം അബദ്ധവാദങ്ങളെ പ്രോൽസാഹിപ്പിക്കില്ലെന്നും വ്യക്തമാക്കി.