ന്യൂയോർക്ക്: സുഹൃത്ത് അവരുടെ മകനെ കൊന്നെന്ന് ഫേസ്‌ബുക്കിൽ വ്യാജ പോസ്റ്റിട്ട സ്ത്രീക്ക് കോടതി അഞ്ച് ലക്ഷം യുഎസ് ഡോളർ(3.2 കോടി ഇന്ത്യൻ രൂപ) പിഴയിട്ടു. അമേരിക്കയിലെ നോർത്ത് കരോലിന കോടതിയുടേതാണ് ഉത്തരവ്.

2015-ൽ ദേവിൻ ഡയൽ എന്ന സ്ത്രീയുടെ ഫേസ്‌ബുക്ക് അക്കൗണ്ടിൽ കയറി 'എനിക്ക് മദ്യപിക്കാൻ പറ്റിയില്ല. എന്റെ മകനെ കൊന്നു' എന്നെഴുതിയ ആഷ്വില്ലെ സ്വദേശിനി ജാക്വലിൻ ഹമോണ്ടിനാണ് പിഴശിക്ഷ. ജാക്വലിന്റെ പ്രവൃത്തി തന്നെ മാനസികമായി തകർത്തെന്നും അപകീർത്തിപ്പെടുത്തിയെന്നും കാട്ടി ഡയൽ നൽകിയ പരാതിയിലാണ് കോടതി ഉത്തരവ്.

റേഡിയോ സ്റ്റേഷനിൽ ഒരുമിച്ച് ജോലി ചെയ്യാൻ ആരംഭിച്ചതോടെ ഡയലും ജാക്വലിനും തമ്മിലുള്ള സൗഹൃദത്തിൽ ഇളക്കം തട്ടിയിരുന്നു. ഡയലിന്റെ മകൻ മരിച്ച കാര്യം അറിയാമായിരുന്ന ജാക്വലിൻ, മകനെ ഡയൽ കൊലപെടുത്തിയതാണെന്ന് വരുത്തി തീർക്കാൻ വേണ്ടിയാണ് ഫേസ്‌ബുക്കിൽ വ്യാജ പോസ്റ്റിട്ടത്.

വാക്കുകൾ എങ്ങനെ പ്രയോഗിക്കണമെന്ന് പലർക്കും അറിയില്ലെന്ന് നോർത്ത കരോലിന അഭിഭാഷകൻ മിസ് ഓവൻ പ്രതികരിച്ചു. ജാക്വലിന്റെ തെറ്റിൽ നിന്നും മറ്റുള്ളവർ പഠിക്കണം. മറ്റുള്ളവരുടെ വ്യക്തിത്വത്തെ തകർക്കുന്ന വിധം തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കുള്ള താക്കീതാണ് കോടതി വിധിയെന്നും അവർ ചൂണ്ടിക്കാട്ടി.