- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാനാഭാഗങ്ങളിൽ നിന്നും ഫേസ്ബുക്ക് സുഹൃത്തുക്കൾ ഒഴുകിയെത്തി; ഒരിക്കലും കണ്ടിട്ടില്ലാത്തവർ മയ്യത്തിന് മുമ്പിൽ പൊട്ടിക്കരഞ്ഞു; നേതാക്കളുടെ പൊടിപോലും കണ്ടതുമില്ല: മനുഷ്യനെ മാറ്റാൻ പ്രയത്നിച്ച് പാതി വഴിയിൽ മരണം കൊണ്ട് പോയ ഷാനവാസിന് കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി
മലപ്പുറം: നിലമ്പൂർ വടപുരം അങ്ങാടിക്ക് തൊട്ടടുത്ത് പ്രധാന റോഡിലുള്ള ഡോ. ഷാനവാസിന്റെ വീടിന് മുമ്പിൽ എത്തിയപ്പോൾ അവിടെ ജനസാഗരമായിരുന്നു. വീടിനുള്ളിൽ മൊബൈൽ മോർച്ചറിയിൽ കിടക്കുന്നത് പാവങ്ങളുടെ ഡോക്ടറുടെ നിശ്ചലമായ ശരീരം. അലറി വിളിക്കുന്ന ബന്ധുജനങ്ങളും സുഹൃത്തുക്കളും. ഒരിക്കൽ പോലും ഒന്നു നേരിട്ട് കണ്ടിട്ടില്ലാതിരുന്നിട്ടും വിങ്
മലപ്പുറം: നിലമ്പൂർ വടപുരം അങ്ങാടിക്ക് തൊട്ടടുത്ത് പ്രധാന റോഡിലുള്ള ഡോ. ഷാനവാസിന്റെ വീടിന് മുമ്പിൽ എത്തിയപ്പോൾ അവിടെ ജനസാഗരമായിരുന്നു. വീടിനുള്ളിൽ മൊബൈൽ മോർച്ചറിയിൽ കിടക്കുന്നത് പാവങ്ങളുടെ ഡോക്ടറുടെ നിശ്ചലമായ ശരീരം. അലറി വിളിക്കുന്ന ബന്ധുജനങ്ങളും സുഹൃത്തുക്കളും. ഒരിക്കൽ പോലും ഒന്നു നേരിട്ട് കണ്ടിട്ടില്ലാതിരുന്നിട്ടും വിങ്ങിപ്പൊട്ടുന്ന അനേകായിരം ഫേസ്ബുക്ക് സുഹൃത്തുക്കൾ. ഒരു വർഷത്തിനിടയിൽ അനേകം തവണ നേരിട്ട് കണ്ടിട്ടുള്ള ആ ചെറുപ്പക്കാരന്റെ ജീവനില്ലാത്ത രൂപം ഈ ലേഖകനേയും കരയിപ്പിക്കുന്നതായിരുന്നു.
ആൾക്കൂട്ടത്തിൽ ഒരുവനായി നിൽക്കുമ്പോൾ നിശ്ചലമായ വാക്കുകൾ കൊണ്ട് എന്തെങ്കിലും ഒക്കെ പരസ്പരം പറയാൻ ശ്രമിക്കുന്നവർ. നൂറു കണക്കിന് പേർ ഷാനവാസിനെ ആദ്യം കാണുകയാണ്. നന്മയുടെ വെളിച്ചം കത്തിച്ച് ഈ ഭൂമിയുടെ ഇരുട്ട് മാറ്റാൻ ഓടിനടന്ന ഷാനവാസിനെ ഒരിക്കൽ എങ്കിലും കാണാൻ ദൂരെ ദേശങ്ങളിൽ നിന്നും ഓടിയെത്തിയവരാണ് ഭൂരിപക്ഷവും. തിരുവനന്തപുരം മുതൽ കാസർകോഡ് വരെയുള്ള സ്ഥലങ്ങളിൽ നിന്നും ഷാനവാസിന്റെ ആരാധകർ എത്തിയിരുന്നു. നമുക്ക് ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ ചെയ്യുന്ന ആ മഹാന്റെ പാദങ്ങളിൽ ഒന്നു തൊട്ടു പ്രായശ്ചിത്തം ചെയ്യാൻ എത്തിയവരായിരുന്നു എല്ലാവരും. അവരൊക്കെ കണ്ണീരടക്കാൻ കഴിയാതെ വിങ്ങിപ്പൊട്ടുകയായിരുന്നു. ഷാനവാസിന്റെ ഭക്ഷണപ്പൊതിയും മരുന്നും എന്തുകൊണ്ട് എത്തുന്നില്ല എന്നോർത്ത് വ്യാകുലപ്പെടുന്ന ആദിവാസി കൂട്ടങ്ങളെക്കുറിച്ചായിരുന്നു അവരൊക്കെ സംസാരിച്ചത്.
ഞങ്ങൾക്കറിയാത്ത ഞങ്ങളുടെ നാട്ടുമ്പുറത്തുകാരനെ കാണാൻ ദൂരെ ദേശത്ത് നിന്നും ഒഴുകിയെത്തിയ നല്ലവരായ മനുഷ്യരെ കണ്ട് അന്തംവിട്ട് നില്ക്കുകയായിരുന്നു വടപുരംകാർ. ഗൾഫിൽ നിന്നു പോലും ആളുകളെത്തി. സാമ്പ്രദായിക ഡോക്ടർ എന്ന സങ്കൽപ്പത്തെ തച്ചുടച്ചത് ലുങ്കി ഉടുത്തും തോർത്ത് തോളിലിട്ടും ബൈക്കിന്റെ പിറകിലും ഓട്ടോയിലും ജീപ്പിലും ഒക്കെ കയറി നാട്ടിലൂടെ നടന്നിരുന്ന തങ്ങളുടെ ഷാനി ഇത്രയും മഹാൻ ആണെന്ന് ഇതുവരെ അറിഞ്ഞില്ലല്ലോ എന്ന അത്ഭുതമായിരുന്നു നാട്ടുകാരുടെ മുഖത്ത്. നിഷ്കളങ്കനായ പിതാവ് ദൂരെദേശത്ത് നിന്ന് എത്തിയവരോടെല്ലാം സൗഹൃദത്തോടെ സംസാരിച്ചത് മകന്റെ വിയോഗത്തിന്റെ കണ്ണീർ ഉള്ളിൽ പൊട്ടാതെ സൂക്ഷിച്ചുകൊണ്ടായിരുന്നു. അവിടെ തടിച്ചു കൂടിയ ആർക്കും ആരോട് എന്ത് പറയണമെന്ന് അറിയാത്ത അവസ്ഥയായിരുന്നു.
നാട്ടുകാരെ സേവിക്കാൻ വേണ്ടി സ്വന്തം ജീവിതം ഇല്ലാതാക്കുന്നതിന് എന്നും പഴിപറഞ്ഞിരുന്ന അമ്മ അവന്റെ നെഞ്ചിലേക്ക് സ്നേഹത്തിന്റെ അവസാന പുഷ്പം അർപ്പിക്കാൻ എത്തിച്ചേർന്നത് രാവിലെ മാത്രമായിരുന്നു. മൂത്ത മകനൊപ്പം കുറച്ച് ദിവസം കഴിയാൻ കഴിഞ്ഞയാഴ്ച ഖത്തറിലേക്ക് പോയ ഉമ്മയ്ക്ക് സ്വന്തം മകന് അന്ത്യചുംബനം നൽകാനുള്ള അവസാന അവസരമായതിനാൽ ഓടിയെത്തേണ്ടി വന്നു. ആ ഉമ്മയുടെ കണ്ണീരിന് സമാനമായി ഈ ലോകത്ത് വേറെ എന്തുണ്ട് എന്നു തോന്നിക്കുന്നതായിരുന്നു അപ്പോഴത്തെ ആ നിശബ്ദത.
പത്ത് മണി കഴിഞ്ഞതോടെ സ്ത്രീകൾക്ക് അന്ത്യോപചാരം അർപ്പിക്കാനായി മയ്യത്ത് വീട്ട് മുറ്റത്തേക്ക് വച്ചു. അപ്പോഴും ആ വീട്ടിലേക്ക് ജനപ്രവാഹം ആയിരുന്നു. പത്തരയോടെ മയ്യത്തുമായി വടപുരം മഹല്ല് ജുമാമസ്ജിദിലേക്ക് വിലാപയാത്ര നീങ്ങിയപ്പോൾ റോഡിന് ഇരുവശവും കണ്ണീർ തുടച്ച് പുരുഷാരം ഒരുമിച്ച് കൂടി. ഷാനവാസിന് അന്ത്യാഭിവാദ്യം അർപ്പിക്കാൻ എത്തിയവരിൽ ജാതിഭേദമോ മതദ്വേഷമോ ഒന്നുമുണ്ടായിരുന്നില്ല. മയ്യത്ത് നമസ്കാരത്തിന് പ്രാർത്ഥനയുമായി തടിച്ചു കൂടിയ മുസ്ലീമുകൾ മാത്രം ആയിരങ്ങൾ ആയിരുന്നു. പുറത്ത് അമുസ്ലീമുകളും കണ്ണീരൊപ്പി സ്വന്തം ഷാനിക്ക് വിടനൽകി.
സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ നന്മയുടെ ഈ പൂവ് പറന്നു പോയതിന് സാക്ഷ്യം വഹിക്കാൻ ഒരൊറ്റ ജനപ്രതിനിധിയെ അവിടെങ്ങും കാണാൻ കഴിഞ്ഞില്ല. ഓൺലൈൻ കൂട്ടായ്മകളുടെ നേതൃത്വത്തിൽ ഇന്നലെ മുതൽ സംസ്ഥാനത്തിന് വിവിധ ഭാഗങ്ങളിൽ നിന്നെത്തിച്ചേർന്നവർക്ക് താമസം വരെ ഒരുക്കിയിരുന്നു. ഈ റിപ്പോർട്ട് കുറിക്കുമ്പോൾ വടപുരം മദ്രസയിൽ ഓൺലൈൻ കൂട്ടായ്മയുടെ നേതൃത്വത്തിൽ മഹാനായ ആ മനുഷ്യസ്നേഹിക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്ന യോഗവും നടക്കുകയാണ്.
ഏറെ വൈകാതെ മറുനാടൻ മലയാളിക്ക് വേണ്ടി ഇവിടെ രണ്ട് വാക്ക് പറയേണ്ടതുണ്ട്. ഫേസ്ബുക്കിന്റെ നാലതിരുകൾക്കുള്ളിൽ കുടുങ്ങി നിന്നു മനുഷ്യത്വത്തിന്റെ മാതൃക പരതിയ ഷാനവാസിനെ പിന്തുണയ്ക്കാൻ ആദ്യം ഓടെയെത്തിയത് ഞങ്ങൾ ആയിരുന്നു. ഓരോ തവണയും പാവങ്ങളെക്കുറിച്ചുള്ള ആകുലതകളാൽ കലുഷിതമായ മനസ്സുമായി വിളിച്ചിരുന്ന ഷാനവാസിന്റെ പതറാത്ത ശബ്ദമാണ് മനസ്സിൽ. മരണത്തിലേക്ക് നടന്നു പോയ ദിവസം രാവിലെ സംസാരിച്ചപ്പോൾ ഷാനവാസും ക്ഷീണിതനായിരുന്നു എന്നു തോന്നിയിരുന്നു. രാത്രിയിൽ വിളിക്കാം എന്നു പറഞ്ഞ് വച്ചെങ്കിലും അന്ന് ഫോൺ എടുത്തില്ല.
ഒരുപക്ഷേ, അതിന് മുമ്പേ സ്വർഗ്ഗത്തിലെ മാലാഖമാർക്കൊപ്പം ഷാനവാസ് കൂട് കൂട്ടി ഭൂമിയോട് വിട പറഞ്ഞിരിക്കാം. ആദ്യം അഭിമുഖം എടുക്കാൻ പോയ ദിനം മുതൽ എത്രയോ തവണ കണ്ട് മുട്ടിയിരിക്കുന്നു. ഒരിക്കൽ വീട്ടിൽ എത്തണം എന്ന സ്നേഹപൂർവ്വമായ ആ ക്ഷണത്തിന് ഉത്തരം നൽകിയത് ആ മയ്യത്ത് കാണാൻ എത്തിയാണല്ലോ ദൈവമേ...സ്നേഹത്തിന്റെ അടയാളമായി ആയിരം ദീപം പോലെ ഈ ആത്മാവ് തെളിഞ്ഞ് കത്തട്ടെ.