തിരവനന്തപുരം: ശ്രീകാര്യം മൺവിളയിലെ വ്യവസായ എസ്റ്റേറ്റിൽ പ്രവർത്തിക്കുന്ന ഫാമിലി പ്ലാസ്റ്റിക്കിന്റെ നിർമ്മാണ യൂണിറ്റിലുണ്ടായ തീപിടുത്തം തിരുവനന്തപുരം നഗരത്തിന് ചില ഭാഗങ്ങളിൽ വിഷപ്പുക പടരാൻ ഇടയാക്കി. വൻ തീപിടുത്തമാണ് ഉണ്ടായതെങ്കിലും ആളപായമില്ലാതെ കാത്തത് ഫയർഫോഴ്‌സിന്റെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും ജാഗ്രത കൊണ്ട് മാത്രാണ്. നാല് നിലകളിയായുള്ള കെട്ടിടം പൂർണ്ണമായും കത്തിനശിച്ചത് കൂടാതെ മറ്റ് രണ്ട് കെട്ടിടങ്ങൾ കൂടി കത്തിനശിച്ചു. സംഭവത്തിൽ 500 കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായതായി ഫാമിലി പ്ലാസ്റ്റിക് അധികൃതർ അറിയിച്ചു. നടനും എംഎൽഎയുമായി മുകേഷിന്റെ പരസ്യത്തിലൂടെ ശ്രദ്ധനേടിയ ഉൽപ്പന്നമാണ് ഫാമിലി പ്ലാസ്റ്റിക്‌സ്.

4 നിലയുള്ള കെട്ടിടവും അതിനുള്ളിലുണ്ടായിരുന്ന ഉൽപന്നങ്ങളും മറ്റും പൂർണമായും കത്തിയമർന്നു. ബുധനാഴ്ച വൈകിട്ട് 6.30നാണ് ഉൽപാദന യൂണിറ്റിന്റെ മൂന്നാംനിലയിൽ തീയും പുകയും ഉയർന്നത്. രണ്ടാം ഷിഫ്റ്റിൽ ജോലിക്കെത്തിയ ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ 120 പേർ കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നു. എല്ലാവരും ഓടി രക്ഷപ്പെട്ടു. ഏഴേകാലോടെ കെട്ടിടത്തെ പൂർണായും അഗ്നിനാളങ്ങൽ വിഴുങ്ങി. വലിയ പൊട്ടിത്തെറി ശബ്ദങ്ങളോടെയാണ് തീപടർന്നുപിടിച്ചത്. ഇതിനോടകം സ്ഥലത്തെത്തിയ അഗ്നിശമന സേന കാര്യങ്ങൾ നിയന്ത്രണ വിധേയമാക്കാൻ ശ്രമിച്ചെങ്കിലും തീനാളങ്ങൾ അടങ്ങിയില്ല. എങ്കിലും തീ മറ്റിടങ്ങളിലേക്ക് പടരുന്നത് തടയുന്നതിൽ അവരുടെ നിതാന്ത ജാഗ്രത ഫലം കണ്ടു.

രാജ്യാന്തര വിമാനത്താവളം, വി എസ്എസ്സി, എയർഫോഴ്‌സ് എന്നിവിടങ്ങളിൽ നിന്നുള്ള അഗ്‌നിശമന യൂണിറ്റുകളും തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ മുഴുവൻ അഗ്‌നിശമന യൂണിറ്റുകളും തീ അണയ്ക്കാൻ എത്തി. ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വീടുകളിലെ ആളുകളെയെല്ലാം ഒഴിപ്പിച്ചു. അത്യാധുനിക സംവിധാനങ്ങളോടു കൂടിയ അഗ്‌നിശമന യൂണിറ്റുകൾ കിണഞ്ഞു പരിശ്രമിച്ചെങ്കിലും അർധരാത്രി പിന്നിട്ടിട്ടും തീയണയ്ക്കാൻ കഴിഞ്ഞില്ല. പുലർച്ചെ അഞ്ച് മണിയോടെയാണ് തീ പൂർണമായും അണയ്ക്കാൻ സാധിച്ചത്.

പ്ലാസ്റ്റിക് ഫാക്ടറിക്കു സമീപം സൂക്ഷിച്ചിരുന്ന കെമിക്കൽ ബാരലുകളും രാസവസ്തുക്കളുമാണു തീപിടുത്തത്തിന്റെ വ്യാപ്തി കൂട്ടിയത്. ഫാക്ടറിക്കു സമീപം മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കേണ്ടിയിരുന്ന ചടങ്ങിനായി നിർമ്മിച്ച വേദിയും കത്തിയമർന്നു. ഫാമിലി പ്ലാസ്റ്റിക്കിന്റെ നിർമ്മാണ യൂണിറ്റും ഗോഡൗണുമെല്ലാം രണ്ടേക്കറോളം വരുന്ന ഇവിടത്തെ പ്രധാന യൂണിറ്റിൽ പ്രവർത്തിക്കുന്നുണ്ട്. രണ്ട് ദിവസം മുമ്പ് ഇതേ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ തീപിടിത്തം ഉണ്ടായിരുന്നു. 5 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് അന്നുണ്ടായത്. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മേയർ വി.കെ.പ്രശാന്ത് എന്നിവർ സ്ഥലത്തെത്തി. സംഭവത്തിൽ വിശദമായ അന്വേഷണം നവടത്തുമെന്ന് മന്ത്രി അറിയിച്ചു.

വിഷപ്പുക ശ്വസിച്ച് രണ്ട് പേർ മെഡിക്കൽ കോളേജിൽ സ്‌കൂളികൾക്ക് അവധി

വിഷപ്പുക ശ്വസിച്ച് അസ്വസ്ഥത തോന്നിയ 2 പേരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജയറാം രഘു (18), കോന്നി സ്വദേശി ഗിരീഷ് (21) എന്നിവരെയാണ് ആശുപത്രിയിൽ എത്തിച്ചത്. ഇവർക്ക് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അതിനിടെ തീപിടുത്തതിന്റെ പശ്ചാത്തലത്തിൽ പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. മൺവിള, കുളത്തൂർ വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് തിരുവനന്തപുരം ജില്ലാ കളക്ടർ പി.വാസുകി അവധി പ്രഖ്യാപിച്ചത്.

പ്ലാസ്റ്റിക് ഉൽപന്ന നിർമ്മാണ ശാലയിലുണ്ടായ അഗ്‌നിബാധയുടെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്ക് കർശന നിർദ്ദേശങ്ങളുമായി സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയും രംഗത്തെത്തിയിരുന്നു. തീപിടിച്ചിരിക്കുന്നത് പ്ലാസ്റ്റിക് വസ്തുക്കൾ ആയതിനാൽ ശ്വസന സംബന്ധിയായ ബുദ്ധിമുട്ടുകൾ നേരിടാനുള്ള സാധ്യത ഏറെയാണ്. അതുകൊണ്ട് പരമാവധി വിഷപ്പുക ശ്വസിക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ശ്വസന സംബന്ധമായ വല്ല ബുദ്ധിമുട്ടും അനുഭവപ്പെടുന്ന ഉടനെ മടിച്ചു നിൽക്കാതെ തന്നെ വൈദ്യ സഹായം തേടാൻ നിർദ്ദേശിച്ചിട്ടുണ്ട്.