കൊച്ചി: കുടുംബക്കല്ലറകളുടെ കാലപരിധി അമ്പതു വർഷമായി നിശ്ചയിച്ചുകൊണ്ടുള്ള താമരശേരി ബിഷപ്പിന്റെ പുതിയ സഭാകൽപ്പനയ്‌ക്കെതിരെയുള്ള സഭാ വിശ്വാസികളുടെ പ്രതിഷേധത്തിന് പിന്തുണ ഏറുന്നു. കല്ലറകൾ വിൽപ്പന നടത്തുന്നതിന് ക്രൈസ്തവസഭകൾ അന്ത്യം കുറിക്കണമെന്ന രൂക്ഷവിമർശനവുമായി എറണാകുളം ആസ്ഥാനമായ ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ രംഗത്തുവന്നു. വലിയ തുകയക്ക് കല്ലറകൾ വിൽപ്പന നടത്തുന്നവെന്നതാണ് ഇവരുടെ പ്രധാന ആക്ഷേപം. ഇതിനെതിരെ മാർപ്പാപ്പയ്ക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് ഇവർ.

അതിനിടെ കച്ചവടമില്ലെന്ന് സഭ സെമിത്തേരികളിൽ കുടുംബങ്ങൾക്ക് കല്ലറ അനുവദിക്കുന്നത് പണ്ടേയുള്ള സംവിധാനമാണെന്ന് കത്തോലിക്ക സഭാ വക്താവ് ഫാ. പോൾ തേലക്കാട്ട് പറഞ്ഞു. ചുരുക്കം ഇടവകകളിൽ അതിപ്പോഴും തുടരുന്നുണ്ട്. ഇത് കച്ചവടമല്ല. വ്യവസ്ഥകൾക്ക് വിധേയമായാണ് അനുവദിക്കുന്നത്. ഇക്കാര്യത്തിൽ വിവേചനമില്ല. പക്ഷേ വ്യവസ്ഥകൾ സമ്പന്നർക്ക് മാത്രമേ പാലിക്കൻ സാധിക്കൂവെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ വലിയ അനീതി നടക്കുന്നുവെന്നാണ് ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ പറയുന്നത്.

കേരളത്തിലുടനീളം കല്ലറ കച്ചവടം പൊടിപൊടിക്കുന്നുവെന്നാണ് ആക്ഷേപം. സംസ്ഥാനത്തെ ചില പ്രമുഖ പള്ളികളിൽ കല്ലറകൾക്ക് പത്ത് ലക്ഷം രൂപ വരെയുണ്ട് നിരക്ക്. പരേതന്റെ കുടുംബത്തിന്റെ പ്രൗഢി കാട്ടാനുള്ള ഇടമായി സെമിത്തേരിയെപ്പോലും മാറ്റിക്കഴിഞ്ഞു. ഈ പ്രവണത നിരുത്സാഹപ്പെടുത്തണമെന്നും കല്ലറക്കച്ചവടം സഭ അവസാനിപ്പിക്കണമെന്നുമാണ് കൗൺസിലിന്റെ ആവശ്യം. നിലവിലുള്ള കുടുംബകല്ലറകൾ പൊളിച്ചുനീക്കി സെമിത്തേരിയിലെങ്കിലും സമത്വം കൊണ്ടുവരണം. ഒരു പടികൂടി കടന്ന്, മൃതദേഹം ദഹിപ്പിക്കുന്ന കാര്യവും സഭാനേതൃത്വം പരിഗണിക്കണമെന്നും ജോയിന്റ് കൗൺസിൽ ആവശ്യപ്പെടുന്നുണ്ട്.

കൗൺസിൽ കല്ലറക്കച്ചവടത്തിനെതിരെ ഫ്രാൻസിസ് മാർപാപ്പയ്ക്ക് പരാതി നൽകുമെന്ന് ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ വർക്കിങ് പ്രസിഡന്റ് ജോസഫ് വെളിവിൽ് പറഞ്ഞു. വിശ്വാസികളിൽ ബഹുഭൂരിപക്ഷവും തങ്ങളുടെ നിലപാടിനൊപ്പമാണ്. മൃതദേഹം ദഹിപ്പിക്കാൻ മാർപാപ്പയുടെ അനുവാദമുണ്ട്. ഏതാനും വർഷംമുമ്പ് അന്ത്യാഭിലാഷപ്രകാരം കൊച്ചിയിലെ പ്രമുഖ വ്യവസായിയുടെ ജഡം രവിപുരം ശ്മശാനത്തിൽ സഭയുടെ അനുമതിയോടെ ദഹിപ്പിച്ചിട്ടുണ്ട്. കല്ലറക്കച്ചവടത്തിനുവേണ്ടി സഭ ഇതിനെ നിരുത്സാഹപ്പെടുത്തുകയാണിപ്പോൾ. സെമിത്തേരിക്ക് ചുറ്റുമുള്ള മലിനീകരണം കണക്കിലെടുത്തെങ്കിലും ദഹിപ്പിക്കലിന് സഭ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

ഭൂരിഭാഗം സെമിത്തേരികളും സ്ഥലപരിമിതികളാൽ വലഞ്ഞിട്ടും കല്ലറക്കച്ചവടം തുടരുകയാണ്. പുതിയ സെമിത്തേരികൾ നിർമ്മിക്കൽ അത്ര എളുപ്പവുമല്ല. കച്ചവടം ഒഴിവാക്കി സെമിത്തേരിയിൽ ഒരേ രീതിയിലുള്ള കുഴിമാടങ്ങൾ ഒരുക്കുകയാണ് പ്രശ്‌നങ്ങൾക്ക് പരിഹാരം. ഈ പരിഷ്‌കാരത്തിനായി സഭാ നേതൃത്വം മുൻകൈയെടുക്കണമെന്നും ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്നും ജോസഫ് വെളിവിൽ അഭ്യർത്ഥിച്ചു.

കുടുംബക്കല്ലറകളുടെ കാലപരിധി അമ്പതു വർഷമായി നിശ്ചയിച്ചുകൊണ്ടുള്ള താമരശേരി ബിഷപ്പിന്റെ പുതിയ സഭാകൽപ്പനയ്‌ക്കെതിരെ സഭാ വിശ്വാസികളുടെ പ്രതിഷേധം ശക്തമായിരുന്നു. ഇത് പുനർവിചിന്തനം നടത്തി പിൻവലിക്കണമെന്നാവശ്യപ്പെട്ടു താമരശേരി ബിഷപ് മാർ റമിജിയോസ് ഇഞ്ചനാനിയിലിന് സഭാവിശ്വാസിയായ സി.കെ ജോസഫ് അയച്ച കത്ത് മറുനാടൻ മലയാളി പുറത്തുവിട്ടിരുന്നു. ഇതോടെയാണ് ചർച്ച സജീവമായത്. കുടുംബക്കല്ലറ എന്നാൽ കുടുംബത്തിന്റെ ആയുഷ്‌ക്കാലമത്രയും കുടുംബത്തിൽപ്പെട്ട അംഗങ്ങളുടെ സംസ്‌കാരത്തിനായി എടുത്തിട്ടുള്ളതാണ്. എന്നാൽ നിലവിൽ എടുത്ത കുടുംബക്കല്ലറകൾ ഉപയോഗിക്കാൻ ഒരു കുടുംബത്തിനു 50 വർഷമേ അധികാരമുള്ളൂവെന്നാണ് താമരശേരി മെത്രാന്റെ പുതിയ കല്പന. അമ്പതു വർഷത്തിനു ശേഷം അന്നു പള്ളി നിശ്ചയിക്കുന്ന തുക നൽകി മാത്രമേ വീണ്ടും കുടുംബക്കല്ലറകൾ പള്ളികൾ നൽകാവൂ എന്നുള്ളതാണ് സഭയുടെയും മെത്രാന്റെയും പുതിയ നിയമം.

വിശ്വാസികളുടെ ആത്മീയ ശുശ്രുഷകൾക്ക് വില നിശ്ചയിച്ചു ബോർഡുകളിൽ പരസ്യപ്പെടുത്തി കണക്കുപറഞ്ഞു പണം ഇടാക്കുന്ന കച്ചവടസമ്പ്രദായം മഹാപാതകമാണെന്നും അതിനു വിശ്വാസികൾ കൂട്ടുനില്ക്കരുതെന്നും കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞിട്ടുണ്ടെന്നു സി.കെ ജോസഫ് താമരശേരി ബിഷപ്പിനയച്ച കത്തിൽ പറയുന്നു. ആദ്യം ഒരു ഭീമമായ തുക വാങ്ങി വീണ്ടും അതേ കാര്യത്തിനായി തുക വാങ്ങിക്കുന്ന പദ്ധതി സഭയ്ക്കു പണത്തിനോടുള്ള അത്യാർത്തിയാണു പ്രകടമാക്കുന്നതെന്നും കത്തിൽ പറയുന്നു. സഭയും മെത്രാനും പുനർചിന്തനം നടത്തി ഇപ്പോൾ എടുത്ത നടപടി പിൻവലിക്കണമെന്നു കത്തിലൂടെ സി.കെ ജോസഫ് ആവശ്യപ്പെടുന്നു.

സെപ്റ്റംബർ 15 മുതലാണ് സഭയുടെ പുതിയ നിയമം പ്രാബല്യത്തിൽ വന്നത്. ഇപ്പോൾ ഒന്നര ലക്ഷം കൊടുത്ത കുടുംബക്കാർ അമ്പതു വർഷം കഴിഞ്ഞു വീണ്ടും തുക അടച്ചാൽ മാത്രമാണ് പിന്നെ ഒരു കുടുംബത്തിന് സംസ്‌ക്കരിക്കാനായി കല്ലറ ലഭിക്കുകയെന്നു പറയുന്ന സഭയുടെ പുതിയ നിയമനടപടികൾ ശരിയല്ലെന്നും, ആറടി മണ്ണ് മതി ഒരു മനുഷ്യന് അന്ത്യവിശ്രമം കൊള്ളാനെന്നും രണ്ടു മീറ്റർ നീളവും ഒരു മീറ്റർ വിതിയും മാത്രമുള്ള കല്ലറകൾക്കു സഭ കണക്കു പറഞ്ഞു കാശ് മേടിക്കുന്നത് മനുഷ്യത്വരഹിതവും പാപവുമാണെന്നും സി.കെ ജോസഫ് മറുനാടൻ മലയാളിയോട് പറഞ്ഞു.